ഹരിപ്പാട്: വര്‍ഷങ്ങളായി അടഞ്ഞു കിടന്നിരുന്ന കായംകുളം താപനിലയം വീണ്ടും ഉത്പാദന പാതയിലേക്ക് തിരിച്ചെത്തുന്നത് കേരളത്തിന് വലിയ പ്രതീക്ഷയാകുന്നു.
നാഫ്തയുടെ ഉയര്‍ന്ന വില കാരണം അടച്ചിടേണ്ടി വന്ന എന്‍ടിപിസി നിലയത്തില്‍ മെഥനോള്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഉത്പാദനം വിജയകരമായി പൂര്‍ത്തിയാക്കിയതും, ഐഒസിയുടെ എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നതും പുതിയ വഴിത്തിരിവാണ്.വ്യാവസായികാടിസ്ഥാനത്തില്‍ മെഥനോള്‍ ജ്വലിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് സംസ്ഥാനത്തിന് നല്‍കിയതോടെ കായംകുളം നിലയം ഇനി വെറുതെ കിടക്കില്ലെന്ന ഉറപ്പിലേക്ക് നാട് അടുക്കുകയാണ്.
നാഫ്ത ഇന്ധനമാക്കി 360 മെഗാവാട്ട് ശേഷിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്ലാന്റില്‍ ഉത്പാദനച്ചെലവ് അമിതമായി ഉയര്‍ന്നതാണ് നേരത്തെ വിനയായത്. യൂണിറ്റിന് 16 രൂപ വരെ ചെലവ് വന്നതോടെ 2017 മുതല്‍ കെഎസ്ഇബി കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് നിര്‍ത്തിവെക്കുകയായിരുന്നു.
സംഭരിച്ചു വെച്ചിരുന്ന നാഫ്ത ഉപയോഗിച്ചു തീര്‍ക്കാനായി 2021 മാര്‍ച്ചില്‍ അവസാനമായി പ്രവര്‍ത്തിപ്പിച്ച ശേഷം പ്ലാന്റ് പൂര്‍ണ്ണമായി അടച്ചുപൂട്ടി. തുടര്‍ന്നാണ് ചെലവ് കുറഞ്ഞതും ലഭ്യമായതുമായ മറ്റ് ഇന്ധനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ എന്‍ടിപിസി തയാറായത്.
രാജ്യത്താദ്യമായി വൈദ്യുതോത്പാദനത്തിന് മെഥനോള്‍ ഉപയോഗിക്കാനുള്ള പരീക്ഷണം നടപ്പിലാക്കിയത് കായംകുളം നിലയത്തിലാണ്. എന്‍ടിപിസിയും പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും (ഭെല്‍) കൈകോര്‍ത്താണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്
ഇതിന്റെ ആദ്യഘട്ടം വിജയകരമായതോടെ കഴിഞ്ഞദിവസം വൈകീട്ടോടെ പരീക്ഷണ ഉത്പാദനം ആരംഭിക്കുകയും 100 മെഗാവാട്ടോളം വൈദ്യുതി സൗജന്യമായി സംസ്ഥാനത്തിന് കൈമാറുകയും ചെയ്തു. രാജ്യത്തെ മറ്റ് കല്‍ക്കരി നിലയങ്ങളില്‍ നിന്ന് മെഥനോള്‍ വന്‍തോതില്‍ ഉത്പാദിപ്പിച്ച് ഇത്തരത്തില്‍ ഉപയോഗിക്കാനാണ് എന്‍ടിപിസിയുടെ പദ്ധതി.
മെഥനോള്‍ പരീക്ഷണം ഒരുവശത്ത് പുരോഗമിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) കൊച്ചി-തൂത്തുക്കുടി ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) വിതരണ പദ്ധതിയും ജീവന് വെക്കുന്നത്. കൊച്ചിയില്‍ നിന്ന് കോട്ടയം, കൊട്ടാരക്കര, കൊല്ലം വഴി നീളുന്ന 424 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ഈ പൈപ്പ് ലൈന്‍ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി വീശിക്കഴിഞ്ഞു. കൊട്ടാരക്കരയില്‍ നിന്നോ കോട്ടയത്തു നിന്നോ കേവലം 50 കിലോമീറ്ററോളം നീളത്തില്‍ ലിങ്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ എല്‍എന്‍ജി എളുപ്പത്തില്‍ കായംകുളത്ത് എത്തിക്കാന്‍ കഴിയും.
എല്‍എന്‍ജി ലഭ്യമായാല്‍ കായംകുളത്ത് 2,400 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ തയ്യാറായി കിടക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ 38 കോടിയോളം രൂപ മുടക്കി എന്‍ടിപിസി ഇതിനായുള്ള സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയിരുന്നുവെങ്കിലും വാതകം എത്തിക്കാന്‍ വഴിയില്ലാത്തതിനാല്‍ ഇത് തുരുമ്പെടുക്കുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ പുതിയ ഐഒസി പാത വരുന്നതോടെ വമ്പന്‍ ടര്‍ബൈനുകള്‍ വീണ്ടും കറങ്ങിത്തുടങ്ങുമെന്ന വലിയ പ്രതീക്ഷയാണ് കൈവരുന്നത്.
