കൊല്ലം: കൊട്ടിയത്ത് ടാർ മിക്സിങ് പ്ലാന്റിൽനിന്നുള്ള പുകയും രൂക്ഷമായ ദുർഗന്ധവും ശ്വസിച്ചതിനെത്തുടർന്ന് ഓക്സിലിയം സ്കൂളിലെ 60-ലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് സംഭവം. മൂന്ന് വിദ്യാർഥികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ശ്വാസതടസ്സം, തലകറക്കം, ചൊറിച്ചിൽ, ഛർദി തുടങ്ങിയ അസ്വസ്ഥതകളാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. ചില അധ്യാപകർക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭ്യമായ വിവരം.
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽനിന്നുള്ള പുകയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നേരത്തേ പഞ്ചായത്ത് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും കോടതി നടപടികൾക്കുശേഷം പ്രവർത്തനം പുനരാരംഭിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തെത്തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും നിർത്തിവെച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ കലക്ടർ വിവിധ വകുപ്പുകളിൽനിന്ന് റിപ്പോർട്ട് തേടിയതായും വിവരമുണ്ട്.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.
പ്ലാന്റ് സ്ഥിരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്നും സ്കൂളിന് സമീപം ഇത്തരം വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യം ശക്തമാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.