കോഴിക്കോട്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോഴിക്കോട് കോടഞ്ചേരി സ്വദേശിയുമായ ഫ്രാന്‍സിസ് തടത്തില്‍ ( 52) അന്തരിച്ചു.
ദീപിക ദിനപത്രത്തിലാണ് ഫ്രാന്‍സിസ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് മംഗളം ദിനപത്രത്തില്‍ കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചു. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അവിടുത്തെ പ്രമുഖ മലയാളി ചാനലായ എംസിഎന്‍ ചാനലില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഓണ്‍ലൈന്‍ മാധ്യമമായ കേരള ടൈംസിന്റെ ചീഫ് എഡിറ്ററുമാണ്.
മുത്തങ്ങ വെടിവയ്പ്പിനെക്കുറിച്ച് ഫ്രാന്‍സിസ് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. മാറാട് കലാപത്തെക്കുറിച്ച് ഫ്രാന്‍സിസ് തയാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് മാറാട് കമ്മീഷന്റെ ഫൈനല്‍ റിപ്പോര്‍ട്ടിലെ ശ്രദ്ധേയ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ അദ്ദേഹത്തിന് മികച്ച മാധ്യമപ്രവര്‍ത്തകനുള്ള ഫൊക്കാനയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ന്യൂജേഴ്സിയിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നത്. സംസ്കാരം പിന്നീട്.
രക്താര്‍ബുദം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു.
27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലായിരുന്നു താമസം.
കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ് ഫ്രാന്‍സിസ്.
ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നഴ്സ് പ്രാക്ടീഷണര്‍).
മക്കള്‍: ഐറീന് എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.
സഹോദരങ്ങള്‍: വിക്ടോറിയ തടത്തില്‍ (എറണാകുളം), ലീന തടത്തില്‍ (കോഴിക്കോട്), വില്യം തടത്തില്‍ (യുകെ), ഹാരിസ് തടത്തില്‍ (ബെംഗളുരു), മരിയ തടത്തില്‍ (തൊടുപുഴ), സിസ്റ്റര്‍ കൊച്ചുറാണി (ടെസി- ജാര്‍ഖണ്ഡ്), അഡ്വ. ജോബി തടത്തില്‍ (കോഴിക്കോട്), റോമി തടത്തില്‍ (കോടഞ്ചേരി), റെമ്മി തടത്തില്‍ (ഏറ്റുമാന്നൂര്‍), മഞ്ജു ആഗ്നസ് തടത്തില്‍ (യുഎസ്).
Wake & Funeral details:
Wake :
Friday 5 pm to 9 pm.
St George Syro Malabar Church
408 Getty Ave
Paterson, NJ
07503
Funeral Service :
Saturday 8.30 Am to 10.30 am
St Thomas Syro Malabar Church
408 Getty Ave
Paterson, NJ
After church service Final resting at :
Gate of Heaven Cemetery
225 Ridgedale Ave
East Hanover
NJ, 07936
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.