യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘർഷസാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊർജിതമായി.
യുക്രെയ്നിൻ അതിർത്തിയിലെ റഷ്യൻ സേനാ സന്നാഹങ്ങൾ പിൻവലിക്കണമെന്നാണു പാശ്ചാത്യശക്തികളുടെ ആവശ്യം. എന്നാൽ, കിഴക്കൻ യൂറോപ്പിലെ നാറ്റോ–യുഎസ് സേനാത്താവളങ്ങൾ ഒഴിവാക്കണമെന്നും യുക്രെയ്നിനെ നാറ്റോ സഖ്യത്തിൽ ചേർക്കരുതെന്നുമാണു റഷ്യയുടെ ആവശ്യം.
ബുധനാഴ്ചയ്ക്കകം റഷ്യ യുക്രെയ്ൻ ആക്രമിച്ചേക്കുമെന്ന യുഎസ് മുന്നറിയിപ്പിനു പിന്നാലെ, വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ഉടൻ യുക്രെയ്ൻ വിടാൻ മുന്നറിയിപ്പ് നൽകി. റഷ്യ ഏതു സമയവും ആക്രമിച്ചേക്കുമെന്ന് യുഎസ് അറിയിച്ചു.റഷ്യ ആദ്യം വ്യോമാക്രമണമാണു നടത്തുകയെന്നാണ് യുഎസ് അനുമാനം. അതിനാൽ ആക്രമണം ആരംഭിച്ചശേഷം ഒഴിപ്പിക്കൽ സാധ്യമല്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. യുഎസിനു പിന്നാലെ അയർലണ്ട്, യുകെ, ജർമനി, നെതർലൻഡ്സ്, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് 48 മണിക്കൂറിനകം യുക്രെയ്ൻ വിടാൻ ആവശ്യപ്പെട്ടു.
റഷ്യയുടെ സഖ്യകക്ഷിയായ ചൈനയുടെ അതൃപ്തി ഒഴിവാക്കാൻ 20നു ബെയ്ജിങ് ശീതകാല ഒളിംപിക്സ് തീരും വരെ പുടിൻ കാത്തിരിക്കുമെന്നാണ് യുഎസ് ഇന്റലിജൻസ് വിചാരിച്ചത്. എന്നാൽ, യുക്രെയ്ൻ അതിർത്തിയിലേക്കു കഴിഞ്ഞദിവസം കൂടുതൽ റഷ്യൻ സേന നീങ്ങിയതോടെയാണ് ഒളിംപിക്സ് തീരും വരെ പുടിൻ കാത്തിരിക്കില്ലെന്നും ബുധനാഴ്ചയ്ക്കകം വ്യോമാക്രമണം ആരംഭിച്ചേക്കുമെന്നും യുഎസ് ഏജൻസികൾ കണക്കുകൂട്ടുന്നത്.
ഇതെല്ലാം അമേരിക്കയുടെ തന്ത്രമെന്ന് റഷ്യ അറിയിക്കുന്നു.എന്നാൽ, ആക്രമണ പദ്ധതി ഇല്ലെന്നാണു റഷ്യ ആവർത്തിക്കുന്നത്. ആഴ്ചകളായി ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികരാണ് യുദ്ധസജ്ജരായി യുക്രെയ്ൻ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുള്ളത്. യുക്രെയ്നു തെക്ക് ബെലാറൂസ് അതിർത്തിയിൽ കഴിഞ്ഞ 10 ദിവസമായി റഷ്യൻ പട്ടാളം സൈനികാഭ്യാസം നടത്തിവരികയാണ്. യുക്രെയ്നിൽ നിന്ന് റഷ്യ 8 വർഷം മുൻപ് പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപ് തീരത്തു റഷ്യയുടെ 6 യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും അഭ്യാസം തുടങ്ങി.
ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ എന്നിവർ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും ഫോൺ സംഭാഷണം നടത്തി.
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.