ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വരും, ധൈര്യത്തോടെ മുന്നേറിയാല്‍ അവയെല്ലാം നിങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുമെന്നു തെളിയിക്കുന്നതാണു കനിക ട്രെക്കിവാളിന്റെ ജീവിതം. ഒന്‍പത് വര്‍ഷം മുമ്പ് ക്യാന്‍സറിനെ അതിജീവിച്ച 23 വയസുകാരിയായ കനിക ഒരു വിമാനം പോലും ഇല്ലാതെ ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിലേക്ക് ചുവടുവച്ച സംരംഭകയാണ്. ഓല, യൂബര്‍ മാതൃകയില്‍ ഒരു ചാര്‍ട്ടര്‍ എയര്‍ക്രാഫ്റ്റ് ബിസിനസ് ആരംഭിക്കുയായിരുന്നു അവളുടെ പദ്ധതി.
ജെറ്റ്സെറ്റ്ഗോയുടെ തുടക്കം
മികച്ചൊരു ആശയം കൈയിലുണ്ടായിരുന്നു. കുടുംബ സ്വത്ത് ഉണ്ടായിരിന്നിട്ടും ചെറിയ രീതിയില്‍ തുടങ്ങാനായിരുന്നു തീരുമാനം. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ 5600 രൂപയായിരുന്നു ആദ്യ നിക്ഷേപം. ക്യാന്‍സറിനെ അതിജീവിച്ച അവര്‍ പിന്നെയും തളരാന്‍ തയാറല്ലായിരുന്നു. 5,600 രൂപ നിക്ഷേപിച്ച് കനിക ഒരു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്യാനുള്ള ആപ്പ് നിര്‍മ്മിച്ചു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ തന്റെ ഉപയോക്താക്കളില്‍ നിന്നു ബിസിനസ് നടത്താനുള്ള തുക കനിക അഡ്വാന്‍സായും വായ്പയായും വാങ്ങി.
പ്രൈവറ്റ് ജെറ്റുകള്‍ വാങ്ങാന്‍ താല്പര്യമുള്ളവര്ക്ക് അവര്‍ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്കി. 2014-ല്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഓക്സ്ഫോര്‍ഡ് മാനേജ്മെന്റ് ബിരുദധാരിയുമായ സുധീര്‍ പെര്‍ള കമ്പനിയില്‍ സഹസ്ഥാപകനായി ചേര്‍ന്നു. ഇന്ന്, ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 200 ഓളം ജീവനക്കാരും ഓഫീസുകളുമുള്ള 150 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി ജെറ്റ്സെറ്റ്ഗോ വളര്‍ന്നു കഴിഞ്ഞു. ഒരു വിമാനം പോലും ഇല്ലാതിരുന്ന കമ്പനി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത് എട്ട് വിമാനങ്ങളാണ്.
ഉയരങ്ങള്‍ കീഴടക്കുന്നു
2020-21 ല്‍ ഒരു ലക്ഷം യാത്രക്കാരാണ് ജെറ്റ്സെറ്റ്ഗോ വഴി ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. 6,000 വിമാന സർവീസുകൾ ഇവര്‍ പ്രവര്‍ത്തിപ്പിച്ചു. കോര്‍പ്പറേറ്റുകള്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരാണ് കമ്പനിയുടെ മുഖ്യ യാത്രക്കാര്‍. ആറ് സീറ്റര്‍ മുതല്‍ 18 സീറ്റര്‍ വിമാനം വരെയാണ് നിലവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡല്‍ഹി- മുംബൈ, മുംബൈ- ബംഗളൂരു, ഹൈദരാബാദ്- ഡല്‍ഹി എന്നീ റൂട്ടുകളിലാണ് പ്രധാന പറക്കലുകള്‍.
മൊത്തം സര്‍വീസുകളുടെ അഞ്ചു ശതമാനവും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണെന്ന സവിശേഷതയുണ്ട്. കോവിഡ് മറ്റു മേഖലകളെ ബാധിച്ചപ്പോള്‍ ജെറ്റ്സെറ്റ്ഗോ വളരുകയാണ്. കോവിഡ് കാലത്ത് ഒരു ജീവനക്കാരെ പോലും പിരിച്ചുവിടേണ്ടതായോ ശമ്പളം മുടങ്ങുകയോ ചെയ്തില്ലെന്നു കനിക വ്യക്തമാക്കി.ഇലക്ട്രിക്കല്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് എന്ന സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ജെറ്റ്സെറ്റ്ഗോ. ഇത്തരം വിമാനങ്ങള്‍ ലംബമായി പറന്നുയരാനും ലാന്‍ഡിങ്ങിനും കഴിവുള്ളവയാണ്. സമീപഭാവിയില്‍ കമ്പനി, നഗര ചലനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുമെന്നാണു പ്രവചനം. നിലവില്‍ പൈലറ്റുമാരും ജീവനക്കാരും ഉള്‍പ്പെടെ 200 ഓളം പേര്‍ക്ക് ജെറ്റ്സെറ്റ്ഗോ ജോലി നല്‍കുന്നുണ്ട്.
വിലകുറഞ്ഞ വിമാനയാത്രകള്‍ നടപ്പിലാക്കുന്നതിലും കമ്പനി മുന്നിലുണ്ട്. അടുത്തിടെ കമ്പനി മുംബൈയില്‍ ഇത്തരമൊരു സേവനം ആരംഭിച്ചു. ദൂരമനുസരിച്ച് 1000 മുതല്‍ 2500 രൂപ വരെ വിലയുള്ള ഒരു യൂബര്‍ യാത്ര പോലെ വിലകുറഞ്ഞതായിരിക്കും ഈ സേവനമെന്നു കനിക വ്യക്തമാക്കി. സേവനത്തിനായി ഹെലികോപ്റ്ററാണ് കമ്പനി ഉപയോഗിക്കുന്നത്.
2009 ജനുവരിയില്‍ യു.കെയിലെ കവെന്‍ട്രി യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമിനു ചേര്‍ന്ന കനിക പഠനത്തോടൊപ്പം എയ്റോസ്പേസ് റിസോഴ്സസില്‍ ജോലി കണ്ടെത്തി. ഇവിടെ വച്ചാണ് ജെറ്റ്സെറ്റ്ഗോ എന്ന ആശയം ജനിച്ചത്. കനിക ക്യന്‍സര്‍ ബാധിതയാണെന്നു കണ്ടെത്തുന്നതും ഇവിടെവച്ചു തന്നെ. അന്ന് അവര്‍ക്ക് 23 വയസായിരുന്നു. അങ്ങനെ തിരിച്ചു നാട്ടിലെത്തി. ക്യാന്‍സറിനെ പൊരുതി ജയിച്ച ശേഷമാണു ജെറ്റ്സെറ്റ്ഗോ ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.