അമ്പലപ്പുഴ: പുന്നപ്രയില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. വിധവയായ വീട്ടമ്മയുടെ ഓട്ടോറിക്ഷ അടിച്ചുതകർത്ത അക്രമികള്‍ സമീപത്തെ പുരയിടത്തിലെ കൃഷികളും നശിപ്പിച്ചു.
പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കക്ക കൂനാഞ്ഞലിക്കല് ഷെഹ്നയുടെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ തകർത്തത്. രണ്ട് പെണ്മക്കളുടെ അമ്മയായ ഷെഹ്ന ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്.ഇവരുടെ ഏക ഉപജീവനമാർഗമാണ് അക്രമികള്‍ നശിപ്പിച്ചത്. ഇവരുടെ സമീപവാസിയായ കാക്കരിയില്‍ ജോണ്‍ കുട്ടിയുടെ പുരയിടത്തിലെ ചേമ്പ് ഉള്‍പ്പെടെയുള്ള കൃഷികളും ഇതേ രാത്രി നശിപ്പിച്ചു.
രാത്രി ജോലിക്കു പോകുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ റോഡില്‍ ചേമ്പ് പിഴുതിട്ട നിലയില്‍ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയും തകർന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബർ നാലിന് ഇവരുടെ സമീപവാസിയായ കാക്കരിയില്‍ ദാസപ്പന്റെ സ്കൂട്ടറും സാമൂഹിക വിരുദ്ധർ കത്തിച്ചിരുന്നു.
പ്രദേശത്ത് മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നും ജനങ്ങള്‍ കടുത്ത ഭീതിയിലാണെന്നും നാട്ടുകാർ പറയുന്നു. സംഭവത്തില്‍ പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.