മുംബൈ: പല്ലുകളില്‍ വെക്കുന്ന കൃത്രിമ ക്യാപ്പുകള്‍ (Dental Crowns) നിർമിക്കാൻ അഞ്ച് രൂപ നാണയങ്ങള്‍ ഉരുക്കി ഉപയോഗിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരത്തെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഡെന്റല്‍ ലാബുകള്‍ക്കും ടെക്നീഷ്യന്മാർക്കുമെതിരെ കർശന നടപടി ആരംഭിച്ചു.
നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചതും യോഗ്യതയില്ലാത്തവർ ഡെന്റല്‍ ലാബുകള്‍ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 350-ലധികം പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് നടപടി. 2014 മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച 350-ലധികം പരാതികള്‍,യോഗ്യതയില്ലാത്ത ആളുകള്‍ ഡെന്‍റല്‍ ലബോറട്ടറി ജോലികള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ചും നിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചും ആശങ്ക ഉയർത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഏകദേശം 66,000 രജിസ്റ്റർ ചെയ്ത ദന്തഡോക്ടർമാരുണ്ടെങ്കിലും യോഗ്യതയുള്ള 1,200 ഡെന്റല്‍ ടെക്നീഷ്യൻമാർ മാത്രമേയുള്ളൂവെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ ഡയറക്ടർ ഡോ. പല്ലവി സാപ്പിള്‍ പറയുന്നു. യോഗ്യതയുള്ള ടെക്നീഷ്യൻമാർ കുറവായതിനാലും ലബോറട്ടറികള്‍ക്കായി വ്യക്തമായ മോണിറ്ററിംഗ് ചട്ടക്കൂടില്ലാത്തതിനാലും വ്യാജൻമാര്‍ കടന്നുകൂടുന്നുണ്ട്.
അഞ്ച് രൂപ നാണയങ്ങള്‍ ഉരുക്കി ഉപയോഗിക്കുന്നതിലുപരി ഇത്രയധികം നാണയങ്ങളുടെ ഉറവിടത്തെക്കുറിച്ചും ചോദ്യമുയരുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിക്കല്‍ പിച്ചള കൊണ്ടാണ് അഞ്ച് രൂപ നാണയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇതില്‍ അതില്‍ 75 ശതമാനം ചെമ്പ്, 20 ശതമാനം സിങ്ക്, 5 ശതമാനം നിക്കല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പല്ലില്‍ വെക്കുന്ന ക്യാപ്പുകള്‍ നിർമിക്കാൻ ഉപയോഗിക്കുന്ന അംഗീകൃത ലോഹങ്ങളിലും ഇതേ ഘടകങ്ങള്‍ ഉണ്ടാകാമെങ്കിലും, നാണയങ്ങള്‍ വായില്‍ വെക്കാൻ പാകത്തിന് നിർമിച്ചതോ സുരക്ഷാ പരിശോധനകള്‍ നടത്തിയതോ അല്ല.
വായക്കുള്ളില്‍ ദീർഘകാലം ഉപയോഗിക്കാൻ അനുയോജ്യമല്ലാത്ത ഇത്തരം ലോഹങ്ങള്‍ തുരുമ്പെടുക്കാനും ഉമിനീരിലൂടെ ശരീരത്തിലെത്താനും സാധ്യതയുണ്ട്. ഇത് മോണയില്‍ വീക്കം, അലർജി, അസ്വസ്ഥത എന്നിവയ്ക്കും പല്ലുകള്‍ വേഗത്തില്‍ കേടാകാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
പരിശോധനക്ക് ശേഷം ദന്തഡോക്ടറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ക്യാപ്പ്, ബ്രിഡ്ജ്, വെപ്പുപല്ലുകള്‍ എന്നിവ ഡെന്‍റല്‍ ടെക്നീഷ്യൻ നിര്‍മിക്കുന്നത്. ഇവ നിര്‍മിക്കുന്നതിന് ദന്തഡോക്ടറുടെ രേഖാമൂലമുള്ള കുറിപ്പടി ആവശ്യമാണ്.
ഇതില്‍ ദന്തഡോക്ടറുടെ പേര്, രജിസ്ട്രേഷൻ നമ്പർ, രോഗിയുടെ റഫറൻസ് നമ്പർ, ഉപകരണത്തിന്റെ തരം, ഉപയോഗിക്കേണ്ട വസ്തു , നിറം, മറ്റ് സാങ്കേതിക വിവരങ്ങള്‍ എന്നിവ വ്യക്തമായി ഉള്‍പ്പെടുത്തിയിരിക്കണം. ടെക്നീഷ്യന്മാർ രോഗനിർണയമോ, ചികിത്സാ ആസൂത്രണമോ, നേരിട്ടുള്ള ചികിത്സയോ നടത്താൻ പാടില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്‌രിഫ് വ്യക്തമാക്കി.
അംഗീകൃത ഡെന്റല്‍ യോഗ്യതയും സംസ്ഥാന ഡെന്റല്‍ കൗണ്‍സിലില്‍ സാധുവായ രജിസ്ട്രേഷനുമുള്ള ടെക്നീഷ്യന്മാർക്ക് മാത്രമേ ലാബ് ജോലികള്‍ നല്‍കാവൂ എന്ന നാഷണല്‍ ഡെന്റല്‍ കമ്മീഷന്റെ 2026 ഒക്ടോബർ 13-ലെ നിർദേങ്ങളും പുതിയ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.