ശ്രീനഗർ: ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഇരട്ട സ്‌ഫോടനം. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് ജമ്മുവിലെ നർവാൾ മേഖലയിൽ ഭീകരർ ആക്രമണം നടത്തിയത്. ശക്‌തമായ ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
സ്‌ഫോടനത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി എഡിജിപി മുകേഷ് സിങ് പറഞ്ഞു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. സംഭവം ഭീകരാക്രമണം ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
സ്‌ഫോടനത്തെ തുടർന്ന് പ്രദേശം അടച്ചു. വാഹനഗതാഗതം നിർത്തിവെച്ചു. സൈന്യവും പോലീസും സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുകയാണ്. ഫോറൻസിക് സംഘവും സ്‌ഥലത്തുണ്ട്. നർവാൾ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
റിപ്പബ്ളിക് ദിനത്തിന് മുൻപ് ആക്രമണ സാധ്യത ഉണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്‌മീരിൽ പുരോഗമിക്കുന്നതിനിടെയാണ് ഇരട്ട സ്‌ഫോടനം നടന്നത്. ഇതിന്റെ പശ്‌ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം.
കേന്ദ്രസുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പുകൾക്കിടെയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിൽ ആരംഭിച്ചത്. ജമ്മു കശ്‌മീരിലെ ചില ഭാഗങ്ങളിൽ കാൽനട യാത്ര നടത്തരുതെന്നും കാറിൽ സഞ്ചരിക്കണം എന്നുമായിരുന്നു കേന്ദ്രസുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. എന്നാൽ, യാത്ര കാൽനടയായി തന്നെ തുടരുമെന്ന് കോൺഗ്രസ് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുകശ്‌മീരിലെ പൂഞ്ച് ജില്ലയിൽ മുൻ നിയമസഭാംഗത്തിന്റെ വീട്ടിലും സ്‌ഫോടനം നടന്നിരുന്നു. വെള്ളിയാഴ്‌ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നതെന്നും, തലനാരിഴയ്‌ക്കാണ് കുടുംബം രക്ഷപ്പെട്ടതെന്നും മുൻ സുരൻകോട്ട് എംഎൽഎയും പ്രമുഖ ഗുജ്‌ജ്‌ർ നേതാവുമായ ചൗധരി മുഹമ്മദ് അക്രം പറഞ്ഞു. സംഭവ സ്‌ഥലത്ത് നിന്ന് 12 ബോർ തോക്കിലെ തിരകളും കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്‌ഥർ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.