ന്യൂഡൽഹി: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടതായി റിപ്പോർട്ട്.
തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോവുകയായിരുന്ന കാമറൂൺ പതാക വഹിച്ച എം.വി ലുതുഫ് എന്ന കപ്പലാണ് തിങ്കളാഴ്ച സൊമാലിയയിലെ പണ്ട്‌ലാൻഡ് തീരത്തുവച്ച് കൊള്ളക്കാർ പിടിച്ചെടുത്തത്.പണ്ട്‌ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് 3.5 നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ റാഞ്ചിയതെന്ന് സൊമാലിയൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന പത്തംഗ ജീവനക്കാരിൽ ആറ് ഇന്ത്യക്കാർക്ക് പുറമെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പോളാർ മൂവ്മെൻ്റ് ഷിപ്പിങ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ.
സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആവശ്യമായ ആയുധങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, സാറ്റലൈറ്റ് ഉപകരണങ്ങൾ എന്നിവയായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഭവത്തിൽ തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിരീക്ഷണം ശക്തമാക്കി തുർക്കി
എട്ടോളം വരുന്ന കടൽക്കൊള്ളക്കാരുടെ സംഘമാണ് കപ്പൽ റാഞ്ചിയതെന്നാണ് വിവരം. പണ്ട്‌ലാൻഡിലെ ഡങ്കൊരോയോ ജില്ലയിലുള്ള ഗർമാൽ തീരത്തേക്കാണ് ഇവർ കപ്പൽ കൊണ്ടുപോയത്.
കഴിഞ്ഞ ഏപ്രിൽ 26ന് എം.വി സ്വാർഡ് എന്ന കപ്പൽ റാഞ്ചിയ കൊള്ളക്കാരുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് സൊമാലിയൻ അധികൃതർ സംശയിക്കുന്നത്. കപ്പൽ റാഞ്ചിയതിന് പിന്നാലെ തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ ഈ മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഇതിനുപുറമെ തുർക്കിയുടെ ഹെലികോപ്ടറുകളും ഡ്രോണുകളും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച ചെറിയൊരു ബോട്ടിലെത്തിയ രണ്ടുപേർ സൊമാലിയയിൽ സാധാരണയായി ഉപയോഗിക്കുന്ന 'ഖാട്ട്' എന്ന ലഹരിവസ്തു കപ്പലിലുള്ളവർക്ക് കൈമാറിയിരുന്നു.
ഈ ബോട്ട് തിരികെ തീരത്തെത്തിയതിന് പിന്നാലെ പ്രദേശത്ത് ഒരു വ്യോമാക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ആരാണ് വ്യോമാക്രമണം നടത്തിയതെന്നോ കൊല്ലപ്പെട്ടവർക്ക് കപ്പൽ റാഞ്ചലുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലോ വ്യക്തത വന്നിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.