20ൽ 15 സീറ്റ് ലക്ഷ്യം; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ വൻ തിരിച്ചുവരവിന് സി.പി.എം,നീക്കം,

20ൽ 15 സീറ്റ് ലക്ഷ്യം; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ വൻ തിരിച്ചുവരവിന് സി.പി.എം,നീക്കം,

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് 15 സീറ്റുകള്‍… അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ സി.പി.എം ലക്ഷ്യമിടുന്നതായി പറയപ്പെടുന്ന ഈ സംഖ്യ കേട്ട് ആരും ഞെട്ടേണ്ടതില്ല.

കാരണം കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അസാധ്യമായത് പോലും സാധ്യമാക്കാനുള്ള അവസരമാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്നാണ് സി.പി.എമ്മിൻ്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിനെതിരായ ജനവികാരവും കോണ്‍ഗ്രസ്സിനകത്ത് രൂപപ്പെടുന്ന ആഭ്യന്തര അസ്വാരസ്യങ്ങളും മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടുകളുമെല്ലാം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിർണായകമാകുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.

നിലവില്‍, കേരളത്തിലുള്ള 20 ലോക്സഭ സീറ്റുകളില്‍ ഒന്ന് മാത്രമാണ് ഇടതുപക്ഷത്തിന് ഉള്ളത്. അതാകട്ടെ ആലത്തൂരില്‍ നിന്നും വിജയിച്ച കെ രാധാകൃഷ്ണനുമാണ്. കേരളത്തില്‍ ഭരണത്തില്‍ ഉള്ളപ്പോള്‍ ലഭിച്ച ഈ ഒന്ന് അധികാരത്തില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ 15 ആക്കി ഉയർത്താൻ വിപുലമായ പദ്ധതികളാണ് സി.പി എം ആവിഷ്‌കരിക്കാൻ ഒരുങ്ങുന്നത്.

 കേരളത്തില്‍ നിന്നും സി.പി.എം ലക്ഷ്യമിടുന്ന 15 സീറ്റുകള്‍ എന്ന നമ്പർ 10 സീറ്റുകള്‍ ആയാല്‍ പോലും അത് ഇടതുപക്ഷത്തെ സംബന്ധിച്ച്‌ കേവലമൊരു തിരഞ്ഞെടുപ്പ് വിജയം മാത്രമായിരിക്കുകയില്ല. സംസ്ഥാനത്തിന്റെ രാഷ്ട്രീയ മനസ്സ് ഇടതുപക്ഷത്തിന് അനുകൂലമായി മാറിയെന്ന സന്ദേശം ദേശീയതലത്തില്‍ നല്‍കാൻ കഴിയുന്ന വിജയമായും അത് മാറും.

അത്തരമൊരു വിജയം നേടിയെടുക്കാൻ കഴിഞ്ഞാല്‍ കേരളത്തിലെ ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ ആത്മവിശ്വാസമാണ് വർധിക്കുക. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കേവലം പാർലമെന്റിലേക്കുള്ള മത്സരമായി മാത്രം കാണാൻ ഇടതുപക്ഷത്തിന് ഇനി കഴിയുകയില്ല. 

കേരളത്തിലെ രാഷ്ട്രീയ മേല്‍ക്കോയ്മ തിരിച്ചുപിടിക്കാനുള്ള വലിയൊരു അവസരമായിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പിനെ സി.പി.എം സമീപിക്കുക. അത്തരം സൂചന തന്നെയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സിറ്റിംങ് സീറ്റായ ആലത്തൂർ നിലനിർത്തുകയും കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പൊന്നാനി, ചാലക്കുടി, തൃശൂർ, പാലക്കാട്, കോട്ടയം, ഇടുക്കി, ആലപ്പുഴ, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍ സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതാണ് സി.പി.എം പദ്ധതി. മുഖ്യമന്ത്രി സതീശൻ സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങള്‍, ഭരണനിർവഹണത്തിലെ വീഴ്ചകളെക്കുറിച്ചുള്ള ആരോപണങ്ങള്‍,

 മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ എന്നിവയെല്ലാം ഇടതുപക്ഷത്തെ സംബന്ധിച്ച്‌ പ്രധാന രാഷ്ട്രീയ ആയുധങ്ങളാണ്. ഈ വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നതായിരിക്കും തിരഞ്ഞെടുപ്പില്‍ ഏറെ നിർണായകമാകുക.

