അബുദാബി ; അബുദാബിയിലേയ്ക്ക് വരുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുഎഇ പ്രവേശന വീസ സൗജന്യം.
കുറഞ്ഞത് തുടർച്ചയായ മൂന്ന് രാത്രികൾ അബുദാബിയിലെ ഹോട്ടലിൽ താമസിക്കണം. കൂടാതെ, ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രാ വിമാന ടിക്കറ്റ് ഉൾപ്പെടുന്നതുമായ ബുക്കിങ്ങുകൾക്കാണ് ആനുകൂല്യം. പരീക്ഷണാടിസ്ഥാനത്തിൽ 20,000 വീസകൾ വരെയാണ് പദ്ധതിയിലൂടെ അനുവദിക്കുക. യോഗ്യമായ ബുക്കിങ്ങുകളിൽ യുഎഇ പ്രവേശന വീസയുടെ മുഴുവൻ ചെലവും ഡിസിടി അബുദാബി വഹിക്കും. ഇതോടെ ഇന്ത്യൻ സഞ്ചാരികൾക്ക് യാത്രയ്ക്കു മുൻപ് വരുന്ന ചെലവിൽ കുറവുണ്ടാകും.
ആർക്കാണ് സൗജന്യ വീസ? ∙ ഇന്ത്യയിൽനിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം. അംഗീകൃത യാത്രാ പങ്കാളി വഴിയാണ് അബുദാബി അവധിയാത്ര ബുക്ക് ചെയ്യേണ്ടത്.
ബുക്കിങ്ങിൽ കുറഞ്ഞത് മൂന്ന് തുടർച്ചയായ രാത്രികളിലെ അബുദാബി ഹോട്ടൽ താമസവും ഇന്ത്യയിൽനിന്നുള്ള മടക്കയാത്രാ വിമാന ടിക്കറ്റും ഉണ്ടായിരിക്കണം. അംഗീകൃത യാത്രാ പങ്കാളിയുടെയോ ഓൺലൈൻ യാത്രാ ഏജൻസിയുടെയോ വഴിയുള്ള ബുക്കിങ് നിർബന്ധമാണ്.
സഞ്ചാരികൾക്ക് നേരിട്ട് അപേക്ഷിച്ച് ഈ ആനുകൂല്യം നേടാനാകില്ല. പദ്ധതിയിൽ പങ്കാളികളായ യാത്രാ സ്ഥാപനങ്ങൾക്കും ഓൺലൈൻ യാത്രാ ഏജൻസികൾക്കുമായി പ്രത്യേകമായാണ് പദ്ധതി നടപ്പാക്കുന്നത്.വീസ ചെലവ് ഡിസിടി വഹിക്കും, ഇന്ത്യ പ്രധാന വിനോദസഞ്ചാര വിപണി പദ്ധതിയിൽ പങ്കെടുക്കുന്ന യാത്രാ സ്ഥാപനങ്ങൾക്ക് വീസ നടപടികൾക്കായി രണ്ട് മാർഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസിടി അബുദാബി നിയോഗിച്ച ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി വഴി പ്രവർത്തിക്കാം.
ഈ സാഹചര്യത്തിൽ വീസയുടെ ചെലവ് ഡിസിടി അബുദാബി നേരിട്ട് വഹിക്കും.നിലവിൽ സഹകരിക്കുന്ന ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികളുമായി തന്നെ യാത്രാ സ്ഥാപനങ്ങൾക്ക് തുടർന്നും പ്രവർത്തിക്കാനും കഴിയും. അങ്ങനെയെങ്കിൽ അനുവദിക്കുന്ന ഓരോ വീസയ്ക്കും 285 ദിർഹം വീതം ഡിസിടി അബുദാബി തിരിച്ചുനൽകും.അബുദാബിയുടെ പ്രധാന രാജ്യാന്തര വിനോദസഞ്ചാര വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഡിസിടി അബുദാബി അറിയിച്ചു. ഇന്ത്യൻ സഞ്ചാരികൾക്ക് അബുദാബിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
ഇന്ത്യൻ വിപണിക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ഡിസിടി അബുദാബി രാജ്യാന്തര പ്രവർത്തന ഡയറക്ടർ അബ്ദുല്ല യൂസഫ് പറഞ്ഞു. അബുദാബിയുടെ സംസ്കാരം, വിനോദം, ആതിഥേയത്വം, പ്രകൃതിദൃശ്യങ്ങൾ എന്നിവ ആസ്വദിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുമായുള്ള വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിനും യാത്രാ വ്യാപാര മേഖലയിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിനും ഇന്ത്യൻ സഞ്ചാരികൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അബുദാബിയുടെ വിവിധ നടപടികളുടെ തുടർച്ചയായാണ് പുതിയ വീസ പദ്ധതി.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.