റാഞ്ചി: ഝാർഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എക്കതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. എംഎല്‍എയുടെ വസതിയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട പതിനാലുകാരിയുടെ പരാതിയിലാണ് നടപടി.
സിംഡേഗയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഭൂഷണ്‍ ബാരക്കെതിരെയാണ് പരാതി. ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സ്കൂളില്‍ ചേർക്കാമെന്ന് പറഞ്ഞ് ജൂലൈയില്‍ എം.എല്‍.എയുടെ ഭാര്യയും സഹോദരിയും ചേർന്നാണ് തന്നെ സിംഡേഗയില്‍ നിന്ന് കൊണ്ടുവന്നതെന്നും, ഓഗസ്റ്റ് 5-ന് എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്ക് പിന്നാലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി പോലീസ് ആശുപത്രിയിലേക്ക് അയച്ചു.
അതേസമയം, തന്റെ പ്രതിച്ഛായ തകർക്കാൻ പ്രതിപക്ഷം നടത്തുന്ന ശ്രമമാണിതെന്ന് ആരോപിച്ച് ഭൂഷണ്‍ ബാര ആരോപണങ്ങള്‍ നിഷേധിച്ചു. ജൂലൈയില്‍ എന്റെ വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടി നാല് മാസത്തിന് ശേഷമാണ് ഇപ്പോള്‍ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
അവള്‍ ആരോപിക്കുന്നത് പോലെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, അപ്പോള്‍ തന്നെ മാതാപിതാക്കളോട് പറയുകയും എനിക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമായിരുന്നു. പുറത്താക്കപ്പെട്ട ചില കോണ്‍ഗ്രസ് അംഗങ്ങളും പ്രതിപക്ഷവും ചേർന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് എനിക്കെതിരെ ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുകയാണ്," എം.എല്‍.എ പറഞ്ഞു.
ബാരയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ വെള്ളിയാഴ്ച പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ആദിവാസി പെണ്‍കുട്ടികളുടെ അന്തസ്സിനെയും സുരക്ഷയെയും കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ തനിനിറം ഈ കേസിലൂടെ പുറത്തായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആദിത്യ സാഹു പറഞ്ഞു.
എന്നാല്‍ മറ്റുള്ളവർക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുമ്പ് ബി.ജെ.പി സ്വയം ആത്മപരിശോധന നടത്തുകയും ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും വേണമെന്ന് ജാർഖണ്ഡ് കോണ്‍ഗ്രസ് മീഡിയ ഇൻ-ചാർജ് രാകേഷ് സിൻഹ പ്രതികരിച്ചു.
അങ്കിത ഭണ്ഡാരി കൊലക്കേസും എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് പൊതുചർച്ചകളില്‍ ഉയർന്നുവന്ന വ്യക്തികളുടെ പേരുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.