തിരു.: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സുകളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. 108 ആംബുലന്‍സുകളെ പുനഃക്രമീകരിച്ച് സേവനം മെച്ചപ്പെടുത്താനാണ് തീരുമാനം.
ആശുപത്രികളില്‍ നിന്ന് രോഗികളെ 108 ആംബുലന്‍സുകളില്‍ മാറ്റുന്നതിനായുള്ള റഫറന്‍സ് പ്രോട്ടോക്കോള്‍ തയ്യാറാക്കും. ട്രോമ കെയര്‍, റോഡപകടങ്ങള്‍, വീടുകളിലെ അപകടങ്ങള്‍, അത്യാസന്ന രോഗികള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.
ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടു പോകുന്നതിന് ആരോഗ്യ വകുപ്പിന്റെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും ആംബുലന്‍സുകള്‍ പരമാവധി ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്കി. ഈ ആംബുലന്‍സുകള്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ 108 ആംബുലന്‍സിന്റെ സേവനം തേടാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തിര സേവനങ്ങള്‍ക്ക് 108 ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കാനാണ് ഇത്തരമൊരു നിര്‍ദ്ദേശം.
അപകടങ്ങള്‍ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്പോട്ടുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ കണ്ടെത്തി ആവശ്യമായ സ്ഥലങ്ങള്‍ക്ക് സമീപം 108 ആംബുലന്‍സ് സേവനം പുനഃക്രമീകരിക്കും. പുതിയ റോഡുകളും വാഹനപ്പെരുപ്പവും കാരണം അപകട സ്ഥലങ്ങള്‍ക്ക് മാറ്റം വന്നതിനാലാണ് പുനഃക്രമീകരിക്കുന്നത്. മികച്ച സേവനം ലഭ്യമാക്കുന്നതിന് പുതിയ ആപ്പ് വികസിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആംബുലന്‍സുകളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക യോഗം ചേര്‍ന്നു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎംഎസ്സിഎല് മാനേജിങ് ഡയറക്ടര്‍, കെഎംഎസ്സിഎല് ജനറല്‍ മാനേജര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.