എറണാകുളം: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകാത്തതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കടുത്ത അതൃപ്തി.
കേസിൽ ഉൾപ്പെട്ടിരിക്കുന്ന 16 പ്രതികളും വരുന്ന തിങ്കളാഴ്ച നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കർശന നിർദേശം നൽകി.തിങ്കളാഴ്ച പ്രതികൾ കോടതിയിൽ എത്തുമ്പോൾ അവർക്കെതിരെ പുതുതായി ചുമത്തിയ കുറ്റങ്ങൾ വായിച്ചുകേൾപ്പിക്കും. പ്രോസിക്യൂഷൻ്റെ ആവശ്യപ്രകാരമാണ് പ്രതികൾക്കെതിരെ ബോധപൂർവം പരിക്കേൽപ്പിക്കൽ ഉൾപ്പെടുന്ന ഐപിസി 323-ാം വകുപ്പ് കൂടി അധികമായി ചുമത്താൻ കോടതി അനുമതി നൽകിയത്. വെള്ളിയാഴ്ച കേസ് പരിഗണിച്ച വേളയിൽ ഒരു പ്രതി പോലും കോടതിയിൽ ഹാജരായിരുന്നില്ല.
കേസിൻ്റെ വിചാരണ നടപടികൾ ഇനി ഒട്ടും വൈകിപ്പിക്കാതെ അതിവേഗം പൂർത്തിയാക്കാൻ ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ട്. വിചാരണ നടപടികൾ പൂർത്തിയാക്കി കൃത്യം നാലു മാസത്തിനുള്ളിൽ അന്തിമ വിധി പ്രസ്താവിക്കണമെന്നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട അഭിമന്യുവിൻ്റെ മാതാവ് ഭൂപതി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
ഇനി യാതൊരു കാരണവശാലും കേസ് നടത്തുന്നതിനുള്ള സമയപരിധി നീട്ടിനൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സെഷൻസ് കോടതി വിചാരണ നടപടികൾ വേഗത്തിലാക്കിയത്.2018 ജൂലൈ രണ്ടിനാണ് കേരളത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകരും ക്യാമ്പസ് ഫ്രണ്ടിൻ്റെ പ്രവർത്തകരും തമ്മിൽ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസില്‍ 30 പ്രതികളാണുള്ളത്. കൃത്യത്തിൽ നേരിട്ടു പങ്കുള്ള 16 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്.
മുഖ്യപ്രതികളെ സമയബന്ധിതമായി പിടികൂടാൻ കഴിയാത്തതും, വിചാരണ കോടതിയുടെ കസ്റ്റഡിയിലിരുന്ന സുപ്രധാന രേഖകൾ കാണാതായതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കേസിൽ കോടതിയുടെ കസ്റ്റഡിയിൽനിന്ന് 11 രേഖകൾ നഷ്ടമായിരുന്നു. കുറ്റപത്രവും പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റും ഉൾപ്പെടെയാണ് നഷ്ടമായത്. 2023-ലാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് രേഖകളുടെ പകർപ്പ് വീണ്ടും ഹാജരാക്കാൻ നിർദേശിച്ചു. ഇവ പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. കൊലപാതകം നടന്ന് എട്ടു വർഷത്തോളം വിചാരണ നീണ്ടുപോയത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ പുതിയ ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ കേസിൽ അതിവേഗം അന്തിമ വിധി വരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും പൊതുസമൂഹവും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.