തിരുവനന്തപുരം: ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് ചരക്കു കയറ്റുമതി ചെയ്യാൻ സൗകര്യമൊരുക്കി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ ഭൂപടത്തിൽ ഇടംപിടിക്കുന്നു.
വിഴിഞ്ഞത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് നേരിട്ട് ചരക്കുകയറ്റുമതി സാധ്യമാകും.നിലവിൽ ഇന്ത്യയിലെ നവസേവ, മുന്ദ്ര തുറമുഖങ്ങളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള ചരക്കുകൾ ഇപ്പോൾ കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ വഴി കൊളംബോയിൽ എത്തിച്ച ശേഷം അവിടെനിന്ന് ദുബായ്, സിംഗപ്പൂർ തുറമുഖങ്ങൾ വഴിയാണ് ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാറുള്ളത്. കൊളംബോയിലേക്ക് പ്രധാനമായും ചരക്ക് എത്തിക്കുന്നത് തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തുനിന്നാണ്.
എന്നാൽ വിഴിഞ്ഞത്ത് കയറ്റുമതി യാഥാർഥ്യമാകുന്നതോടെ ചെറിയ കാർഗോ കപ്പലുകളിൽ ഇവിടെ ചരക്ക് എത്തിച്ച് മദർ ഷിപ്പുകളിൽ കയറ്റി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിയും. കിഴക്കു-പടിഞ്ഞാറൻ അന്താരാഷ്ട്ര കപ്പൽപ്പാതയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ മാത്രമാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത് എന്നത് ഇതിൻ്റെ സാധ്യതകൾ വർധിപ്പിക്കുന്നു.
വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക്
സാധാരണഗതിയിൽ കൊച്ചിയിൽനിന്ന് കപ്പലിൽ കയറ്റുന്ന ഒരു കണ്ടെയ്നർ അമേരിക്കയിലെ ഒരു തുറമുഖത്ത് എത്തണമെങ്കിൽ നിലവിൽ 80 ദിവസത്തോളം എടുക്കുമെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ ഡോ. കെ എൻ രാഘവൻ ഇടിവി ഭാരതിനോട് പറഞ്ഞു. വിഴിഞ്ഞത്ത് കയറ്റുമതി സൗകര്യം എത്തുന്നതോടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന മദർ ഷിപ്പുകളിൽ നേരിട്ട് ചരക്കുകൾ അതിവേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാം. ഇത് ചരക്ക് എത്തുന്നതിനുള്ള ദിവസങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കും. കാർഗോ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം മാത്രമാണ് കയറ്റുമതിക്കാരന് അതിൻ്റെ പണം ലഭിക്കുക.
ചരക്കുകൾ എത്താൻ വൈകുംതോറും പണം ലഭിക്കുന്നതും വൈകും. വിഴിഞ്ഞത്ത് കയറ്റുമതി യാഥാർഥ്യമാകുന്നതോടെ ദിവസങ്ങളുടെ എണ്ണം കുറയുമെന്നത് വേഗത്തിൽ പണം ലഭിക്കാൻ കയറ്റുമതിക്കാർക്ക് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കയറ്റുമതിയും ഇറക്കുമതിയും കൂടുതൽ സജീവമാകുന്നതിനുള്ള കസ്റ്റംസ് സംവിധാനമായ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ കൂടി വിഴിഞ്ഞത്ത് യാഥാർഥ്യമാകേണ്ടതുണ്ടെന്ന് ഡോ. രാഘവൻ ചൂണ്ടിക്കാട്ടി. ലോകത്തിൽ ഏറ്റവും കൂടുതൽ ചരക്ക് സർവീസുകളുള്ള ഷിപ്പിങ് ലൈനറുകളിൽ ഒന്നാണ് എംഎസ്സി ഷിപ്പിങ് കമ്പനി.
ഇവരുടെ കപ്പലുകൾ മുഖേനയാണ് വിഴിഞ്ഞത്തേക്ക് കൂടുതൽ മദർ ഷിപ്പുകൾ എത്തുന്നത്. ലോകത്തിൻ്റെ വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ അതിവേഗം ചരക്ക് എത്തിക്കുന്നതിന് എംഎസ്സിയുമായുള്ള സഹകരണം വളരെ നല്ലതാണ്. ലോകത്തിലെ വൻകിട തുറമുഖങ്ങൾ പലതും വൻകിട ഷിപ്പിങ് കമ്പനികളുടെ പങ്കാളിത്തത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ വിഴിഞ്ഞം തുറമുഖത്തിൽ എംഎസ്സി നിക്ഷേപം നടത്തുകയാണെങ്കിൽ അത് വിഴിഞ്ഞത്തിൻ്റെ വളർച്ചയ്ക്ക് അങ്ങേയറ്റം ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഷൻ സമുദ്ര പദ്ധതി
എക്സിം സേവനങ്ങൾ ആരംഭിക്കുന്നതോടെ ഈ മേഖലയിൽ വെയർഹൗസിങ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ലോജിസ്റ്റിക് പാർക്കുകൾ എന്നിവയുടെ അതിവേഗ വളർച്ചയ്ക്കും വഴിയൊരുക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതോടൊപ്പം വിഡി സതീശൻ സർക്കാർ പ്രഥമ ബജറ്റിലൂടെ പ്രഖ്യാപിച്ച മിഷൻ സമുദ്രയുടെ പ്രഖ്യാപനവും ചടങ്ങിലുണ്ടാകും. തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് പദ്ധതിയാണ് മിഷൻ സമുദ്ര. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, കേരളത്തിൻ്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീർക്കുന്ന പോർട്ട് സിറ്റി എന്ന കാഴ്ചപ്പാടാണ് മിഷൻ സമുദ്ര.
ഇതിനായി 400 കോടി രൂപയുടെ ഉത്തേജക ഫണ്ടാണ് വകയിരുത്തിയിട്ടുള്ളത്. കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയുടെ വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അഭിപ്രായപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.