ഭോപ്പാൽ: വൃഷണം വിറ്റാൽ ഒന്നരക്കോടിയോളം രൂപ കിട്ടുമെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ അഞ്ചുപേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി.
തെരുവിൽ പേനയും കീചെയിനും വിറ്റ് കുടുംബം പോറ്റിയിരുന്ന പതിനേഴുകാരൻ പയ്യനെയാണ് കത്തിയും ബ്ലേഡും ഉപയോഗിച്ച് കുത്തിക്കൊന്നത്. ഭോപ്പാലിലാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. നൂറുരൂപ നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതികൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ദാരുണമായ കൃത്യം നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ബി.ബി.എ. രണ്ടാംവർഷ വിദ്യാർഥിയായ സോഹിബ് ഖാൻ(20), ആമിർ ഖുറേഷി(18), പ്രായപൂർത്തിയാകാത്ത മറ്റു മൂന്നുപേർ എന്നിവരെ പോലീസ് പിടികൂടി. സോഹിബ് താനൊരു ഡോക്ടറാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കൂട്ടാളികളുമായി ചേർന്ന് അരുംകൊല നടത്തിയത്. 15-16 പ്രായത്തിലുള്ളവരുടെ വൃഷണം വിറ്റാൽ 1.20 കോടി രൂപ കിട്ടുമെന്ന് സോഹിബ് ഒരു ഇൻസ്റ്റഗ്രാം റീലിൽ കണ്ടിരുന്നു.ഇത് വിശ്വസിച്ച പ്രതി, മറ്റു നാലുപേരെയുംകൂടി ഈ റീൽ കാണിച്ച് കൃത്യം ആസൂത്രണം ചെയ്തു. ഡോക്ടർ എന്ന പ്രതിച്ഛായയുള്ള സോഹിബിന്റെ വാക്കുകൾ മറ്റു കുട്ടികൾ വിശ്വസിച്ചു. എന്നാൽ, മെഡിക്കൽ രംഗത്തോ അവയവക്കച്ചവട രംഗത്തോ ഇതിന് ആവശ്യക്കാരില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തികച്ചും ദരിദ്രകുടുംബത്തിൽപ്പെട്ട കൗമാരക്കാരനെയാണ് ഇവർ കൊലപ്പെടുത്തിയത്. പിതാവ് നേരത്തേ മരിച്ചു. മാതാവ് ഒരു ശുചീകരണത്തൊഴിലാളിയാണ്. ഇഖ്ബാൽ മൈതാനത്തിനും മോത്തി മസ്ജിദിനുമിടയിൽ പേനയും കീചെയിനും വിറ്റാണ് കുട്ടി കുടുംബത്തെ സഹായിച്ചുപോന്നത്. പതിവുപോലെ ഓഗസ്റ്റ് ആറിനും കൊല്ലപ്പെട്ട കൗമാരക്കാരൻ ഇഖ്ബാൽ മൈതാനത്ത് പേനയും കീചെയിനും വിൽക്കുകയായിരുന്നു. ഈ സമയത്ത് പരിചയമുള്ള ചില കുട്ടികൾ റിഹാനെ സമീപിച്ച് ഒരടിപിടിക്കേസ് തീർപ്പാക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു. വൃഷണം ലഭിക്കാൻ 15-16 വയസ്സുള്ള ഒരാൺകുട്ടിയെ വേണമെന്ന് സംഘത്തിന് സോഹിബ് നിർദേശം നൽകിയിരുന്നു.
അതിന്റെയടിസ്ഥാനത്തിലാണ് കുട്ടികൾ ഇയാളെ തിരഞ്ഞെടുത്തത്. അടിപിടിക്കേസ് തീർപ്പാക്കാൻ സഹായിച്ചാൽ നൂറുരൂപ നൽകാമെന്ന് കുട്ടികൾ വാഗ്ദാനംചെയ്തതോടെ ഇയാൾ അവർക്കൊപ്പം പോയി. തുടർന്ന് ഒരു ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചശേഷം പിന്നിൽനിന്ന് കുത്തി കീഴ്പ്പെടുത്തുകയാണ് ആദ്യം ചെയ്തത്. പിന്നാലെ കത്തിയും ബ്ലേഡും ഉപയോഗിച്ച് പലതവണ കുത്തി കൊലപ്പെടുത്തി. സോഹിബ് ഫോൺവഴി നൽകിയ നിർദേശങ്ങളനുസരിച്ചാണ് കൃത്യം നടത്തിയത്. പിന്നീട് സോഹെബിന്റെതന്നെ നിർദേശപ്രകാരം വൃഷണം മുറിച്ചെടുത്ത് ഒരു പോളിത്തീൻ കവറിലാക്കി സൂക്ഷിച്ചു.
തുടർന്നാണ് ഇത് ആർക്ക് വിൽക്കുമെന്നതിനെക്കുറിച്ച് പ്രതികൾ ആലോചിച്ചത്. 1.20 കോടി നൽകി ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളോളം വൃഷണം കൈവശംവെച്ചെങ്കിലും ആരേയും കണ്ടെത്താനായില്ല. ഒടുവിൽ തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലാക്കിയതോടെ അവർ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. ഇവർ കണ്ട ഇൻസ്റ്റഗ്രാം വീഡിയോക്ക് പിന്നിലെ ആളുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഓഗസ്റ്റ് പത്തിനാണ് അഴുകിയനിലയിൽ റിഹാന്റെ മൃതദേഹം പോലീസിന് ലഭിക്കുന്നത്. ആളെ തിരിച്ചറിയാതെ വന്നതോടെ ഫോട്ടോകൾ പ്രചരിപ്പിച്ചെങ്കിലും ആരും ഏറ്റെടുക്കാനെത്തിയില്ല. ഇതോടെ മൃതദേഹം അടക്കംചെയ്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും ആളെ തിരിച്ചറിയാത്തത് പോലീസിനെ വലച്ചു. എങ്കിലും കൊലപാതകക്കുറ്റത്തിന് കേസെടുത്തു. അഞ്ചുദിവസം കഴിഞ്ഞ്, ഓഗസ്റ്റ് 15-നാണ് മകനെക്കാണാനില്ലെന്നുപറഞ്ഞ് അമ്മ പോലീസിനെ സമീപിച്ചത്. ഇതോടെ കൊല്ലപ്പെട്ടയാളുടെ ചിത്രം അവരെ കാണിച്ചു. കൈയിലെ ടാറ്റൂ കണ്ട് അമ്മ മകനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് അവസാനമായി കണ്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.