ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിർത്തിക്ക് സമീപം ചൈന നിർമ്മിക്കുന്ന 60 ജിഗാവാട്ട് ശേഷിയുള്ള മെഡോഗ് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നത് വ്യക്തമാക്കി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍.
അരുണാചല്‍ പ്രദേശ്, അസം തുടങ്ങിയ ഇന്ത്യയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കുന്ന നീക്കമാണ് ചൈന നടത്തുന്നത്. അതെസമയം ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാനും ജലപ്രവാഹം നിയന്ത്രിക്കാനും ഇന്ത്യ ആസൂത്രണം ചെയ്യുന്ന 11,200 മെഗാവാട്ടിന്റെ 'സിയാങ് അപ്പർ മള്‍ട്ടിപർപ്പസ് പ്രോജക്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.ഐഐടി ഡല്‍ഹിയിലെ ഇൻകുബേറ്റഡ് ജിയോസ്പേഷ്യല്‍ എഐ സ്റ്റാർട്ടപ്പായ എർത്ത്സെൻസ് ലാബ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളുമുള്ളത്. ബ്രഹ്മപുത്ര നദിയുടെ താഴ്ന്ന ഭാഗങ്ങളില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ വ്യാപകമാണ്.
പ്രധാന അണക്കെട്ട് നിർമ്മിക്കുന്ന സ്ഥലത്തെ ഗ്രാമങ്ങള്‍ പൂർണ്ണമായും ഒഴിപ്പിച്ചിരിക്കുന്നു. നദി തിരിച്ചുവിടുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നു. അരുണാചല്‍ അതിർത്തിക്ക് സമീപം വൻകിട വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായിട്ടുണ്ട്.
പ്രധാനപ്പെട്ട നാല് കേന്ദ്രങ്ങളില്‍ ജോലികള്‍ തകൃതിയായി നടക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കി. മെയിൻലിംഗ് പട്ടണത്തിന് സമീപമുള്ള വലിയ അണക്കെട്ടിന്റെ ജോലികളാണ് ഇവയിലൊന്ന്. 2025 ജൂലൈക്ക് ശേഷം ഇവിടെ നിർമ്മാണം ശക്തമായി. 2025 ഡിസംബറോടെ ഗ്രാമങ്ങളും കൃഷിയിടങ്ങളും ഒഴിപ്പിച്ച് മണ്ണെടുപ്പ് ആരംഭിച്ചു.
2026 ഓഗസ്റ്റോടെ നദി തിരിച്ചുവിടുന്ന ജോലികളും പുതിയ റോഡുകളും ഓഫീസ് കെട്ടിടങ്ങളും വടക്കൻ തീരത്ത് ഉയർന്നുവന്നു. പൈ പട്ടണത്തിന് സമീപമുള്ള താഴ്ന്ന അണക്കെട്ടാണ് മറ്റൊരു നിർമാണ പ്രവൃത്തി. നാംച ബർവ പർവ്വതത്തിലൂടെയുള്ള തുരങ്കത്തിന്റെ ജോലികളും നടക്കുന്നു. മറ്റൊന്ന് ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള തുരങ്കത്തിന്റെ ഭാഗമാണ്.
ഏകദേശം 168 ബില്യണ്‍ ഡോളർ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ പദ്ധതി. 50 കിലോമീറ്റർ ദൂരത്തില്‍ നദിക്കുണ്ടാകുന്ന 2,000 മീറ്ററിലധികം താഴ്ച പ്രയോജനപ്പെടുത്താൻ ഏകദേശം 40 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളാണ് നിർമ്മിക്കുന്നത്. അരുണാചല്‍ പ്രദേശിന് 40 - 50 കിലോമീറ്റർ വടക്കായി മക്മഹോൻ രേഖയ്ക്ക് തൊട്ടടുത്താണ് ഈ പദ്ധതി.
ചൈനയുടെ അണക്കെട്ടില്‍ നിന്നും പെട്ടെന്നുണ്ടാകുന്ന ജലപ്രവാഹ മാറ്റങ്ങളെ പ്രതിരോധിക്കാനും താഴ്ന്ന പ്രദേശങ്ങളിലെ ആഘാതം കുറയ്ക്കാനുമാണ് അരുണാചലിലെ സിയാങ്, അപ്പർ സിയാങ്, ഈസ്റ്റ് സിയാങ് ജില്ലകളിലായി 11,200 മെഗാവാട്ടിന്റെ എസ്‌യുഎംപി പദ്ധതി ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നത്.
ചൈനയുടെ പദ്ധതിക്ക് 5.2 ബില്യണ്‍ ക്യുബിക് മീറ്റർ സംഭരണശേഷിയാണുള്ളതെങ്കില്‍, ഇന്ത്യയുടെ എസ്‌യുഎംപി റിസർവോയറിന് ഏകദേശം 9.2 ബിസിഎം ജലം സംഭരിക്കാൻ ശേഷിയുണ്ടാകും.
ഇത് വേനല്‍ക്കാലത്ത് ജലലഭ്യത ഉറപ്പാക്കാനും പ്രവാഹം നിയന്ത്രിക്കാനും സഹായിക്കുമെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.