ഇടുക്കി: ചിന്നക്കനാലിൽ ജനവാസമേഖലകളിൽ ഭീതിയുണ്ടാക്കിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ആനയിറങ്കൽ അണക്കെട്ടിലെ ജലാശയത്തിന് സമീപം ആന എത്തിയതോടെ മയക്കുവെടിവെക്കാനുള്ള ശ്രമം ഉച്ചയ്ക്കുശേഷത്തേക്ക് മാറ്റി. ആനയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് വനംവകുപ്പ് ദൗത്യം ആരംഭിച്ചത്. ഏകദേശം 140 അംഗസംഘമാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. മണ്ണാർ ഡിവിഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വിവിധ ദ്രുതപ്രതികരണ സംഘങ്ങളും എലിഫന്റ് സ്ക്വാഡും ദൗത്യത്തിന്റെ ഭാഗമാണ്. വയനാട് മുത്തങ്ങയിൽനിന്നുള്ള വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളെയും എത്തിച്ചിട്ടുണ്ട്.
രാവിലെ പൊന്നുസ്വാമി എസ്റ്റേറ്റിന് സമീപം നിരീക്ഷണത്തിലായിരുന്ന ചക്കക്കൊമ്പൻ പിന്നീട് ആനയിറങ്കൽ ജലാശയത്തിലേക്ക് നീങ്ങി. തുടർന്ന് നീന്തി ജലാശയത്തിലെ ഒരു തുരുത്തിലെത്തി. ഇവിടെവെച്ച് മയക്കുവെടി പ്രയോഗിക്കുന്നത് അപകടകരമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. മയക്കുവെടിയേറ്റാൽ ആന വെള്ളത്തിൽ വീണ് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി മാറ്റിയത്.
ആനയെ ജലാശയത്തിൽനിന്ന് സുരക്ഷിതമായ വനമേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘവും ദൗത്യത്തിനായി സജ്ജമാണ്. മയക്കുവെടിവെച്ച് ആരോഗ്യപരിശോധന നടത്തിയശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ അതേ വനമേഖലയിൽത്തന്നെ തുറന്നുവിടാനാണ് പദ്ധതി.
അതേസമയം, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി നൽകി. ദൗത്യമേഖലയിലേക്ക് അനാവശ്യമായി എത്തരുതെന്നും ആനയെ കാണാൻ കൂട്ടംകൂടരുതെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചക്കക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വനംവകുപ്പ്. സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കിയശേഷം മാത്രമേ മയക്കുവെടി പ്രയോഗിക്കൂ. ദൗത്യത്തിന്റെ വിജയത്തിൽ ആനയുടെ നീക്കങ്ങളും പ്രദേശത്തെ ഭൂപ്രകൃതിയും നിർണായകമാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.