ഒരു സർക്കാരിനെതിരായ വിമർശനങ്ങള്‍ മാത്രം തിരഞ്ഞെടുപ്പ് വിജയത്തിന് മതിയാകില്ലെന്ന കാര്യം സി.പി.എമ്മിനും നന്നായി അറിയാം. എന്നാല്‍ ഭരണവിരുദ്ധ വികാരം ശക്തിപ്പെടുകയും അതോടൊപ്പം ഭരണകക്ഷിയില്‍ ആഭ്യന്തര സംഘർഷങ്ങള്‍ രൂക്ഷമാകുകയും ചെയ്താല്‍ അതിന്റെ രാഷ്ട്രീയ ഗുണം പ്രധാന പ്രതിപക്ഷമായ ഇടതുപക്ഷത്തിന് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്നതായിരിക്കും ഇടതുപക്ഷത്തിന്റെ തന്ത്രം.

 കോണ്‍ഗ്രസ്സിനകത്തെ അസംതൃപ്തരാണ് ഇവിടെ മറ്റൊരു നിർണായക ഘടകം. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും നേതൃത്വത്തിനെതിരായ പരാതികളും സ്ഥാനാർത്ഥിനിർണയത്തിലെ അഭിപ്രായവ്യത്യാസങ്ങളും എല്ലാം തിരഞ്ഞെടുപ്പിന് മുൻപ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയാല്‍, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇടതുപക്ഷമായിരിക്കും.

വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസ്സിനകത്ത് ശക്തിപ്പെട്ട സാഹചര്യത്തില്‍ അതിന് എതിരായ നിലപാട് ഹൈക്കമാൻഡ് എടുത്താല്‍ അസംതൃപ്തരായ ചില നേതാക്കള്‍ സ്വന്തം രാഷ്ട്രീയ ഭാവി സംരക്ഷിക്കാൻ വ്യത്യസ്ത വഴികള്‍ തേടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 

മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രമുള്ള അടൂർ പ്രകാശ് ഉള്‍പ്പെടെയുള്ള സിറ്റിംങ് എംപിമാരുടെ നിലപാട് ഈ ഘട്ടത്തിലാണ് നിർണ്ണായകമാവുക. അത്തരമൊരു സാഹചര്യത്തില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കോണ്‍ഗ്രസ്സ് വിമത സ്ഥാനാർത്ഥികള്‍ മത്സരരംഗത്ത് എത്തുമോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. രാഷ്ട്രീയമായി അത്തരമൊരു സാഹചര്യം രൂപപ്പെട്ടാല്‍ അതിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതായിരിക്കും സി.പി.എം നോക്കുക.

ഇടി മുഹമ്മദ് ബഷീർ ഇനിയും മത്സരിച്ചാല്‍ പൊന്നാനിയില്‍ നിന്നും മുസ്ലീംലീഗിന് ഉള്‍പ്പെടെ റിബലുകളെ നേരിടേണ്ട സാഹചര്യമാണ് ഉണ്ടാകുക. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ശക്തനായ ഒരു വിമതൻ മത്സരിച്ചാല്‍, 

അത് കേവലം കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന പ്രശ്നം മാത്രമല്ല. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും പ്രചാരണത്തെയും പ്രവർത്തകരുടെ ആത്മവിശ്വാസത്തെയും അത് കാര്യമായി തന്നെ ബാധിക്കും.

