ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്ത തിരുപ്പരങ്കുൺട്രം മലയിൽ വിവാദമായ ദീപത്തൂണിൽ നവംബർ 28ന് കാർത്തിക ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നവംബർ 24ന് ദീപം തെളിയിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽനിന്ന് അഗ്നി പകർന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാമെന്നും കോടതി നിർദേശിച്ചു.
ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോർഡിനെ കോടതി സസ്പെൻഡ് ചെയ്തു. ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിർവഹിക്കാനും ഉത്തരവ് നടപ്പാക്കുന്നത് ഉറപ്പാക്കാനും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ എസ്. വൈദ്യനാഥൻ, വി. പാർഥിബൻ എന്നിവരെ റിസീവർമാരായി നിയമിച്ചു.
ദീപത്തൂണിൽനിന്ന് സമീപത്തെ സിക്കന്ദർ ബാദുഷ ദർഗയിലേക്ക് എല്ലാ ദിശകളിലും കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കണമെന്നും കോടതി നിർദേശിച്ചു. ഭക്തർക്കും ദീപം തെളിയിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ക്ഷേത്രത്തിന്റെയും ദർഗയുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര റിസർവ് പൊലീസ് സേനയെ (CRPF) ചുമതലപ്പെടുത്തി. ദർഗയിലെത്തുന്നവരുടെ പ്രാർഥനകൾക്ക് തടസ്സമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
മുൻ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, മധുര ജില്ലാ കലക്ടർ, ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. സംഭവങ്ങളുടെ വിശദാംശങ്ങളും ബന്ധപ്പെട്ട ഔദ്യോഗിക ആശയവിനിമയ രേഖകളും ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാനും ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ഡിസംബർ 15ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണം.
തിരുപ്പരങ്കുൺട്രം മലയിൽ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ആചാരപരമായ അവകാശത്തർക്കത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിലവിലെ ഉത്തരവ് ഈ വർഷത്തെ ദീപം തെളിയിക്കാനുള്ള താൽക്കാലിക ക്രമീകരണമാണ്. തർക്കത്തിലെ മറ്റ് നിയമപ്രശ്നങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിൽ തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.