നിത്യോപയോഗ സാധങ്ങൾക്ക് വില ന്യൂസിലൻഡിൽ വർദ്ധിച്ചു; വില 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ന്യൂസിലൻഡിൽ കഴിഞ്ഞ ആറ് മാസം കൊണ്ട് നിത്യോപയോഗ സാധങ്ങൾക്ക് വില വർദ്ധിച്ചത് ഉയർന്ന തോതിലാണ്. ഓരോ ഉൽപ്പനങ്ങൾക്കും ചുരുങ്ങിയത് 50 സെൻറ് വീതം വില വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് പറയാം. കഴിഞ്ഞ ഒരു മാസക്കാലമായി ഇന്ധന വിലയിലും വളരെ വേഗം വർദ്ധനവ് പ്രത്യക്ഷപ്പെട്ടു. ഒരു ലിറ്റർ പെട്രോളിന് 2 ഡോളർ എന്ന കണക്ക് ഇപ്പോൾ മൂന്ന് ഡോളറിനു മുകളിൽ എത്തി നിൽക്കുന്നു. ഓരോ പ്രദേശം അനുസരിച്ചു വലിയ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർമാർക്കറ്റുകൾ ഓരോ ദിവസവും സ്പെഷ്യൽ വിലയിൽ ഇടുന്ന ഉത്പന്നങ്ങൾക്കും ഇപ്പോൾ ആവശ്യക്കാർ കൂടിയിരിക്കുകയാണ്.


ഉദാഹരണം പറയുകയാണെങ്കിൽ "കൗണ്ട്ഡൌൺ" എന്ന സൂപ്പർമാർക്കറ്റിൽ വർഷങ്ങളായി ഒരു ഡോളറിനു കിട്ടിയിരുന്ന "Smart Value Facial Tissue" ഇപ്പോൾ ഒന്നര ഡോളറായി മാറി. ഇത് പോലെ തന്നെയാണ് മറ്റുൽപ്പനങ്ങളും.

പച്ചക്കറികളുടെ വിലക്കയറ്റവും പുറകിലല്ല. ഒരു ഡോളറിനു താഴെ വിലയിൽ വരെ കിട്ടിയിരുന്ന "ബ്രൊക്കളി" ഇപ്പോൾ രണ്ടു ഡോളറിനു മുകളിൽ വില എത്തി നിൽക്കുന്നു. കഴിഞ്ഞ വർഷം സീസൺ സമയത്ത് "തക്കാളി" ഒരു ഡോളറിൽ താഴെ വിലയ്ക്ക് വരെ കിലോയ്ക്ക് ലഭിച്ചിരുന്നു. ഈ വർഷം സൂപ്പർമാർക്കറ്റുകളിൽ അത്തരം ഓഫറുകൾ അധികമായി ഉണ്ടായിട്ടേയില്ല. മഞ്ഞുകാലമാകുമ്പോൾ തക്കാളിയുടെ വില ഈ നിലയിൽ ഒരു കിലോയ്ക്ക് $20+ എങ്കിലും ആകുവാനാണ് സാധ്യത. സൂപ്പർമാർക്കറ്റുകൾ ആഴ്ചതോറും പുതിയ ഓഫറുകൾ നൽകുന്നുണ്ടെങ്കിലും വിലയിൽ ഒരു വലിയ കുറവ് അനുഭവപ്പെടാത്തത് ഉപഭോക്താക്കളുടെ അക്കൗണ്ട് കാലിയാക്കുകയാണ്. സ്ഥിരമായി ഉപയോഗിച്ചിരുന്ന പല ഉത്പന്നങ്ങളും വേണ്ടെന്നു വയ്‌ക്കേണ്ട അവസ്ഥയാണ് ഓരോ തവണയും സൂപ്പർമാർക്കറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വില കാണുമ്പോൾ. ഫ്രോസൺ പച്ചക്കറികൾ വാങ്ങുന്നത് ഇപ്പോൾ കുറച്ചെങ്കിലും ലാഭകരമാണ്. കുറച്ചു നാൾ വരെ പത്തു ഡോളറിനു കിട്ടിയിരുന്ന കോഴി ഇപ്പോൾ ആ വിലയ്ക്ക് ലഭിക്കണമെങ്കിൽ സ്പെഷ്യൽ ഓഫർ വരണം. അല്ലെങ്കിൽ തൂക്കം കുറയ്ക്കണം. ബീഫ്, മീൻ തുടങ്ങിയവയുടെ വില റോക്കറ്റ് കണക്കെ കുതിക്കുകയാണ്.