ചില മണ്ഡലങ്ങളില്‍ ചെറിയ വോട്ടുവ്യത്യാസം പോലും വിജയപരാജയങ്ങള്‍ നിർണയിക്കുമെന്നതിനാല്‍ വിമത സ്ഥാനാർത്ഥികളുടെ സാന്നിധ്യം നിർണായകമാകുമെന്നതും ഉറപ്പാണ്. എന്നാല്‍ വിമതർ പിടിക്കുന്ന വോട്ടുകളെല്ലാം ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് കരുതുന്നതും ശരിയല്ല. 

വിമതന്റെ വ്യക്തിപരമായ സ്വാധീനം, പ്രാദേശിക രാഷ്ട്രീയ സാഹചര്യം, ബി.ജെ.പിയുടെ വോട്ടുവിഹിതം എന്നിവയും ഫലത്തെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിലെ അസംതൃപ്തരെ രാഷ്ട്രീയമായി പ്രോത്സാഹിപ്പിക്കുകയെന്നത് സി.പി.എമ്മിന് ഗുണകരമായേക്കാവുന്ന ഒരു തന്ത്രമാണെങ്കിലും, അത് മാത്രം ആശ്രയിച്ചല്ല അവർ 15 സീറ്റുകള്‍ എന്ന ടാർഗറ്റ് ഇട്ടിരിക്കുന്നത്.

ഇവിടെയാണ് സി.പി.എമ്മിന്റെ സ്ഥാനാർത്ഥിനിർണയവും ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിൻ്റെ പ്രസക്തിയും ശ്രദ്ധേയമാകുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായി ഡല്‍ഹിയില്‍ നടന്ന പോരാട്ടത്തിലൂടെ ഇടതുപക്ഷത്തിൻ്റെ ഇടപെടല്‍ വലിയ രൂപത്തില്‍ ചർച്ചയായിട്ടുണ്ട്. 

കോക്രോച്ച്‌ ജനതാ പാർട്ടി ഉള്‍പ്പെടെ ഇടതുപാർട്ടികളോട് ചേർന്ന് തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്താനും മത്സരിക്കാനുമുള്ള സാധ്യതയും ഏറെയാണ്. ഇത് രണ്ടും ദേശീയ തലത്തില്‍, ബിജെപിക്ക് പകരം കോണ്‍ഗ്രസ്സ് മാത്രമാണെന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെയും മുസ്ലിം ലീഗിൻ്റെയും വാദത്തിൻ്റെ മുനയാണ് ഒടിക്കുക.

ശക്തമായ ഒരു ഇടതുചേരി ദേശീയ തലത്തില്‍ രൂപപ്പെട്ടാല്‍ കഴിഞ്ഞ തവണ നേടിയ വിജയം കേരളത്തില്‍ നിന്നും നേടാൻ യുഡിഎഫിന് കഴിയുകയില്ല. മാത്രമല്ല, പുതിയ തലമുറയിലെ വോട്ടർമാരെ ലക്ഷ്യമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുവാനുള്ള സി.പി.എം നീക്കവും യുഡിഎഫിന് തിരിച്ചടിയാകും. അത്തരമൊരു നീക്കം നടപ്പായാല്‍ അത് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തിലെ തന്നെ പ്രധാന മാറ്റമായാണ് മാറുക.

പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ മുതിർന്ന നേതാക്കളെ മാത്രം ആശ്രയിക്കുന്നതിനുപകരം പുതിയ തലമുറയ്ക്ക് സ്വീകാര്യരായ മുഖങ്ങളെ അവതരിപ്പിക്കാനുള്ള സാധ്യതയാണ് സി.പി.എം ആലോചിക്കുന്നത്. പ്രത്യേകിച്ച്‌ വിദ്യാർത്ഥി-യുവജന സംഘടനകളിലൂടെ വളർന്നുവന്ന നേതാക്കള്‍ക്കും പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിയ വനിതാ നേതാക്കള്‍ക്കും കൂടുതല്‍ അവസരം നല്‍കുന്നത് പാർട്ടിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് ഗുണം ചെയ്യുമെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം കണക്ക് കൂടുന്നത്. 

