യുകെ: ലീഡ്സില്‍ ഫെബ്രുവരി 22 നു ബസു കാത്തു നില്ക്കവേ മലയാളി വിദ്യാര്‍ത്ഥി കാർ പാഞ്ഞു കയറി സംഭവ സ്ഥലത്തു മരണപ്പെട്ടു. രണ്ടു പേര് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ തുടരുന്നു.
കഴിഞ്ഞ മാസം ആരംഭിച്ച പ്രോജക്ട് മാനേജ്മെന്റ് കോഴ്സിലെ വിദ്യാര്‍ത്ഥിനി ആയ ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിനിയായ ആതിര (25) യുകെയില്‍ മരണപ്പെട്ടത്. രാവിലെ കോളേജില്‍ പോകാന്‍ ഇറങ്ങിയ ആതിര ബസ് സ്റ്റോപ്പില്‍ എത്തി അധികം കഴിയും മുന്നേ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു കയറി അപകടത്തില്‍ പെടുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാരില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കാര്‍ ഓടിച്ച യുവതി അറസ്റ്റില്‍ ആയി. എയര്‍ ആംബുലന്‍സില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആതിര സംഭവ സ്ഥലത്തു മരിച്ചതായി ദൃക്സാക്ഷികള്‍ അറിയിച്ചു.
ആതിരയോടൊപ്പം മറ്റു രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നതെങ്കിലും പിന്നീട് അത് ബസ് സ്റ്റോപ്പില്‍ കാത്തു നിന്നിരുന്ന യാത്രക്കാര്‍ ആയിരുന്നു എന്ന സ്ഥിരീകരണം എത്തിയിട്ടുണ്ട്. ആതിര മറ്റു മലയാളി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റൂം ഷെയര്‍ ചെയ്താണ് താമസിച്ചിരുന്നത്. ഒമാനില്‍ ജോലി ചെയ്യുന്ന രാഹുല്‍ ശേഖറിന്റെ പത്നിയാണ് ആതിര. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുമുണ്ട്. കുട്ടിയെ മാതാപിതാക്കളെ ഏല്പിച്ചാണ് ആതിര പഠനത്തിനായി യുകെയില്‍ എത്തിയത്.
ലീഡ്സില്‍ തന്നെ താമസിക്കുന്ന ആതിരയുടെ ഉറ്റബന്ധു ആയ യുവാവ് സംഭവത്തെ തുടര്‍ന്ന് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. വാഹനാപകടം ആയതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.അതിനിടെ മലയാളി വിദ്യാര്‍ത്ഥിനി അപകടത്തില്‍ മരിച്ചെന്ന വിവരം അറിഞ്ഞു ലണ്ടനില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും തുടർനടപടികൾ അതിവേഗം ഉണ്ടാകും എന്ന് ഉറപ്പ് നൽകി ഉദ്യോഗസ്ഥര്‍.
വേഗ നിയന്ത്രണം ഇല്ലാത്തതിനാല്‍ കാറുകള്‍ ഈ റോഡിൽ പായുന്നത് പതിവ് കാഴ്ച്ച ആണെന്ന് പ്രദേശ വാസികള്‍ പറയുന്നു. ചെറുപ്പക്കാര്‍ അപകടകരമായ വിധത്തില്‍ കാറും ബൈക്കും ഒക്കെ ഇവിടെ ഓടിക്കുന്നത് പതിവാണെന്നും അപകടം നടന്ന റോഡിന് എതിര്‍വശം താമസിക്കുന്നവര്‍ പറയുന്നു. ഫോര്‍മുല വണ്‍ കാര്‍ ട്രാക്കില്‍ പായുന്ന വേഗത്തിലാണ് പലരും ഇവിടെ മുന്‍പിന്‍ നോക്കാതെ ഡ്രൈവ് ചെയ്യുന്നതെന്നും രോഷാകുലരായ നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു. ഇവിടെ സ്പീഡ് കാമറകള്‍ സ്ഥാപിക്കണം എന്ന ആവശ്യവും ഏറെ പഴക്കമുള്ളതാണ്. ആതിരയ്ക്ക് സംഭവിച്ചത് പോലെ സമാനമായ തരത്തില്‍ മറ്റു രണ്ടു അപകടങ്ങള്‍ കൂടി ഈ പ്രദേശത്തു ഉണ്ടായിട്ടുണ്ടെന്ന് ഇന്നലെ പ്രദേശവാസികളെ ഉദ്ധരിച്ചു വിവിധ പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.