റഷ്യ: പ്രായമാകുന്നതിനെ പ്രതിരോധിക്കാനും 150 വർഷം വരെ ജീവിക്കാനും ലക്ഷ്യമിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു.
ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രായമായ കുരങ്ങുകളെയാണ് റഷ്യൻ ശാസ്ത്രജ്ഞർ പഠനവിധേയമാക്കുന്നത്. പുടിന്റെ ശാസ്ത്ര ഉപദേഷ്ടാവായ 80 കാരനായ മിഖായേല്‍ കുവാല്‍ചൂക്കാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.റഷ്യയിലെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിലൊന്നായ അദ്ദേഹത്തിന്റെ കീഴിലുള്ള കുർച്ചാറ്റോവ് ഇൻസ്റ്റിറ്റ്യൂട്ടില്‍ 22 വ്യത്യസ്ത വർഗ്ഗങ്ങളില്‍പ്പെട്ട 7,000-ത്തിലധികം കുരങ്ങുകളാണുള്ളത്.
ഇതില്‍ 30 വയസ്സിനു മുകളിലുള്ള പ്രായമായ ഒരു പ്രത്യേക സംഘവും ഉള്‍പ്പെടുന്നു. ഇവയുടെ രക്തവും തലച്ചോറും ആന്തരിക അവയവങ്ങളും ദീർഘായുസ്സിനായുള്ള സൂചനകള്‍ക്കായി സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
പ്രായമാകുന്നതിന്റെ എല്ലാ ഘട്ടങ്ങളും നിരീക്ഷിക്കുന്നതിനായി പ്രായമായ കുരങ്ങുകളുടെ പരിശോധന നടത്തിവരികയാണെന്ന് മോസ്കോയില്‍ നടന്ന ഒരു ശാസ്ത്ര ഫോറത്തില്‍ കുവാല്‍ച്ചൂക്ക് പറഞ്ഞു. 18 മുതല്‍ 30 വയസ്സിന് മുകളിലുള്ളവരെയാണ് വിലയിരുത്തുന്നത്.
ജൈവ രാസ വിശകലനം, ഘടനാപരമായ വിശകലനം, രക്തക്കുഴലുകളെക്കുറിച്ചുള്ള പഠനങ്ങള്‍, തലച്ചോറിന്റെ സ്കാനിങ് തുടങ്ങി സമഗ്രമായ പരിശോധനകളാണ് നടത്തുന്നതെന്നും, ആയുസ്സ് നീട്ടി നല്‍കുന്നതിനുള്ള നിയന്ത്രണ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള അടിത്തറയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അസാധാരണമാംവിധം പ്രായമായ കുരങ്ങുകളില്‍ നിന്നുള്ള സാമ്പിളുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ശാസ്ത്രജ്ഞർ ഒരു പ്രത്യേക ബ്ലഡ് ബാങ്കും രൂപീകരിച്ചിട്ടുണ്ട്.
പെട്രോവ്സ്കി റഷ്യൻ സയന്റിഫിക് സെന്റർ ഓഫ് സർജറിയുമായി ചേർസാണ് ഈ ദീർഘായുസ്സ് പദ്ധതി നടത്തുന്നത്. പ്രായമാകലിന്റെ ജൈവികമായ കാരണങ്ങള്‍ മനസ്സിലാക്കാൻ ഈ സാമ്പിളുകള്‍ സഹായിക്കുന്നുവെന്ന് സെന്റർ ഡയറക്ടർ കോണ്‍സ്റ്റന്റിൻ കൊട്ടെങ്കോ പറഞ്ഞു.
പുടിന്റെ ഏറ്റവും അടുത്ത സുഹൃത്തും 'പുടിന്റെ വാലറ്റ്' എന്നറിയപ്പെടുന്നതുമായ 74 കാരനായ യൂറി കോവല്‍ചുട്ടിന്റെ സഹോദരനാണ് മിഖായേല്‍ കോവല്‍ചുട്ട്. പുടിന്റെ മകളും എൻഡോക്രിനോളജിസ്റ്റുമായ 41 കാരിയായ മരിയ വൊറോണ്‍സോവയ്ക്കൊപ്പമാണ് അദ്ദേഹം ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
വാർദ്ധക്യത്തെ ചെറുക്കാനും 'മരണത്തെ പരാജയപ്പെടുത്താനും' ലക്ഷ്യമിട്ടുള്ള മരുന്നുകളുടെ പദ്ധതികളെക്കുറിച്ച് അവർ അടുത്തിടെ റഷ്യൻ സ്റ്റേറ്റ് ടിവിയില്‍ വ്യക്തമാക്കിയിരുന്നു. മരണത്തോടുള്ള അസ്തിത്വപരമായ ഭയമാണ് ദീർഘായുസ്സ് ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രവർത്തനങ്ങളുടെ പ്രധാന പ്രേരണയെന്ന് പുടിന്റെ പേര് പരാമർശിക്കാതെ അവർ തുറന്നുപറഞ്ഞു.
കഴിഞ്ഞ വർഷം ബീജിംഗ് സന്ദർശിച്ച വേളയിലാണ് പുടിന്റെ വാർദ്ധക്യ വിരുദ്ധ അഭിനിവേശം പുറത്തുവന്നത്. അവയവമാറ്റങ്ങളെക്കുറിച്ചും മനുഷ്യർക്ക് 150 വർഷം വരെ ജീവിക്കാൻ കഴിയുന്ന സാധ്യതകളെക്കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം സംസാരിക്കുന്നത് മൈക്രോഫോണില്‍ പതിഞ്ഞിരുന്നു.
കൂടുതല്‍ കാലം ജീവിക്കുന്തോറും നിങ്ങള്‍ കൂടുതല്‍ ചെറുപ്പമാകുമെന്നും ചിലപ്പോള്‍ അമരത്വം കൈവരിക്കാൻ കഴിഞ്ഞേക്കുമെന്നും പുടിൻ ഷിയോട് പറഞ്ഞിരുന്നു. 150 വയസ്സിലെത്താൻ കഴിഞ്ഞേക്കുമെന്ന് പിന്നീട് ഒരു എ.ഐ കോണ്‍ഫറൻസിലും പുടിൻ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിന്റെ ഭാഗമായി സജീവമായ കലകള്‍ 3D-പ്രിന്റ് ചെയ്യുന്നതിലും, മനുഷ്യനുമായി ജനിതകമായി പൊരുത്തപ്പെടുന്ന പന്നികളില്‍ മനുഷ്യ അവയവങ്ങള്‍ വളർത്തിയെടുക്കുന്ന സെനോട്രാൻസ്‌പ്ലന്റേഷനിലും റഷ്യ വേഗത്തിലുള്ള ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തിവരുന്നു.
വാർദ്ധക്യത്തിന് കാരണമാകുന്ന പ്രത്യേക ജീനുകളെ തടഞ്ഞുകൊണ്ട് വാർദ്ധക്യം വൈകിപ്പിക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ മരുന്നും പുടിന്റെ ശാസ്ത്രജ്ഞർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.