പീക്ക് സമയങ്ങളില്‍ പുറത്തുനിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരാകുന്ന കെഎസ്ഇബിക്ക് കായംകുളത്തിന്റെ പുനരുജ്ജീവനം വലിയ ആശ്വാസമാകും. നിലവില്‍ 350 മെഗാവാട്ടോളം ഉത്പാദനശേഷിയുള്ള പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാതെ കിടക്കുമ്പോഴും എന്‍ടിപിസിക്ക് പരിപാലന ചെലവിനത്തില്‍ വലിയ തുക നല്‍കേണ്ട സാഹചര്യം സംസ്ഥാനത്തിനുണ്ടായിരുന്നു. നിലയം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ സാമ്പത്തിക നഷ്ടം ഒഴിവാകുകയും സംസ്ഥാനത്തിന്റെ സ്വന്തം ഉത്പാദനം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും.
പ്രതിവര്‍ഷം വന്‍ തുക നല്‍കിയിട്ടും പ്ലാന്റില്‍ നിന്ന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥലം തിരികെ എടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിലപാടുകളിലേക്ക് സംസ്ഥാന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കടന്നിരുന്നു. കേന്ദ്ര-സംസ്ഥാന ഊര്‍ജ്ജ സെക്രട്ടറിമാരും എന്‍ടിപിസി ചെയര്‍മാനും ഒത്തുചേര്‍ന്ന് അടിയന്തിര പരിഹാരം കാണണമെന്ന് കെ.സി. വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഭരണതലത്തിലുള്ള ഈ സമ്മര്‍ദ്ദം കൂടിയാണ് പദ്ധതികളുടെ വേഗത കൂട്ടാന്‍ കാരണമായത്.
നിലവില്‍ നിലയത്തിന് കീഴിലുള്ള കായലില്‍ സ്ഥാപിച്ച ഫ്ലോട്ടിംഗ് സോളാര്‍ പ്ലാന്റില്‍ നിന്നും 92 മെഗാവാട്ട് സൗരവൈദ്യുതി മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി യൂണിറ്റിന് 2.68 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് കെഎസ്ഇബി കരാറിലേര്‍പ്പെട്ടിട്ടുമുണ്ട്.
എന്നാല്‍ സംസ്ഥാനത്തിന്റെ ഭീമമായ വൈദ്യുതാവശ്യങ്ങള്‍ മുന്‍നിര്‍ത്തുമ്പോള്‍ ഇത് വളരെ ചെറിയൊരു അളവ് മാത്രമാണ്. കായംകുളത്തെ വലിയ താപനിലയം കൂടി കമ്മീഷന് ചെയ്യുന്നതോടെ മാത്രമേ ഊര്‍ജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകൂ.
വൈദ്യുതി കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെങ്കില്‍ ഇന്ധനവിലയില്‍ സ്ഥിരത അത്യാവശ്യമാണ്. ദീര്‍ഘകാലത്തേക്ക് കുറഞ്ഞ നിരക്കില്‍ എല്‍എന്‍ജി ലഭ്യമാക്കാനുള്ള കരാറുകളില്‍ എന്‍ടിപിസി ഒപ്പുവെക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ വാതകവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കാതിരിക്കാന്‍ ഇത്തരം കരാറുകള്‍ സഹായിക്കും. എന്‍ടിപിസി ഇതിനായുള്ള ചര്‍ച്ചകള്‍ ആഗോളതലത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും ഒരുമിച്ച് നിന്ന് നീങ്ങിയാല്‍ വരും വര്‍ഷങ്ങളില്‍ കായംകുളം സംസ്ഥാനത്തിന്റെ പ്രധാന ഊര്‍ജ്ജ കേന്ദ്രമായി മാറും. എല്‍എന്‍ജി ലിങ്ക് പൈപ്പ് ലൈന്‍ നിര്‍മ്മാണം വേഗത്തിലാക്കാനും മെഥനോള്‍ ഉത്പാദനം കൂടുതല്‍ വ്യാപിപ്പിക്കാനും കഴിഞ്ഞാല്‍ വേനല്‍ക്കാലത്തെ ലോഡ്ഷെഡിംഗ് ഭീഷണികളില്‍ നിന്ന് കേരളത്തിന് പൂര്‍ണ്ണമായി മോചനം നേടാം. കായംകുളത്തെ ടര്‍ബൈനുകള്‍ വീണ്ടും പൂര്‍ണ്ണമായി കറങ്ങിത്തുടങ്ങുന്നതും കാത്തിരിക്കുകയാണ് കേരളത്തിലെ ഊര്‍ജ്ജ മേഖല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.