പന്തളം: ശബരിമല ആചാര സംരക്ഷണ സന്ദേശവുമായി ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് മുന്നോടിയായി, അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ പന്തളം കടയ്ക്കാട് ഭദ്രകാളി ക്ഷേത്രത്തില്‍ നടന്ന അയ്യപ്പ മഹാ സംഗമത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍.
മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ശ്രീഭൂതനാഥോപാഖ്യാന പാരായണം, നാരായണീയ പാരായണം എന്നിവയ്ക്ക് ശേഷം സംസ്ഥാന പ്രസിഡന്റ് ഗോശാല വിഷ്ണു വാസുദേവന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. 10-ന് ഉദ്ഘാടന സഭയ്ക്ക് തുടക്കം കുറിച്ച് ശബരിമല തന്ത്രി കണ്ഠരര് ബ്രഹ്മദത്തന് ദീപം തെളിയിച്ചു.പത്തനംതിട്ട ശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയം സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ശബരിമല നിയുക്ത മേല്‍ശാന്തി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി, പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പ്രദീപ്കുമാര്‍ വര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന ഭാരവാഹി പ്രഖ്യാപനം സേവാ സമാജം അഖിലേന്ത്യാ ചെയര്മാന് മുരുകന് ആര്. സെല്‍വനും 54 സ്ഥലങ്ങളില്‍ ആരംഭിക്കുന്ന അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിയും നിര്‍വഹിച്ചു. പ്രശസ്ത സംഗീത സംവിധായകന് ടി.എസ്. രാധാകൃഷണനും സംഘവും അവതരിപ്പിച്ച ഭക്തിഗാനത്തിന് ശേഷം ആരംഭിച്ച സമാപന സഭ അയ്യപ്പസേവാസമാജം അഖിലേന്ത്യ ജോ.ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംഘടന സെക്രട്ടറി ഈറോട് രാജന് സമാപന സന്ദേശം നല്കി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.കെ. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനില്‍ മഹാദേവന്‍പിള്ള, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അജിഅയ്യപ്പ എന്നിവര്‍ സംസാരിച്ചു. ശബരിമല തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങളും അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളും സംഗമത്തില്‍ ചര്‍ച്ചയായി. സമ്മേളനത്തിന് മുന്നോടിയായി തിരുവാഭരണ പേടക വാഹക ഗുരുസ്വാമിമാര്‍ ശരണ ഘോഷം ഉയര്‍ത്തി.
ഗുരുസ്വാമിമാര്‍, മുന്‍ശബരിമല മേല്‍ശാന്തിമാര്‍, അമ്പലപ്പുഴ-ആലങ്ങാട്-ചീരപ്പന്‍ചിറ പ്രതിനിധികള്‍, തിരുവാഭരണ പേടക വാഹകര്‍, പല്ലക്ക് വാഹകര്‍, പുള്ളുവന്‍ പാട്ടുകാര്‍, പറകൊട്ടി പാട്ടുകാര്‍, നായാട്ടുവിളിക്കാര്, മണിമണ്ഡപത്തില്‍
പുജചെയ്യുന്നവര്, തലപ്പാറ ഊരാളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അയ്യപ്പ സേവയുടെ പതിനെട്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആചാര സംരക്ഷണവും പരിസ്ഥിതിസൗഹൃദ തീര്‍ത്ഥാടനവും ലക്ഷ്യമാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശബരിമല അയ്യപ്പസേവാ സമാജത്തിന് കഴിഞ്ഞതായി ജനറല്‍ സെക്രട്ടറി അഡ്വ. ജയന് ചെറുവള്ളില്‍ പറഞ്ഞു.
ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണവും ഹൈന്ദവഏകീകരണവുമാണ് പ്രധാന ലക്ഷ്യം. പത്തനംതിട്ടയില്‍ ആരംഭിച്ച സമാജം ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
13-ല്‍ പരം സംസ്ഥാനങ്ങളിലേക്ക് സംഘടനയുടെ പ്രവര്‍ത്തനം വളര്‍ന്നു. ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ഇതിന്റെ ഭാഗമായി. സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സത്സംഗം, സ്വാധ്യായം, സേവ, സമരസത, സംഘര്‍ഷം എന്നീ അഞ്ച് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
മണ്ഡല-മകരവിളക്ക് കാലയളവില്‍ വിവിധ സംസ്ഥാനങ്ങളിലായി 250-ലധികം അയ്യപ്പ സേവാ കേന്ദ്രങ്ങള്‍ വഴി സൗജന്യ അന്നദാനം, വൈദ്യസഹായം, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ നടത്തി വരുന്നതായും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ത്ഥാടകര്‍ക്ക് അന്നദാനം, ആരോഗ്യ പരിപാലനം, യാത്രാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ ശബരിമല അയ്യപ്പ സേവാ സമാജം നടത്തുന്ന സേവനങ്ങളെ പല മേഖലയല്‍ നിന്ന് തടയാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ സംരക്ഷിക്കാന്‍ ഭക്തര്‍ക്ക് സാധിക്കണം: അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാട്
അനാചാരങ്ങള്‍ ഇല്ലാതാക്കി, ശബരിമലയെ സംരക്ഷിക്കേണ്ടത് എന്റെ ധര്‍മമാണെന്ന് ഒരോ ഭക്തനും സ്വയം ബോധ്യമുണ്ടാകണം. അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ പാലിക്കാതെ ഇല്ലാത്ത ആചാരങ്ങള്‍ പുലര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ശബരിമലയിലേക്ക് പോകുന്നത് എന്തിനാണെന്ന് ഓരോ ഭക്തനും മനസ്സിലാക്കണം. അനാചാരങ്ങള്‍ ഇല്ലാതാക്കി അചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സാധിക്കണം. ശബരിമലയെ യഥാര്‍ത്ഥ പരിശുദ്ധിയിലേക്ക് കൊണ്ടുവരണം.
ഹൈന്ദവ സംസ്ക്കാരം സംരക്ഷിക്കപ്പെടണമെങ്കില്‍ ക്ഷേത്രങ്ങങ്ങള്‍ സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം. കളങ്കിതരഹിതമായ ശബരിമല ഓരോരുത്തരുടെയും ലക്ഷ്യമായിരിക്കണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.