തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേരളത്തിൽ ക്യാമ്പസുകൾ ആരംഭിക്കാൻ അവസരമൊരുക്കുന്ന പുതിയ നിയമനിർമാണവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നു. കേരള പ്രൈവറ്റ് യൂണിവേഴ്‌സിറ്റീസ് (എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് റെഗുലേഷൻ) ബിൽ 2026 ആണ് നിയമസഭയുടെ പരിഗണനയ്ക്ക് വരുന്നത്. നവംബർ 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം.
ഉന്നതവിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികവിദ്യ, വ്യവസായം എന്നിവയെ ഒരുമിപ്പിച്ച് കേരളത്തെ വിദ്യാഭ്യാസ-ഗവേഷണ നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് കേരള നോളജ് വാലി പദ്ധതിയുടെ ലക്ഷ്യം. ഈ മേഖലകളിൽ വിദേശ സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പസുകളോ കേന്ദ്രങ്ങളോ ആരംഭിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. സർവകലാശാലാ ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) ചട്ടങ്ങൾക്കും ആവശ്യമായ രജിസ്ട്രേഷൻ വ്യവസ്ഥകൾക്കും വിധേയമായിരിക്കും പ്രവർത്തനം.
പുതിയ ബിൽ പ്രകാരം ഓരോ കോഴ്‌സിലെയും സീറ്റുകളിൽ യോഗ്യരായ അപേക്ഷകരുണ്ടെങ്കിൽ കേരളത്തിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് 25 ശതമാനം വരെ മുൻഗണന നൽകാൻ വ്യവസ്ഥയുണ്ട്. പട്ടികജാതി വിഭാഗത്തിന് കുറഞ്ഞത് 15 ശതമാനവും പട്ടികവർഗ വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം നിർദേശിക്കുന്നു. ആവശ്യമായ യോഗ്യതയുള്ള അപേക്ഷകരുടെ ലഭ്യതയും സംസ്ഥാനത്തെ സംവരണ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും.
വിദ്യാഭ്യാസം, ഗവേഷണം, ഡീപ് ടെക്‌നോളജി, ലൈഫ് സയൻസ്, സമുദ്രശാസ്ത്രം, എയ്‌റോസ്‌പേസ് തുടങ്ങിയ മേഖലകളിൽ നിക്ഷേപവും സ്ഥാപനങ്ങളും ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അനുമതികൾ വേഗത്തിലാക്കാൻ ഏകജാലക സംവിധാനവും നോളജ് വാലിയുടെ വികസനത്തിന് പ്രത്യേക അതോറിറ്റിയും രൂപീകരിക്കാനാണ് നിർദേശം. ബിൽ നിയമസഭയിൽ ചർച്ച ചെയ്ത് അംഗീകരിക്കപ്പെടുകയും തുടർനിയമനടപടികൾ പൂർത്തിയാകുകയും ചെയ്ത ശേഷമേ നിർദേശങ്ങൾ നിയമപരമായി നടപ്പിലാക്കാനാകൂ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.