ന്യൂഡല്‍ഹി: പുരുഷ സഹപ്രവർത്തകരില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി പരാതിപ്പെട്ട് നിരവധി വനിതാ ജഡ്ജിമാർ തന്നെ സമീപിച്ചിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്.
ലൈംഗികാതിക്രമം എന്നത് ഇന്ത്യൻ ജുഡീഷ്യറിക്കുള്ളിലെ 'മൂടിവച്ച രഹസ്യമാണെന്നും' ഇതിനെക്കുറിച്ച് സംസാരിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു. 29-ാമത് ഡി.എസ് ബോർക്കർ മെമോറിയല്‍ ലെക്ചറില്‍ സംസാരിക്കുകയായിരുന്നു അവർ.ജുഡീഷ്യല്‍ സിസ്റ്റത്തില്‍ അന്തർലീനമായുള്ള ശ്രേണീബദ്ധമായ ഘടനയാണ് ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം നേരിട്ട ഒരു വനിതാ ജഡ്ജിക്ക് വേണ്ടി താൻ ഹാജരായ സംഭവം അവർ വേദിയില്‍ പങ്കുവെച്ചു. ഒരു പുരുഷ ജഡ്ജിയുടെ 25-ാമത് വിവാഹ വാർഷിക പാർട്ടിയില്‍ പങ്കെടുക്കാനും അവിടെ ഒരു 'ഐറ്റം നമ്പറിന്' ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടു.
ഇതിന് വിസമ്മതിച്ചതിനെ തുടർന്ന് ആ വനിതാ ജഡ്ജിക്ക് സ്വന്തം ജോലി തന്നെ നഷ്ടപ്പെട്ടു. ഇത്തരം മോശം പ്രവണതകള്‍ 2047-ഓടെ അവസാനിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
മുതിർന്ന അഭിഭാഷകൻ ഡോ. എസ് മുരളീധറിന്റെ പ്രഭാഷണത്തിന് ശേഷമാണ് ഇന്ദിര ജെയ്‌സിങ് സംസാരിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ജന്മിത്വ-ശ്രേണീബദ്ധമായ രീതികള്‍ക്കെതിരെ ഡോ. മുരളീധറും പ്രതികരിച്ചിരുന്നു. മുതിർന്ന പുരുഷ സഹപ്രവർത്തകരില്‍ നിന്നും വനിതാ ജഡ്ജിമാർ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സംഭവങ്ങള്‍ വർധിച്ചുവരുന്നതായി അദ്ദേഹവും ചൂണ്ടിക്കാട്ടി.
ഇത്തരം അനീതി നിറഞ്ഞ വ്യവസ്ഥയില്‍ ഇന്ത്യൻ ഭരണഘടനയാണ് തനിക്ക് പ്രതീക്ഷ നല്‍കുന്നതെന്ന് ഇന്ദിര ജെയ്‌സിങ് പറഞ്ഞു. ഭരണഘടനയെ മാറ്റാൻ ശ്രമിക്കുന്നതില്‍ നിന്ന് ഭരണകക്ഷിയെ തടയാൻ പൗരന്മാർക്ക് കഴിയുന്നിടത്തോളം കാലം ഇവിടെ പ്രതീക്ഷയുണ്ട്.
വനിതാ സംവരണവുമായി മണ്ഡല പുനർനിർണയത്തെ ബന്ധിപ്പിക്കുന്നതും, ഒരേ രാജ്യം ഒരേ തിരഞ്ഞെടുപ്പ് എന്ന ആശയവുമെല്ലാം ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന നീക്കങ്ങളാണെന്നും ഇന്ദിര ജെയ്‌സിങ് കൂട്ടിച്ചേർത്തു.
പാർലമെന്റില്‍ പ്രതിപക്ഷത്തിന്റെ പ്രാതിനിധ്യം കുറയ്ക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളിലെ വിമത വിഭാഗങ്ങള്‍ക്ക് പാർട്ടി ചിഹ്നങ്ങള്‍ നല്‍കുന്ന പ്രവണതകള്‍ക്കെതിരെയും അവർ സംസാരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.