കോട്ടയം: രാഷ്ട്രീയത്തിനപ്പുറം സോണിയ ഗാന്ധിയുമായുള്ള ആത്മബന്ധത്തിന്റെയും അവരുടെ കരുതലിന്റെയും ഹൃദയസ്പർശിയായ ഓർമ്മ പങ്കുവെച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
തനിക്ക് കാൻസർ ആണെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഘട്ടത്തില്‍, സോണിയ ഗാന്ധി നടത്തിയ നിർണായക ഇടപെടലാണ് തനിക്ക് രക്ഷയായതെന്നും രോഗമില്ലെന്ന് തിരിച്ചറിയാൻ സഹായിച്ചതെന്നും അദ്ദേഹം ഒരു മാധ്യമത്തിനോടു വെളിപ്പെടുത്തി.നാട്ടില്‍ ചികിത്സിക്കാൻ തീരുമാനം
2014ല്‍ ശരീരഭാരം കുറയുന്ന രോഗം തനിക്കുണ്ടായി. എയിംസിലും ഡല്‍ഹിയിലെ തന്നെ മറ്റ് രണ്ട് ആശുപത്രികളിലും പരിശോധന നടത്തി. പരിശോധനാ ഫലം ചെന്നൈയിലെ ആശുപത്രിയിലേക്ക് അയച്ചു, കാൻസറാണെന്ന് നാല് ആശുപത്രികളും ഉറപ്പിച്ചു പറഞ്ഞു. മജ്ജ മാറ്റിവയ്ക്കല്‍ ആവശ്യമാണെന്ന് വിധിയെഴുതി. എയിംസില്‍ ചികിത്സയ്ക്ക് തീയതിയും നിശ്ചയിച്ചു.
സോണിയയുടെ നിർണായക ഇടപെടല്‍
തന്റെ രോഗവിവരവും തുടർചികിത്സ നാട്ടില്‍ നടത്താനുള്ള തീരുമാനവും അദ്ദേഹം പിന്നീടാണ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ അറിയിച്ചത്. പിന്നീട് സോണിയയെ കണ്ട് തനിക്ക് കാൻസർ ആണെന്നും എയിംസില്‍ ചികിത്സ ആരംഭിക്കുകയാണെന്നും അറിയിച്ചു.
എന്നാല്‍ ആന്റണിയെ വിലക്കിയ സോണിയ രോഗം സംബന്ധിച്ച് വിദഗ്ധാഭിപ്രായത്തിന് വിദേശത്തു പോകണമെന്ന് കർശനമായി പറഞ്ഞു.
പിന്നീട് അഹമ്മദ് പട്ടേലിനെ വിളിച്ചുവരുത്തി യുഎസില്‍ പരിശോധനയ്ക്കായി ആവശ്യമായ എല്ലാ കാര്യങ്ങളും ഏർപ്പാടാക്കാൻ നിർദേശിച്ചു. ഒപ്പം ചെല്ലാൻ രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടു. എല്ലാ ചെലവുകളും കോണ്‍ഗ്രസ് ഏറ്റെടുത്തു. സോണിയയുടെ ഇടപെടലില്‍ വീസയും ആശുപത്രി നടപടികളുമായും ബന്ധപ്പെട്ട തടസങ്ങളെല്ലാം അതിവേഗം മറികടന്നു.
ആശ്വാസമായ പരിശോധനാഫലം
സോണിയ ഗാന്ധിയുടെ നിർബന്ധപ്രകാരം യുഎസില്‍ എത്തിയ ആന്റണിയെ വിദഗ്ധ ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. എന്നാല്‍, നാട്ടിലെ ഡോക്ടർമാരുടെ കണ്ടെത്തലുകള്‍ തെറ്റായിരുന്നുവെന്നും ആന്റണിക്ക് കാൻസർ ഇല്ലെന്നും അവിടെ നടത്തിയ പരിശോധനയില്‍ വ്യക്തമായി.
സോണിയ ഇടപെട്ടില്ലായിരുന്നുവെങ്കില്‍, ഇല്ലാത്ത കാൻസറിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വരുമായിരുന്നുവെന്നും എ.കെ. ആന്റണി പറഞ്ഞു.
സഹപ്രവർത്തകരുടെ ആരോഗ്യത്തിലും ജീവിതത്തിലും സോണിയ ഗാന്ധി പുലർത്തുന്ന വ്യക്തിപരമായ ശ്രദ്ധയുടെയും സ്നേഹത്തിന്റെയും നേർസാക്ഷ്യമായി മാറുകയാണ് എ.കെ. ആന്റണിയുടെ ഈ വെളിപ്പെടുത്തല്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.