യുഎസില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. നിരണം ഇടപ്പള്ളിപ്പറമ്പ് സ്വദേശിയാണ്.
വീട്ടിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അപ്പാര്‍ട്ട്മെന്റിലേക്ക് വെടിയുണ്ട തുളച്ചുകയറി.
മുകൾ നിലയിലെ താമസക്കാരുടെ കയ്യിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണ് പ്രാഥമിക വിവരം. കുട്ടികൾ തോക്കെടുത്തു കളിച്ചപ്പോൾ വെടിപൊട്ടിയതാണെന്നാണ് പൊലീസ് നൽകുന്ന സൂചന. മുകൾ നിലയിൽ താമസിക്കുന്ന യുഎസ് സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി ഉറങ്ങാൻ കിടന്ന മറിയം ഉറക്കമുണർന്ന് വരാത്തതിനെ തുടർന്ന് പിതാവ് അന്വേഷിച്ചെത്തിപ്പോഴാണ് പുതപ്പിനടിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെ കണ്ടത്. മുറിയിലും കിടക്കയിലും രക്തപ്പാടുകൾ ഉണ്ടായിരുന്നു. പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.
തിരുവല്ല ബഥനി അരമനയ്ക്കു സമീപം നിർമിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾക്കു ശേഷം 2 മാസം മുൻപാണ് മറിയവും പിതാവ് ബോബനും യുഎസിൽ എത്തിയത്. മാതാവ് ബിൻസിയും മറിയത്തിന്റെ സഹോദരന്മാരും കഴിഞ്ഞ വർഷം എത്തിയിരുന്നു. വർഷങ്ങളായി മസ്ക്കത്തിലായിരുന്നു ബോബനു കുടുംബവും. യുഎസിൽ തുടർ പഠനത്തിന് ഒരുങ്ങവെയാണ് മറിയത്തിന്റെ മരണം.
മൃതദേഹം കേരളത്തിലെത്തിക്കും. സഹോദരങ്ങൾ: ബിമൽ, ബേസിൽ. ഈ മാസം ഇത് രണ്ടാമത്തെ മലയാളിയാണ് യുഎസിൽ വെടിയേറ്റു മരിക്കുന്നത്. 18ന് പത്തനംതിട്ട ചെറുകോൽ ചരുവേൽ സാജൻ മാത്യു മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.