പശ്ചിമ ബംഗാളില്‍ നിന്നും ഡിവൈഎഫ് ഐ നേതാവ് മീനാക്ഷി മുഖർജിയെയും എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെയും സി. പി. എം മത്സരിപ്പിക്കുമെന്നത് എന്തായാലും ഉറപ്പാണ്. സമാനമായ രീതിയില്‍ കേരളത്തില്‍ നിന്നുള്ള യുവജന വിദ്യാർത്ഥി നേതാക്കള്‍ക്കും അവസരം നല്‍കാനുള്ള സാധ്യതയും ഏറെയാണ്.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളിലൂടെ ഉയർന്നുവന്ന നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് യുവവോട്ടർമാരുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമമായും വിലയിരുത്താവുന്നതാണ്. 

ഏതൊരു സ്ഥാനാർത്ഥിയുടെ വിജയത്തിനും ജനകീയതയും വ്യക്തിപരമായ സ്വാധീനവും മണ്ഡലത്തിലെ സംഘടനാ സംവിധാനവും മാത്രമല്ല പൊതുസമൂഹത്തിലുള്ള അംഗീകാരവും ഏറെ നിർണായകമാണ്. അതിനാല്‍ തന്നെ പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയും സി.പി.എമ്മിന് മുന്നില്‍ നിലവിലുണ്ട്.

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടർമാർ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് ഉള്ളത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 19 സീറ്റുകള്‍ നേടിയപ്പോള്‍ ഇടതുപക്ഷത്തിന് ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു. 

എന്നാല്‍ രണ്ടുവർഷത്തിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് 18 സീറ്റുകള്‍ നേടിയപ്പോള്‍ ഇടതുപക്ഷത്തിന് ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു.

 തൃശൂരിലാകട്ടെ ബി.ജെ.പി വിജയിക്കുകയും ചെയ്തു. ഈ കണക്കുകള്‍ സി.പി.എമ്മിന് നല്‍കുന്ന മുന്നറിയിപ്പ് വളരെ വ്യക്തമാണ്. കേരളത്തില്‍ ശക്തമായ സംഘടനാ സംവിധാനമുണ്ടെന്നതുകൊണ്ടു മാത്രം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ല.

ദേശീയ രാഷ്ട്രീയ സാഹചര്യവും പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള വോട്ടർമാരുടെ നിലപാടും കേന്ദ്രത്തില്‍ ഏത് മുന്നണി അധികാരത്തിലെത്തണമെന്ന ചിന്തയും കേരളത്തിലെ ലോക്‌സഭാ വോട്ടെടുപ്പിനെ തീർച്ചയായും സ്വാധീനിക്കും. ഇവിടെയാണ് ദേശീയ തലത്തിലെ പ്രക്ഷോഭങ്ങളും പുതിയ കൂട്ട് കെട്ടുകളും ഇടതുപക്ഷത്തിന് തുണയാകുവാൻ പോകുന്നത്. 

കേരളത്തിലെ യു.ഡി.എഫ് സർക്കാരിനെതിരെ ജനവികാരം രൂപപ്പെടുകയും ദേശീയതലത്തില്‍ തിരുത്തല്‍ ശക്തിയായി നിലയുറപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന ബോധ്യം വോട്ടർമാർക്ക് ഉണ്ടാവുകയും ചെയ്താല്‍ വലിയ രാഷ്ട്രീയ അട്ടിമറി തന്നെ കേരളത്തില്‍ സംഭവിക്കും.

