തിരുവനന്തപുരം: മലപ്പുറത്തേക്കു പോകാൻ മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിത്തന്നതെന്നും അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ വിവാദവിമാനയാത്രയെക്കുറിച്ചു മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വ്യക്തി ഒരുക്കിയ വിമാനത്തിലാണ് താൻ മലപ്പുറത്തേക്ക് പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻമുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ സ്വകാര്യവ്യക്തികളുടെ ഹെലികോപ്റ്ററിലും മറ്റും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെന്നും അവരുടെ ആരുടെയെങ്കിലും പേര് അന്ന് വെളിപ്പെടുത്തിയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇക്കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്തിനാണ് ആളുകളെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്? മലയാളിയായ ഒരാളാണ് എനിക്കു വിമാനം ഒരുക്കിയത്. അതിൽ എന്താണു തെറ്റ്? ആവശ്യം വന്നാൽ ഇനിയും പോകും, അതിൽ തെറ്റു കാണുന്നില്ല. മുഖ്യമന്ത്രിക്ക് വിമാനം ഒരുക്കിയതിന്റെ പേരിൽ ഔദാര്യം ചോദിച്ചുവരുന്നവരല്ല അവർ. ഉമ്മൻചാണ്ടി ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്. വിമാനം ഒരുക്കുന്നവർക്ക് സർക്കാർ യാതൊരു പ്രത്യേക സൗകര്യവും നൽകുന്നില്ല. പിണറായി വിജയൻ പോയപ്പോൾ പേരു വെളിപ്പെടുത്തണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതു ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ധനസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തിൽ ധൂർത്ത് പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. 2017ൽ വാങ്ങിയ വാഹനങ്ങളാണ് പല മന്ത്രിമാരും ഉപയോഗിക്കുന്നത്. കെ.എം. ഷാജി ഉപയോഗിച്ച ഔദ്യോഗിക വാഹനം തകരാറിലായതുകൊണ്ടാണ് സ്വകാര്യ വാഹനം ഉപയോഗിച്ചത്. മുൻപും മന്ത്രിമാർ അത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്. മന്ത്രിമാർ വിദേശത്തു പോയതിലും തെറ്റില്ല. സർക്കാരിന് ചെലവില്ലാതെ പോകുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. വിദേശത്തുള്ള സംഘടനകൾ വിളിച്ചിട്ടാണ് അവർ പോയത്. ഒരു ലാഭവും പ്രതീക്ഷിച്ചല്ല അവർ അങ്ങനെ ചെയ്യുന്നത്.
താൻ ഡൽഹിക്കു പോകുമ്പോൾ പോലും ഗൺമാനെ കൊണ്ടുപോകാറില്ല. ഡിജിപി എതിർത്തിട്ടും ഒരാൾക്ക് ടിക്കറ്റ് എടുത്താൽ മതിയല്ലോ എന്നോർത്തിട്ടാണ് അങ്ങനെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ താൻ നടത്തിയ ഹെലികോപ്റ്റർ, വിമാന യാത്രകൾക്ക് സർക്കാരിന്റെ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ല. മലപ്പുറത്ത് ദുരന്തത്തിൽ ആളുകൾ മരിച്ചപ്പോഴാണ് അവിടേക്ക് പോയത്. അവിടെയെത്താൻ മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോഴാണ് വിമാനത്തിൽ പോയത്. ദുരന്തനിവാരണ ഫണ്ടിൽനിന്നു പണമെടുത്തല്ല മുഖ്യമന്ത്രി വിമാനത്തിൽ പോകേണ്ടത്, അതൊഴിവാക്കാനാണ് സ്വകാര്യവിമാനത്തിൽ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ചിപ്‌സൺ കമ്പനിയുമായുള്ള ഹെലികോപ്റ്റർ കരാർ അവസാനിച്ചു. എന്നാൽ ഹെലികോപ്റ്റർ അത്യാവശ്യമാണെന്ന് പൊലീസും മറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കരാർ തുക കുറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.