ജറുസലേം: ഇസ്രായേലില്‍ പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും തന്റെ ഭരണസഖ്യത്തില്‍ ഉള്‍പ്പെടുത്താൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്.
സർക്കാർ രൂപീകരിക്കാൻ അറബ് പാർട്ടികളുടെ പിന്തുണ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ നെതന്യാഹുവിന്റെ സഖ്യകക്ഷിയും തീവ്രവലതുപക്ഷ ധനകാര്യ മന്ത്രിയുമായ ബെസലേല്‍ സ്മോട്രിച്ചിനെയും ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് ഗാഡി ഐസൻകോട്ട് വ്യക്തമാക്കി."ഐക്യത്തിനുള്ള സമയമാണിതെന്ന് ലിക്വിഡ് പാർട്ടിയുടെയും റിലീജിയസ് സീയോണിസ്റ്റ് പാർട്ടിയുടെയും അംഗങ്ങള്‍ യഥാർത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും ഞാൻ മുന്നോട്ടുവെച്ച തത്വങ്ങളെയും പിന്തുണയ്ക്കാതിരിക്കാൻ അവർക്കാവില്ല," എന്ന് ഐസൻകോട്ട് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായി മത്സരിച്ച ഗാഡി ഐസൻകോട്ടിന് പുതിയ സർക്കാർ രൂപീകരിക്കാൻ ആറാഴ്ചത്തെ സമയമാണ് ലഭിച്ചിട്ടുള്ളത്. ഇസ്രായേലി ജനതയുടെ മുഴുവൻ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നവംബർ 3-ന് നടന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ജയിച്ച ഡെമോക്രാറ്റിക് പാർട്ടി ഇസ്രായേലിന് സൈനിക സഹായം നല്‍കുന്നതിനെ എതിർക്കുന്നുവെന്നും, അതിനാല്‍ തന്നെ ഇസ്രയേല്‍ വലിയ അനിശ്ചിതത്വങ്ങള്‍ നേരിടുന്നുണ്ടെന്നും പ്രസിഡന്റ് ഹെർസോഗ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്, ഇസ്രായേലിന് ഇപ്പോള്‍ ശക്തവും സ്ഥിരതയുള്ളതുമായ ഒരു സർക്കാരാണ് ആവശ്യമെന്ന് ഹെർസോഗ് കൂട്ടിച്ചേർത്തു.
2015 മുതല്‍ 2019 വരെ ഇസ്രായേല്‍ സൈനിക തലവനായിരുന്ന ഐസൻകോട്ട്, ഗാസ യുദ്ധത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ നെതന്യാഹുവിന്റെ വാർ കാബിനറ്റില്‍ നിരീക്ഷകനായിരുന്നു. ഒക്ടോബർ 27-ന് നടന്ന ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ ഐസൻകോട്ടിന്റെ നാല് പാർട്ടികളുടെ സഖ്യം 48 സീറ്റുകളും നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം 53 സീറ്റുകളുമാണ് നേടിയത്. ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ ഇരുവിഭാഗത്തിനും കേവലഭൂരിപക്ഷം തികയ്ക്കാനായില്ല.
പലസ്തീൻ പൗരന്മാരെ പ്രതിനിധീകരിക്കുന്ന അറബ് കക്ഷികള്‍ റെക്കോർഡ് നേട്ടത്തോടെ 19 സീറ്റുകള്‍ നേടി. ഐസൻകോട്ടിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഇവർ പിന്തുണച്ചെങ്കിലും, അറബ് പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ ഐസൻകോട്ട് തയാറായിട്ടില്ല.
തീവ്ര അള്‍ട്രാ-ഓർത്തഡോക്സ് പാർട്ടികളായ 'യുണൈറ്റഡ് തോറ ജൂഡായിസം', 'ഷാസ്' എന്നിവയുടെ പിന്തുണ ഉറപ്പാക്കാനായാല്‍ ഐസൻകോട്ടിന് കേവലഭൂരിപക്ഷമായ 61 സീറ്റുകള്‍ തികയ്ക്കാനും സർക്കാരുണ്ടാക്കാനും സാധിക്കും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.