ചേർത്തല: ആലപ്പുഴ ചേർത്തല നഗരത്തിലെ ദേശസാത്കൃത ബാങ്ക് ശാഖയിൽ വ്യാജ നിക്ഷേപ രേഖകൾ നിർമ്മിച്ച് വൻ സാമ്പത്തിക തട്ടിപ്പ്. ബാങ്കിലെ കരാർ അടിസ്ഥാനത്തിലുള്ള ശുചീകരണ തൊഴിലാളിയായ യുവതി ബാങ്കിന്റെ ഔദ്യോഗിക രേഖകളോട് സാമ്യമുള്ള വ്യാജ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്.ഡി) രസീതുകളും സീലുകളും തയ്യാറാക്കി ഇടപാടുകാരിൽ നിന്ന് കോടികൾ തട്ടിയതായാണ് പരാതി. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പിന്റെ വ്യാപ്തി രണ്ട് കോടി രൂപയോളം വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ചേർത്തല കോടതിക്കവലയ്ക്ക് സമീപമുള്ള ബാങ്ക് ശാഖയിലാണ് സംഭവം. ചേർത്തല വാരനാട് സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ സ്ഥിരജീവനക്കാരിയാണെന്ന് തെറ്റിദ്ധപ്പിച്ചും ഉയർന്ന പലിശ വാഗ്ദാനം ചെയ്തുമാണ് ഇവർ പ്രദേശവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം സമാഹരിച്ചത്. ഇടപാടുകാർക്ക് സംശയം തോന്നാത്ത വിധം കൃത്യമായ ഒപ്പും ബാങ്കിന്റെ വ്യാജ സീലുകളും പതിച്ച രസീതുകളാണ് ഇവർ നൽകിയിരുന്നത്.
തട്ടിപ്പ് പുറത്തായത് ഇങ്ങനെ:
നിക്ഷേപ കാലാവധി പൂർത്തിയായതിനെ തുടർന്ന് പണം തിരികെ ലഭിക്കുന്നതിനായി ഇടപാടുകാർ ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിലുള്ള നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക സിസ്റ്റത്തിൽ ഇല്ലെന്ന് വ്യക്തമായത്. തുടർന്ന് ബാങ്ക് മാനേജർ ചേർത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആദ്യം മൂന്ന് സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവരിൽ നിന്ന് മാത്രം 26 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വാരനാട്, കടക്കരപ്പള്ളി പ്രദേശങ്ങളിലെ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും മൊത്തം നഷ്ടം രണ്ട് കോടി രൂപയോളം വരുമെന്നുമാണ് പൊലീസിന്റെ നിഗമനം.
ആഗസ്റ്റ് 12 മുതൽ പ്രതിയായ യുവതി ജോലിക്ക് ഹാജരായിരുന്നില്ല. തട്ടിപ്പ് വിവരം പുറത്തുവന്നതിനെ തുടർന്ന് ആഗസ്റ്റ് 21-ഓടെ ബാങ്ക് അധികൃതർ കരാർ ഏജൻസിയോട് ഇവരെ മാറ്റി പകരം ആളെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ ബാങ്ക് ശാഖാ മാനേജരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, വ്യാജരേഖ നിർമ്മാണം, സാമ്പത്തിക വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായിയുള്ള തിരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.