ജോലി ചെയ്യുന്ന ശമ്പളത്തിന്റെ നല്ലൊരു ശതമാനം വീടിന്റെ വാടക/തിരിച്ചടവ് എന്നിവയ്ക്ക് കൊടുക്കേണ്ടി വരും. ഇത് കൂടാതെ ഇൻഷുറൻസ്, ടാക്സ്, കുട്ടികളുടെ പഠനച്ചിലവ്, ഹോസ്പിറ്റൽ ചിലവ് എല്ലാം കഴിഞ്ഞാൽ ഭക്ഷണത്തിനായി നല്ലൊരു തുക വീണ്ടും കണ്ടെത്തേണ്ട അവസ്ഥയാണ് ന്യൂസിലൻഡിലിപ്പോൾ. കുടുംബവുമായി പുതിയതായി ന്യൂസിലൻഡിൽ എത്തിയവർ ദിവസേനയുള്ള ചിലവുകളുടെ മുന്നിൽ പകച്ചു നിൽക്കുകയാണ്. ന്യൂസിലാൻഡ് തിരഞ്ഞെടുത്തത് തന്നെ അബദ്ധമായി പോയി എന്നാണ് ഈയിടെ കുടുംബവുമായി ഗൾഫിൽ നിന്ന് ന്യൂസിലാൻഡിലേക്ക് കുടിയേറിയ ഒരാൾ പറഞ്ഞത്. ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. ഓരോ ദിവസവും "ഇന്നത്തെ കാലാവസ്ഥ എന്താണ്" എന്ന് നോക്കുന്നത് പോലെ "ഇന്നത്തെ ഭക്ഷ്യവസ്തുക്കളുടെ ഓഫറുകൾ എന്താണ്" എന്ന് നോക്കേണ്ട അവസ്ഥയാണ്.
ഇന്ത്യൻ ഗ്രോസറി കടകളിൽ വൻ തോതിലുള്ള വർദ്ധനവ് ഉണ്ടായിട്ടില്ല എന്ന് പറയാം. പല കടകളും തമ്മിൽ മത്സരം ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് വലിയ വില വർദ്ധനവ് ഇല്ലാതെ പല നിത്യോപയോഗ സാധങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ ചെറിയ പ്രദേശങ്ങളിലെ സ്ഥിതി അതല്ല. വലിയ നഗരങ്ങളിൽ കിട്ടുന്ന വിലയേക്കാളും ഇരട്ടി വിലയ്ക്കാണ് പല ഇന്ത്യൻ കടകളും ഒരേ ഉത്പന്നങ്ങൾ വിൽക്കുന്നത്. ഇത് മൂലം പല ഇന്ത്യൻ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി വാങ്ങുകയോ അല്ലെങ്കിൽ ദൂരെയുള്ള വലിയ നഗരങ്ങളിലേക്ക് നേരിട്ട് പോയി വാങ്ങുകയോ ചെയ്യുന്നതാണ് ലാഭകരം എന്ന അവസ്ഥയുണ്ട്. ഇതിനുള്ള മറ്റൊരു കാരണം എന്തെന്നാൽ, ഒരു മെച്ചപ്പെട്ട സർവീസ് മിക്കവരും നൽകാത്തത് മൂലവും, ഓൺലൈൻ വഴി ഓർഡർ ചെയ്താൽ നേരിട്ട് പോയി വാങ്ങുന്നതിനേക്കാളും ഒരു ഡോളറെങ്കിലും ഓരോ ഉൽപ്പന്നത്തിനും കൂട്ടി വാങ്ങി "കൊറിയർ ചാർജ് സൗജന്യം" എന്ന് പറയുന്ന പരിപാടി ഇന്ത്യൻ കടകൾ നടത്തുന്നത് മൂലവുമാണ്. ഇത് പലപ്പോഴും ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ന്യൂസിലൻഡിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ നല്ലൊരു ശതമാനം ചൈനയിലേക്കാണ് കയറ്റി പോകുന്നത് കൂടാതെ മറ്റുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കും, പസഫിക് ഐലൻഡുകളിലേക്കും കയറ്റുമതി ചെയ്യുന്നു. കയറ്റുമതി വ്യാപാരം ലാഭകരമാകുമ്പോൾ രാജ്യത്തുള്ള ഉപഭോക്താക്കളാണ് വില വർദ്ധനവ് നേരിടുന്നത്. പല ഘടകങ്ങളും ഇതിൽ ബാധകമാണ്. ബീഫിന്റെ കാര്യമെടുത്താൽ ന്യൂസിലൻഡിൽ ഉൽപ്പാദിപ്പിക്കുന്ന ബീഫിന്റെ 13 ശതമാനവും മാത്രമേ ന്യൂസിലൻഡിൽ ലഭ്യമാകുന്നുള്ളൂ. ബാക്കിയെല്ലാം കയറ്റുമതിയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റവും വിലക്കയറ്റത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് ഹോർട്ടികൾച്ചർ വ്യക്താവ് പറയുന്നത്. ഒരു വർഷത്തിനുള്ളിൽ ശരാശരി കുടുംബത്തിന് ജീവിതച്ചെലവിൽ 5.2% വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ. ഇതിനിടയിൽ സൂപ്പർമാർക്കറ്റുകൾ ലാഭകരമാണ് എന്നാണ് കൊമേഴ്‌സ് കമ്മീഷന്റെ കണ്ടെത്തൽ. ന്യൂസിലൻഡിലെ ദൈനംദിന ചിലവുകൾ ഈ സ്ഥിതിയിൽ പോകുകയാണെങ്കിൽ മക്കൾക്കും കുടുംബത്തിനും പ്രാധാന്യം നൽകി ജീവിതച്ചിലവ് ചുരുക്കി ജീവിക്കാൻ ശ്രമിക്കുന്നവർ വരെ, അവരെ മറന്ന് കിട്ടുന്ന സമയം മുഴുവനും ജോലികൾക്കായി പോകേണ്ട അവസ്ഥയാണ്. ഇതിനൊരു മാറ്റമുണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !