ഡൽഹി: 2021-22 വർഷത്തേക്കുള്ള എക്‌സൈസ് നയം രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അറസ്റ്റ് ചെയ്തു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനിനൊടുവിലാണ് സിബിഐ സംഘം സിസോദിയയുടെ അറസ്റ്റു രേഖപ്പെടുത്തിയത്.
ഈ മാസം 19 നായിരുന്നു സിസോദിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നിർദേശിച്ചിരുന്നത്. ധനമന്ത്രി കൂടിയായതിനാൽ ബജറ്റ് അവതരണത്തിനായി സിസോദിയ ഒരാഴ്ചത്തെ സമയം തേടിയിരുന്നു. ഇതേ തുടർന്നാണ് സിബിഐ സമയം നീട്ടി നൽകി 26 ന് ഹാജരാകാൻ നിർദേശം നൽകിയത്. കഴിഞ്ഞവർഷം ഒക്ടോബറിലും സിബിഐ സിസോദിയയെ ചോദ്യം ചെയ്തിരുന്നു.
അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി (എഎപി) രംഗത്തെത്തി. സിസോദിയയുടെ അറസ്റ്റിനെ ജനാധിപത്യത്തിലെ കറുത്തദിനമെന്ന് എഎപി വിശേഷിപ്പിച്ചു. പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഞായറാഴ്ച അറസ്റ്റ് ചെയ്തതിൽ എഎപി എംപി സഞ്ജയ് സിംഗ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു, ഇത് സ്വേച്ഛാധിപത്യത്തിന്റെ പരകോടിയാണെന്ന് പ്രസ്താവിച്ചു. ഈ പ്രവൃത്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ദൈവം പൊറുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
2020 നവംബർ 17 ന് എഎപി സർക്കാർ കൊണ്ടുവന്ന 2021-2022 ലെ ഡൽഹി മദ്യനയം 2022 ജൂലൈ 31 ന് റദ്ദാക്കിയതോടെയാണ് മുതിർന്ന പാർട്ടി നേതാക്കളും അനുയായികളുമടക്കം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ എന്നീ കേന്ദ്ര ഏജൻസികളുടെ സംശയനിഴലിലായത്. പുതുക്കിയ മദ്യനയം പിൻവലിച്ച എഎപി സർക്കാർ 2020 നവംബർ 17 ന് മുമ്പുണ്ടായിരുന്ന മദ്യനയം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എഎപി നടപടിയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം ഉയർന്നതോടെ ഡൽഹി ലഫ്. ഗവർണർ വി കെ സക്സേന ആണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നത്.
അതേസമയം സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡൽഹിയിലെ സിബിഐ ആസ്ഥാനത്തിൻ്റെ സുരക്ഷ വർധിപ്പിച്ചു. ചോദ്യം ചെയ്യൽ ആരംഭിച്ചതിനു പിന്നാലെ സിബിഐ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് എഎപിയുടെ നേതാക്കളും പ്രവർത്തകരും ഉൾപ്പെടുന്ന 50 ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.