കാഠ്മണ്ഡു: നേപ്പാളിലെ നുവാക്കോട്ട് ജില്ലയിൽ ത്രിശൂലി നദിയിലുണ്ടായ വിനാശകരമായ പ്രളയത്തിൽ ചുറ്റുമുള്ള കെട്ടിടങ്ങളും വാഹനങ്ങളും ഒലിച്ചുപോയപ്പോഴും, തകരാതെ ഉറച്ചുനിന്ന പച്ചച്ചായമടിച്ച നാലുനില വീട് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. ആർത്തലച്ചെത്തുന്ന പ്രളയജലത്തിന് മുമ്പിൽ മരണത്തെ മുഖാമുഖം കണ്ട് ഒരു കുടുംബം ഉള്ളുലഞ്ഞ് നിൽക്കുന്ന ദൃശ്യങ്ങൾ ഭയാനകമായിരുന്നു. ചുറ്റുമുള്ള കെട്ടിടങ്ങളൊക്കെയും ഒലിച്ചു പോയിട്ടും ഒടുവിൽ തരിമ്പും കുലുങ്ങാതെ ആ പച്ച വീട് മാത്രം പ്രളയത്തെ അതിജീവിച്ചു, ആ കുടുംബവും.
പ്രളയജലത്തിന് നടുവിൽ തരിമ്പും കുലുങ്ങാതെ നിന്ന ഈ 'അത്ഭുത വീടിന്റെ' ഉടമ പ്രകാശും കുടുംബവും ആ ഭീതിജനകമായ നിമിഷങ്ങളും രക്ഷാപ്രവർത്തനവും ഓർത്തെടുക്കുകയാണ്. ‘ജീവിതം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളായിരുന്നു അവ. പെട്ടെന്നാണ് നദിയിൽ വെള്ളമുയരുന്നുണ്ടെന്ന് അറിഞ്ഞത്. ഉടൻ തന്നെ കടയിലുണ്ടായിരുന്ന ഞാൻ വീട്ടിലേക്ക് ഓടി. കുടുംബാംഗങ്ങളോട് വേഗത്തിൽ തന്നെ പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വാതിൽപ്പടിയിലെത്തിയപ്പോഴേക്കും വെള്ളം ഇരച്ചെത്തിയിരുന്നു. പുറത്ത് നിർത്തിയിട്ടിരുന്ന വാഹനം പ്രളയജലത്തിൽ തലകീഴായി മറിഞ്ഞിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുടുംബാംഗങ്ങളായ അഞ്ചുപേരെയും കൂട്ടി വീടിന്റെ ഏറ്റവും മുകളിലെ (നാലാം നില) നിലയിലേക്ക് ഓടിക്കയറുകയായിരുന്നു’- പ്രകാശ് പറയുന്നു.
എല്ലാം അവസാനിച്ചു. ഇത് ഞങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളായിരിക്കുമെന്നാണ് കരുതിയത്. മകൻ സ്കൂളിലായിരുന്നു. അവന് എന്ത് സംഭവിക്കുമെന്നോർത്തുള്ള ചിന്ത വേറെയും. അവൻ സ്കൂളിലായതുകൊണ്ട് തന്നെ എല്ലാവരും അസ്വസ്ഥരായിരുന്നു. നാലാം നിലയിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ എല്ലാവരും വീടിന്റെ ടെറസിലേക്ക് കയറുകയായിരുന്നു. പ്രകാശ് പറഞ്ഞതായി ഇന്ത്യ ടുഡേ പറഞ്ഞു. 40 വർഷം പഴക്കമുള്ള വീട് പ്രളയത്തെ അതിജീവിച്ചത് എങ്ങനെ? ചുറ്റുമുള്ള പുതിയ കെട്ടിടങ്ങളും വാഹനങ്ങളും നദി കവർന്നെടുത്തപ്പോഴും ഈ പച്ച വീട് സുരക്ഷിതമായി നിന്നത് വലിയ ചർച്ചയായിരുന്നു. എന്തുകൊണ്ടായിരിക്കാം ഈ വീട് മാത്രം അതിജീവിച്ചതെന്ന ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശക്തമായിരുന്നു. പതിറ്റാണ്ടുകൾ മുമ്പ് നിർമ്മിച്ച വീടാണ് ഇതെന്ന് പ്രകാശ് പറയുന്നു. ഇതിന്റെ നിർമ്മാണ രീതിയും പ്രതിരോധ ശേഷിയുമാണ് ഇത്തരത്തിൽ അതിജീവനത്തിന് സാധ്യമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. 40 വർഷം മുൻപ് നിർമ്മിച്ച ഈ വീടിന് ഉയർന്ന ഗുണനിലവാരമുള്ള സിമന്റും മണ്ണുമാണ് ഉപയോഗിച്ചത്. അക്കാലത്ത് സിമന്റിന്റെയും നിർമ്മാണ സാമഗ്രികളുടേയും ഗുണനിലവാരം മികച്ചതായിരുന്നു. നദിയുടെ സാമീപ്യം കാരണം വീടിന്റെ അടിത്തറയിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും പ്രകാശ് പറയുന്നു. സുരക്ഷാ മുൻകരുതലായി മൂന്ന് പാളികളിലായി റോഡ് മെറ്റീരിയലുകൾ അടക്കം നൽകി അടിത്തറ വളരെ ശക്തമായാണ് പണിതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട് തകർന്നുപോയില്ലെങ്കിലും, താഴത്തെ നിലയിലെ ഗോഡൗണിലുണ്ടായിരുന്ന സാധനങ്ങളും, വാഹനങ്ങളും, ബൈക്കുകളും പ്രളയത്തിൽ ഒലിച്ചുപോയി. ഏകദേശം ഒന്നര മണിക്കൂറോളം പ്രളയഭീതിയിൽ വീടിനു മുകളിൽ കഴിഞ്ഞ കുടുംബത്തെ, വെള്ളത്തിന്റെ ഒഴുക്ക് അല്പം കുറഞ്ഞതോടെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. അടുത്തുള്ള കെട്ടിടത്തിനും ഈ വീടിനും ഇടയിൽ വലിയൊരു പൈപ്പും കയറും ബന്ധിപ്പിച്ചാണ് നാട്ടുകാർ സാഹസികമായി കുടുംബത്തെ പുറത്തെത്തിച്ചത്. സ്കൂളിലായിരുന്ന മകനും സുരക്ഷിതനാണെന്ന് പിന്നീട് ഉറപ്പാക്കാനായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.