ആലപ്പുഴ :നഗരത്തിൽ പട്ടാപ്പകൽ നടന്ന കവർച്ചയിലെ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലൂടെ. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു വീട്ടിൽ കയറിയുള്ള ആക്രമണവും കവർച്ചയും.
വൈകിട്ടോടെ വാടകവീട്ടിലെത്തിയ പ്രതി കസ്റ്റഡിയിലുമായി. നഗരമധ്യത്തിലെ വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി മുളകുപൊടിയെറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 12 പവന്റെ ആഭരണങ്ങളും പണവുമായി കടന്ന കാസർകോട് ഏച്ചിക്കാനം ആനന്ദാശ്രമം ചാമക്കുറ്റി വീട്ടിൽ രാജ്മോഹനാണ് (42) സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റിലായത്.വീട്ടുടമയായ സുദർശനെ ആക്രമിക്കുന്നതിനിടെ സ്വന്തം ഷർട്ടിൽ മുളകു പൊടി വീണതിനാലും പൊലീസിനെ കബളിപ്പിക്കാൻ വേണ്ടിയും സുദർശന്റെ ഷർട്ടെടുത്ത് ധരിച്ചാണ് കവർച്ചയ്ക്കു ശേഷം മടങ്ങിയത്.തന്റെ ഷർട്ട് ശവക്കോട്ട പാലത്തിൽ നിന്നു താഴേക്കെറിഞ്ഞുവെന്നാണ് പ്രതിയുടെ മൊഴി. പൊലീസ് ഇവിടം പരിശോധിച്ചെങ്കിലും ഷർട്ട് കിട്ടിയില്ല. നഗരത്തിലെ ധനകാര്യ സ്ഥാപനത്തിൽ ഇയാൾ രണ്ടരലക്ഷം രൂപയ്ക്ക് പണയം വച്ച മൂന്നരപ്പവന്റെ മാല ഉടൻ വീണ്ടെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കവർച്ച നടന്ന വീട്ടിലെത്തിച്ച് സൗത്ത് പൊലീസ് തെളിവെടുപ്പ് നടത്തി.
പ്രതിയെ തിരിച്ചറിഞ്ഞ രത്നകുമാരി നഷ്ടപ്പെട്ട ആഭരണങ്ങളും തന്റേതാണെന്ന് സ്ഥിരീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതി രാജ്മോഹനെ റിമാൻഡ് ചെയ്തു. ആലപ്പുഴ ഡിവൈഎസ്പി: ജി.ബി.മുകേഷ്, സൗത്ത് സിഐ: വിനീഷ്, എസ്ഐ: മുജീബ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്യാം, വിപിൻ ബഷീർ, അരുൺ, വി.ജി.ബിജു എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി. കഴിഞ്ഞ ആഴ്ച ആര്യാട് ഗുരുമന്ദിരത്തിൽ അഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ രക്ഷപ്പെട്ടു പോയതു പൊലീസിന്റെ വീഴ്ച കൊണ്ടാണെന്ന് ആരോപണം ഉയർന്നിരുന്നു.
ഈ കേസിൽ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ ജൂണിൽ തൃക്കുന്നപ്പുഴയിൽ സ്വർണവ്യാപാരിയെ വിളിച്ചുവരുത്തി മുളകുപൊടി വിതറി 28 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച സംഭവത്തിലും പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ കണ്ടെത്തിയിരുന്നു.20 വർഷമായി വീടിന്റെ ഒരു ഭാഗം വാടകയ്ക്കു നൽകുന്നുണ്ട്. ആദ്യമായാണ് ഇത്തരമൊരു അനുഭവം. പരിചയക്കാരെ കൊണ്ടുവന്നാൽ മാത്രമേ വാടകയ്ക്കു നൽകൂ എന്ന് അറിയിച്ചിരുന്നു.
എന്നിട്ടും വാടകക്കരാർ എഴുതാമെന്നു പറഞ്ഞ് എത്തിയപ്പോഴാണ് സംഭവമുണ്ടായത്. എത്രയും പെട്ടെന്നു പ്രതിയെ പിടികൂടിയതിൽ സന്തോഷം. എറണാകുളത്തു വാടകയ്ക്കെടുത്ത ഫ്ലാറ്റ് രണ്ടു പേർക്ക് ഒറ്റിക്കു നൽകി 15 ലക്ഷം രൂപ തട്ടിയ കേസിൽ റിമാൻഡിലായ ഇയാൾ രണ്ടാഴ്ച മുൻപാണ് പുറത്തിറങ്ങിയതെന്നു സൗത്ത് പൊലീസ് അറിയിച്ചു. തട്ടിപ്പിലൂടെ ലഭിച്ച തുക ഉപയോഗിച്ചു പ്രതി എറണാകുളത്തു കഫെ ആരംഭിച്ചിരുന്നെങ്കിലും കേസിനെ തുടർന്ന് അടച്ചു. 2 വർഷത്തിലേറെയായി ആലപ്പുഴ വാടയ്ക്കലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.
കയർഫെഡ് മുൻ പർച്ചേസ് മാനേജർ കൈതവന കണിയാംകുളം അപർണയിൽ കെ.ആർ.സുദർശനും (75) ഭാര്യ രത്നകുമാരിയുമാണ് (65) രാജ്മോഹന്റെ ആക്രമണം നേരിട്ടത്. വീടിന്റെ മുകൾനില വാടകയ്ക്കു കൊടുക്കാനുള്ള പരസ്യം കണ്ടാണു പ്രതി ഇവരെ ബന്ധപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. വാടകക്കരാർ എഴുതാമെന്നു പറഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്കു കൈതവനയിലെ വീട്ടിലെത്തിയ ഇയാൾ സംസാരിക്കുന്നതിനിടെ സുദർശന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. അടുക്കളയിലായിരുന്ന രത്നകുമാരി നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ അവരെയും ആക്രമിച്ചു. ഇരുവരെയും ഭീഷണിപ്പെടുത്തി വീട്ടിലുണ്ടായിരുന്ന പണവും 12 പവന്റെ ആഭരണങ്ങളും കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞു. ദമ്പതികൾക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
കളർകോട് വരെ നടന്നുപോയ ഇയാൾ പിന്നീട് ഓട്ടോ പിടിച്ച് നഗരത്തിലെ ധനകാര്യ സ്ഥാപനത്തിലെത്തി മൂന്നരപ്പവന്റെ സ്വർണ മാല പണയപ്പെടുത്തി രണ്ടര ലക്ഷം രൂപ വാങ്ങി. ഈ തുകയിൽ നിന്നു വീടിന്റെ വാടകക്കുടിശികയായ 50,000 രൂപ അയച്ചു. തുടർന്ന് വൈകിട്ടോടെ വാടക വീട്ടിലെത്തിയപ്പോഴാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാക്കി സ്വർണാഭരണങ്ങളും 5000 രൂപയും ഇയാളിൽ നിന്നു കണ്ടെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.