ടെഹ്റാൻ: പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ച് ഹോർമൂസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണം ഉണ്ടായി.
ഒമാൻ തീരത്തോട് ചേർന്നുള്ള തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലുകളിലൊന്നിന് നേരെ നടന്ന ആക്രമണത്തിൽ തീപ്പിടുത്തമുണ്ടായെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇതിന് പുറമെ, ഹോർമൂസ് കടലിടുക്കിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയായിരുന്ന മറ്റൊരു എണ്ണക്കപ്പലിനും ആക്രമണത്തിൽ തീപിടിച്ചു.കുവൈത്ത് പതാക വഹിച്ച ‘ഖമീസ 3’ എന്ന കപ്പലിൽ കുടുങ്ങിയ അഞ്ച് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. രക്ഷപ്പെടുത്തിയ ഈ അഞ്ച് പേരും ഇന്ത്യക്കാരാണ് എന്നത് ആശ്വാസകരമാണ്.
അതിനിടെ, സൗദി അറേബ്യയുടെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ വീണ്ടും ശക്തമായി. അസീർ പ്രവിശ്യയിലെ ഒരു പള്ളിക്ക് മുകളിലേക്ക് പതിച്ച ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ തെറിച്ചുവീണ് ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റു.
ഇയാളെ ഉടൻ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മിസൈൽ പതനത്തെത്തുടർന്ന് സമീപത്തുണ്ടായിരുന്ന നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സൗദിയുടെ തെക്കൻ പ്രവിശ്യയായ നജ്റാനിലും ഹൂതികൾ അയച്ച ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഒരു വിദ്യാലയത്തിന് മുകളിൽ പതിച്ചു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സ്കൂൾ കെട്ടിടത്തിന് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മേഖലയിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരന്തരം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യത്തിൽ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ സൗദി സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് നേരെയുണ്ടാകുന്ന ഇത്തരം തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര എണ്ണ വിപണിയെയും ആഗോള ചരക്കുനീക്കത്തെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഒമാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും സമുദ്ര സുരക്ഷാ ഏജൻസികളും സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരികയാണ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.