ലഖ്നൌ: ഉത്തർപ്രദേശിലെ ബിജ്നോറില്‍ ഭാര്യയെയും ഭർത്താവിനെയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഛോട്ടൂവിന്റെ മൃതദേഹം കണ്ടെത്തിയതെങ്കില്‍ ഗംഗാ നദിക്കരയിലാണ് ഭാര്യ സുഷമയുടെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു.കനത്ത മഴയും മോശം കാഴ്ചപരിധിയും കാരണം തിങ്കളാഴ്ച രാത്രി നിർത്തിവെച്ച തിരച്ചില്‍ ചൊവ്വാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. തുടർന്ന് ഗംഗാ നദിക്കരയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹം സുഷമയുടേതാണെന്ന് സ്ഥിരീകരിച്ചു. സമീപത്തെ കാട്ടില്‍ നടത്തിയ തെരച്ചിലില്‍ ആണ് ഭർത്താവ് ഛോട്ടൂവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹത വർദ്ധിപ്പിക്കുന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവന്നത്. ഭാര്യയുടെ ചുരിദാർ ധരിച്ച നിലയിലാണ് ഛോട്ടൂവിന്റെ മൃതദേഹം കാണപ്പെട്ടത്. ദമ്പതികള്‍ തമ്മില്‍ എന്തെങ്കിലും തർക്കമുണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് സംഘം സ്ഥലത്തെത്തി രണ്ട് കേന്ദ്രങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു.
മരണ കാരണം വ്യക്തമാകുന്നതിനായി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ മരണത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ മുനിരാജ് ചൊവ്വാഴ്ച വൈകുന്നേരം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് അദ്ദേഹം വിവരങ്ങള്‍ ശേഖരിക്കുകയും തുടരന്വേഷണത്തിനുള്ള നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ദമ്പതികളെ കാണാതായ സമയം മുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതു വരെയുള്ള സംഭവ വികാസങ്ങള്‍ പൊലീസ് പുനഃസൃഷ്ടിച്ചുവരികയാണ്. വ്യത്യസ്ത സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍, ഇവർ അവസാനമായി എവിടെയാണ് ഒന്നിച്ചുണ്ടായിരുന്നതെന്നും നദിക്കരയിലേക്കും കാട്ടിലേക്കും എങ്ങനെ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടർ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.