ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നിർദിഷ്ട സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസിഘാട്ടിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അക്രമത്തിൽ ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെ (എൻഎച്ച്പിസി) ഓഫീസിനും പൊലീസ് സ്റ്റേഷനും തീയിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കലിങ് മോയോങ്, എംഎൽഎമാരായ നിനോങ് എറിങ്, ഓനി പന്യാങ് എന്നിവരുടെ വീടുകളും അക്രമികൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ 40-ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഒരു ഡിവൈഎസ്പിയെയും ഉൾപ്പെടുന്നു. ഇദ്ദേഹത്തെ തുടർചികിത്സയ്ക്കായി അസമിലെ ദിബ്രുഗഢിലേക്ക് മാറ്റി. പരിക്കേറ്റ സുരക്ഷാസേനാംഗങ്ങളെ പ്രവേശിപ്പിച്ച ആശുപത്രിക്കു നേരെയും കല്ലേറുണ്ടായി.
11,200 മെഗാവാട്ട് ശേഷിയുള്ള നിർദിഷ്ട സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിക്കെതിരായ 12 മണിക്കൂർ ബന്ദ് അവസാനിച്ചതിനു പിന്നാലെയാണ് അക്രമം ആരംഭിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങൾ നിർത്തിവയ്ക്കുക, അറസ്റ്റിലായ പത്ത് പ്രവർത്തകരെ മോചിപ്പിക്കുക, മേഖലയിൽ വിന്യസിച്ച കേന്ദ്രസേനയെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധ സംഘടനകൾ ഉന്നയിക്കുന്നത്.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പസിഘാട്ട്, മേബോ, റുക്സിൻ മേഖലകളിൽ അഞ്ചിലധികം പേർ കൂട്ടംചേരുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനമേർപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി പേമ ഖണ്ഡു, സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എന്നാൽ അക്രമവും പൊതുമുതൽ നശിപ്പിക്കലും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും എതിർപ്പുകളും ചർച്ച ചെയ്യാൻ സർക്കാരിന്റെ വാതിലുകൾ തുറന്നിട്ടുണ്ടെന്നും ബന്ധപ്പെട്ട സംഘടനകളുമായി സംവദിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.