അതുകൊണ്ട് കേരളത്തിലെ ഭരണവിരുദ്ധ വികാരത്തെയും ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ പ്രസക്തിയെയും കുട്ടി യോജിപ്പിച്ചുള്ള ഒരു സ്ട്രാറ്റർജി ആയിരിക്കും സി.പിഎം രൂപപ്പെടുത്തുക. തൃശൂരില്‍ കഴിഞ്ഞ തവണ ബി.ജെ.പി നേടിയ ഏക സീറ്റ് പിടിച്ചെടുക്കുക എന്നതും ഇടതുപക്ഷത്തിൻ്റെ ടാർഗറ്റാണ്. മൂന്നുമുന്നണികളും ശക്തമായി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വോട്ടുകളുടെ ചെറിയ മാറ്റങ്ങള്‍ പോലും അപ്രതീക്ഷിത ഫലങ്ങള്‍ക്ക് തന്നെ കാരണമാകും.

 അതിനാല്‍ തന്നെ യു.ഡി.എഫിന്റെ ദൗർബല്യം മാത്രം കണക്കിലെടുത്തുള്ള തിരഞ്ഞെടുപ്പ് തന്ത്രം സി.പി.എമ്മിന് മതിയാകില്ല. മുഖ്യമന്ത്രി വിഡി സതീശൻ ബിജെപിയുടെ ബി ടീമാണ് എന്ന പ്രചരണം ന്യൂനപക്ഷ കേന്ദ്രങ്ങളില്‍, ഇടതുപക്ഷത്തിന് ഗുണം ചെയ്യാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. സ്വന്തം വോട്ടുകള്‍ നിലനിർത്തുന്നതിനൊപ്പം യു.ഡി.എഫില്‍ നിന്നും പുതിയ വോട്ടർമാരെ ആകർഷിക്കാനും ബി.ജെ.പിയുടെ വളർച്ചയെ പ്രതിരോധിക്കാനുമായി കൃത്യമായ ഒരു രൂപരേഖ തന്നെ തയ്യാറാക്കുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.

കേരളത്തിലെ യു.ഡി.എഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷികളിലൊന്നാണ് മുസ്ലിംലീഗ്. കോണ്‍ഗ്രസ്സുമായുള്ള ലീഗിന്റെ ബന്ധത്തില്‍ ഗുരുതരമായ വിള്ളല്‍ ഉണ്ടാകുന്ന സാഹചര്യം രൂപപ്പെട്ടാല്‍ അതും യു.ഡി.എഫിൻ്റെ സാധ്യതകളെയാണ് ബാധിക്കുക. 

ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ പല നിലപാടുകളും സംഘപരിവാർ അനുകൂല നിലപാടാണെന്ന അഭിപ്രായം ലീഗ് അണികള്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലും ശക്തമാണ്. ഇത് രൂക്ഷമായാല്‍ അതും യു ഡി എഫ് വോട്ട് ബാങ്കിനെ സാരമായി തന്നെ ബാധിക്കും. ഇവിടെ മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നിലുള്ള രാഷ്ട്രീയ വെല്ലുവിളി വളരെ വലുതാണ്. 

സ്വന്തം സർക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം കോണ്‍ഗ്രസ്സിനകത്തെ അസംതൃപ്തരെ ഒരുമിപ്പിക്കാനും ഘടകകക്ഷികളുടെ വിശ്വാസം നിലനിർത്താനും അദ്ദേഹത്തിന് കഴിയേണ്ടതുണ്ട്.

പ്രത്യേകിച്ച്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങള്‍ മൂർച്ചിച്ചാല്‍ അത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെയും പ്രതികൂലമായി ബാധിക്കും. സതീശനെ മാറ്റിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ, അതോ മുഖ്യമന്ത്രിമാറ്റം പുതിയ തർക്കങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്നതെല്ലാം കോണ്‍ഗ്രസ്സ് ഹൈക്കമാൻഡിന് മുന്നിലുള്ള പ്രധാന ചോദ്യമാണ്.

