കോപ്പൻഹേഗൻ: അഭയാർത്ഥി അപേക്ഷകൾ നിരസിക്കപ്പെടുന്ന വിദേശികളെ യൂറോപ്യൻ യൂണിയന് (EU) പുറത്തുള്ള 'റിട്ടേൺ ഹബ്ബുകളിലേക്ക്' (Deportation centers) നാടുകടത്താൻ അഞ്ച് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത നീക്കം ആരംഭിച്ചു.
ഡെന്മാർക്ക്, ജർമ്മനി, ഓസ്ട്രിയ, നെതർലാൻഡ്‌സ്, ഗ്രീസ് എന്നീ രാജ്യങ്ങളാണ് കോപ്പൻഹേഗനിൽ നടന്ന ചർച്ചയിൽ ഈ പുതിയ നയത്തിന് അംഗീകാരം നൽകിയത്. 2027-ഓടെ ഇത്തരം ഹബ്ബുകൾ പൂർണ്ണ സജ്ജമാക്കി ആദ്യഘട്ട നാടുകടത്തൽ പ്രക്രിയ ആരംഭിക്കാനാണ് സഖ്യം ലക്ഷ്യമിടുന്നത്.
ഈ അഞ്ച് രാജ്യങ്ങളുടെ പുതിയ നീക്കത്തിന് പ്രചോദനമായത് ഇറ്റലി ഇതിനകം അൽബേനിയയിൽ നടപ്പിലാക്കിയ സമാനമായ പദ്ധതിയാണ്. കടലിൽ വെച്ച് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് പിടികൂടുന്ന അഭയാർത്ഥികളെ അൽബേനിയയിലെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവിടെ വെച്ച് അവരുടെ അപേക്ഷകൾ പരിശോധിക്കുകയും ചെയ്യുന്നതാണ് ഇറ്റലിയുടെ രീതി. ഇതിനായി 670 മില്യൺ യൂറോയിലധികം രൂപയാണ് ഇറ്റലി ചെലവഴിച്ചത്. എന്നാൽ കോടതി ഇടപെടലുകളും ഉയർന്ന സാമ്പത്തിക ബാധ്യതയും കാരണം ഇറ്റലിയുടെ പദ്ധതിക്ക് വിചാരിച്ചത്ര വേഗത കൈവരിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും ഈ 'അൽബേനിയ മോഡൽ' കൂടുതൽ ശക്തമായി യൂറോപ്പിലുടനീളം നടപ്പാക്കാനാണ് പുതിയ സഖ്യം ശ്രമിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ യൂറോപ്യൻ പാർലമെന്റ് പാസാക്കിയ കർശനമായ കുടിയേറ്റ നിയമ പരിഷ്കരണമാണ് ഇത്തരം പുറംരാജ്യ ഹബ്ബുകൾ സ്ഥാപിക്കാൻ അംഗരാജ്യങ്ങൾക്ക് അനുമതി നൽകിയത്. നിലവിൽ ഈ റിട്ടേൺ ഹബ്ബുകൾ സ്ഥാപിക്കുന്നതിനായി 420 മില്യൺ യൂറോയുടെ പ്രത്യേക സോളിഡാരിറ്റി പൂൾ ഫണ്ട് (Solidarity Pool Fund) യൂറോപ്യൻ യൂണിയൻ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ പദ്ധതി നടപ്പിലാക്കുന്ന ഡെന്മാർക്ക് ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങൾ ഈ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചിലവുകൾ പൂർണ്ണമായും വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഈ അഞ്ച് രാജ്യങ്ങളുടെ കടുത്ത നിലപാട് യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളുടെ കുടിയേറ്റ നയങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമാകും.
- സ്പെയിൻ: ആഫ്രിക്കൻ അതിർത്തിയായ സെയൂത്തയിൽ കടുത്ത അഭയാർത്ഥി പ്രതിസന്ധി നേരിടുന്ന സ്പെയിൻ നിലവിൽ മാനുഷിക പരിഗണനകൾക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ ജർമ്മനിയും ഡെന്മാർക്കും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കർശന നിലപാടിലേക്ക് നീങ്ങുന്നത് സ്പെയിൻ സർക്കാരിന് മേലും സമാനമായ പുറംരാജ്യ ഹബ്ബുകൾ സ്ഥാപിക്കാൻ പ്രതിപക്ഷത്തുനിന്നും പൊതുജനങ്ങളിൽ നിന്നും കടുത്ത രാഷ്ട്രീയ സമ്മർദ്ദമുണ്ടാക്കാൻ കാരണമാകും.
- യൂറോപ്യൻ യൂണിയൻ ഒത്തൊരുമ: പുതിയ നയം യൂറോപ്യൻ യൂണിയനുള്ളിൽ തന്നെ രാജ്യങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് കാരണമായേക്കാം. ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോഴും ഇത്തരം നാടുകടത്തൽ കേന്ദ്രങ്ങളോട് പൂർണ്ണമായി യോജിച്ചിട്ടില്ല. എന്നാൽ ഈ 5 രാജ്യങ്ങളുടെ സഖ്യം മുന്നോട്ട് പോകുന്നതോടെ യൂറോപ്പിലെ മൊത്തത്തിലുള്ള അഭയാർത്ഥി നിയമങ്ങൾ കൂടുതൽ കർശനമാകാനാണ് സാധ്യത.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.