കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഓൺലൈൻ നിക്ഷേപത്തിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിച്ച വ്യാജ വീഡിയോയിൽ വിശ്വസിച്ച് കോഴിക്കോട് സ്വദേശിയായ 63കാരന് 1.41 കോടി രൂപ നഷ്ടമായി. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നടുവണ്ണൂർ നൊച്ചാട് സ്വദേശിയായ അബ്ദുറഹിമാൻ പി. ആണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിൽ ധനമന്ത്രി നിർമല സീതാരാമന്റേതെന്ന വ്യാജേന പ്രചരിപ്പിച്ച വീഡിയോ കണ്ടതിനെത്തുടർന്ന് അതിനൊപ്പം നൽകിയ ലിങ്കിൽ പ്രവേശിക്കുകയും തട്ടിപ്പുകാരുടെ നിർദേശപ്രകാരം പണം നിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
2025 ജൂൺ ആറു മുതൽ 2026 നവംബർ നാലുവരെ നീണ്ട കാലയളവിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 30 ഇടപാടുകളിലൂടെ വിവിധ അക്കൗണ്ടുകളിലേക്ക് 1.41 കോടി രൂപ കൈമാറിയെന്നാണ് പരാതി. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്.
നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ പരാതി നൽകാൻ വൈകിയതായും പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 318(4) വകുപ്പും വിവരസാങ്കേതിക നിയമത്തിലെ 66D വകുപ്പും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും ഫോൺവിളികളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.