 കാരണം ഒരു മുഖ്യമന്ത്രിയെ മാറ്റുക എന്നത് കേവലം വ്യക്തിയെ മാറ്റുന്ന തീരുമാനമല്ല. അത് ഭരണത്തിന്റെ തുടർച്ചയെയും പാർട്ടിക്കുള്ളിലെ അധികാരസമവാക്യങ്ങളെയും, ഘടകകക്ഷികളുമായുള്ള ബന്ധത്തെയും എല്ലാം ബാധിക്കുന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ യു.ഡി.എഫിനകത്തെ പ്രതിസന്ധികള്‍ നീണ്ടുപോകുന്നത് സി.പി.എമ്മിന് അനുകൂലമാകാമെന്ന വിലയിരുത്തലിനും രാഷ്ട്രീയ അടിസ്ഥാനമുണ്ട്. മറ്റുള്ളവരുടെ ദൗർബല്യത്തില്‍നിന്നും ലഭിക്കുന്ന അവസരം സ്വന്തം ശക്തിയാക്കി മാറ്റാൻ കഴിയുമ്പോഴാണ് ഒരു രാഷ്ട്രീയ പാർട്ടി യഥാർത്ഥ വിജയം നേടുന്നത്.

 അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഏറ്റവും വലിയ പരീക്ഷണം കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുക എന്നത് മാത്രമായിരിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശ്വസനീയമായ ഒരു രാഷ്ട്രീയ ബദല്‍ അവതരിപ്പിക്കുക എന്നതുകൂടിയായിരിക്കും.

യുവാക്കളെയും സ്ത്രീകളെയും മുൻനിരയിലേക്ക് കൊണ്ടുവരുന്ന സ്ഥാനാർത്ഥിപ്പട്ടികയും, ജനകീയ വിഷയങ്ങള്‍ ഉയർത്തിയുള്ള പ്രചാരണവും ശക്തമായ സംഘടനാ പ്രവർത്തനവും ഒരുമിച്ചാല്‍, ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം നടത്താനുള്ള സാഹചര്യമാണ് രൂപപ്പെടുക. ഇത് പറയുമ്പോഴും 20ല്‍ 15 സീറ്റുകള്‍ നേടുകയെന്നത് ചെറിയ ലക്ഷ്യമല്ല. 

കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഓരോ സീറ്റില്‍ ഒതുങ്ങിയ ഇടതുപക്ഷത്തിന്, അവിടെനിന്നും 15 സീറ്റുകളിലേക്കുള്ള കുതിപ്പ് നടത്തണമെങ്കില്‍ വോട്ടർമാരുടെ രാഷ്ട്രീയ നിലപാടില്‍ വലിയ മാറ്റം തന്നെ സംഭവിക്കേണ്ടതുണ്ട്. അതിനുള്ള സാഹചര്യം കേരളത്തില്‍ രൂപപ്പെടുമോ എന്നതാണ് ഇനി അറിയേണ്ടത്.

കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുമോ? വി.ഡി. സതീശൻ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമോ? അസംതൃപ്തരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ തിരഞ്ഞെടുപ്പ് സമയത്ത് വിമതരായി രംഗത്തിറങ്ങുമോ? യുവാക്കള്‍ക്കും

 സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കുന്ന പുതിയ സ്ഥാനാർത്ഥിനിരയിലൂടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതാൻ സി.പി.എമ്മിന് കഴിയുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങളായിരിക്കും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുക.

ഒരുകാര്യം വ്യക്തമാണ്. കേരളത്തിലെ ഭരണകക്ഷിയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ നീളുകയും ഭരണവിരുദ്ധ വികാരം ശക്തിപ്പെടുകയും ചെയ്താല്‍, അതിനെ വലിയൊരു തിരഞ്ഞെടുപ്പ് അവസരമാക്കി മാറ്റാൻ ഇടതുപക്ഷം ശ്രമിക്കുമെന്നതില്‍ സംശയമില്ല. അത് സീറ്റുകളുടെ എണ്ണത്തില്‍ എത്രമാത്രം കണ്‍വർട്ടാകും എന്നതാണ് ഇനി കണ്ടറിയേണ്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network