തിരു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ളജനകീയ പ്രതിരോധ ജാഥ ഇന്ന് കാസര്‍ഗോഡ് നിന്നാരംഭിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന ജാഥ മാര്‍ച്ച് 18നു തിരുവനന്തപുരത്തു സമാപിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ ഇന്ന് വൈകുന്നേരം 4ന് എം.വി. ഗോവിന്ദന് പതാക കൈമാറി മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണ പരിപാടിയെന്ന നിലയ്ക്കാണ് സിപിഎം ജാഥ സംഘടിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു തയാറെടുപ്പിനു തുടക്കം കുറിച്ചു നടന്ന ഗൃഹസന്ദര്‍ശന പരിപാടിക്കു ശേഷമാണു ജാഥ നടത്തുന്നത്. വർത്തമാനകാല സ്ഥിതികള്‍ ചർച്ച ചെയ്തും ജനങ്ങളുമായി സംവദിച്ചുമാണ് ഗോവിന്ദന്‍ നയിക്കുന്ന ആദ്യ സംസ്ഥാനതല പ്രചാരണ ജാഥ മുന്നോട്ട് പോവുക. കാസർഗോഡ് ജില്ലയിൽ ചെർക്കള, കുണ്ടംകുഴി, കാഞ്ഞങ്ങാട്, കലിക്കടവ് എന്നിവടങ്ങളില്‍ സ്വീകരണമുണ്ടാകും. തുടർന്ന് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളും വർഗ്ഗീയതയുടെ ഭീഷണികളും യാത്രയിൽ വിശദീകരിക്കും. കേന്ദ്ര അവഗണനയും തുറന്നുകാട്ടും. ഒരോ കേന്ദ്രങ്ങളിലും പരമാവധി പ്രവര്‍ത്തകരെ അണിനിരത്താനാണ് പാര്‍ട്ടി തീരുമാനം. ജില്ലാ കേന്ദ്രങ്ങളില്‍ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ഉണ്ടാകും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് ജാഥാ മാനേജര്‍. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, സംസ്ഥാന കമ്മിറ്റിയംഗം ജെയ്ക് സി. തോമസ്, കെ.ടി. ജലീല്‍ എംഎല്‍എ എന്നിവരാണ് സ്ഥിരാംഗങ്ങൾ.
സമാപന സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.