ന്യൂഡല്‍ഹി: അടുത്ത വിമാന സർവീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ എയർ ഇന്ത്യ പൈലറ്റിനെ ഡല്‍ഹിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സണ്ണി അസല്‍ദേക്കറാണ് മരണപ്പെട്ടത്. ഡല്‍ഹി വസന്ത് കുഞ്ചിലെ ഹോട്ടലില്‍ ലേ ഓവറിന്റെ ഭാഗമായി വിശ്രമിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ എയർ ഇന്ത്യ എക്സ്പ്രസില്‍ സേവനമനുഷ്ഠിച്ചിരുന്ന സണ്ണി അസല്‍ദേക്കർ ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് മാതൃസ്ഥാപനമായ എയർ ഇന്ത്യയിലേക്ക് മാറിയത്.ശനിയാഴ്ച പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡായി സർവീസ് നടത്താൻ നിശ്ചയിച്ചിരുന്നതും അദ്ദേഹത്തെയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10-നാണ് ഡ്യൂട്ടിയുടെ ഭാഗമായി പൈലറ്റ് വസന്ത് കുഞ്ചിലെ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ പിറ്റേദിവസം സഹോദരൻ പലതവണ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പൈലറ്റ് ഫോണ്‍ എടുത്തില്ല.
തുടർന്ന് ആശങ്കാകുലനായ സഹോദരൻ ഹോട്ടല്‍ മാനേജ്‌മെന്റിനെ വിവരമറിയിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർ മുറിക്ക് പുറത്തെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ ഒടുവില്‍ മാസ്റ്റർ കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് പൈലറ്റിനെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് വസന്ത് കുഞ്ച് നോർത്ത് പോലീസ് സംഘം സ്ഥലത്തെത്തി അദ്ദേഹത്തെ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് മുൻപേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോലീസിന്റെ പ്രത്യേക ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘം ഹോട്ടല്‍ മുറിയിലെത്തി ഫോറൻസിക് പരിശോധനകള്‍ നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മരണകാരണത്തില്‍ വ്യക്തത വരുത്താൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രിയ സഹപ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ എയർ ഇന്ത്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ക്യാപ്റ്റൻ സണ്ണി അസല്‍ദേക്കറുടെ കുടുംബവുമായി മാനേജ്‌മെന്റ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഈ വിഷമഘട്ടത്തില്‍ കുടുംബത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുമെന്നും എയർ ഇന്ത്യ ഔദ്യോഗിക വാർത്താക്കുറിപ്പില്‍ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.