കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് കോർപറേഷൻ അങ്കണത്തിൽ നടന്ന പതാകയുയർത്തൽ ചടങ്ങിനിടെ ദേശീയഗാനമായ ജനഗണമനയും ദേശീയഗീതമായ വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ബിജെപി കൗൺസിലർ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് അവരുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തി.സംഭവത്തിൻ്റെ സിസിടിവി, വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷവും മറ്റു കൗൺസിലർമാരുടെ മൊഴികൾ ശേഖരിച്ച ശേഷവുമാകും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്ന് പൊലീസ് വ്യക്തമാക്കി. ഡിവൈഎഫ്ഐ, യുഡിഎഫ് കൗൺസിലർമാർ ബിജെപി അംഗങ്ങൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
മേയർക്കെതിരെ ബിജെപി; രാഷ്ട്രീയ പ്രതിരോധം ശക്തം
സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തിയ മേയർ ഒ. സദാശിവനും ഡെപ്യൂട്ടി മേയറും ചേർന്ന് ദേശീയഗീതത്തോട് അനാദരം കാണിച്ചെന്നാണ് ബിജെപിയുടെ പ്രധാന പരാതി. പതാകയുയർത്തിയ ശേഷം മേയറും ഭരണപക്ഷ കൗൺസിലർമാരും ദേശീയഗാനം ആലപിച്ചു തുടങ്ങിയപ്പോൾ തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുകയായിരുന്നു.
എന്നാൽ ഇതിനെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾ ചടങ്ങിൻ്റെ അന്തസിന് ഭംഗം വരുത്തി. ഭരണഘടനയും നിയമവാഴ്ചയും സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്‌ത ഭരണാധികാരികൾ ദേശീയ പ്രതീകങ്ങളെ അവഹേളിച്ചുവെന്നും, ഇതിനെ ചോദ്യം ചെയ്‌ത ബിജെപി അംഗങ്ങൾക്കെതിരെ പരാതി നൽകിയത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ബിജെപി പാർലമെൻ്ററി യോഗം വിലയിരുത്തി.
കൗൺസിലർമാർക്കെതിരെ രാഷ്ട്രീയപ്രേരിതമായി കേസെടുക്കാൻ നീക്കം നടത്തിയാൽ നിയമപരമായി നേരിടുമെന്ന് നേതാക്കളായ നമ്പിടി നാരായണൻ, ടി. രനീഷ്, നവ്യ ഹരിദാസ്, സരിത പറയേരി, കെ.പി. അനിൽകുമാർ എന്നിവർ അറിയിച്ചു. വന്ദേമാതരം പാടുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതായും ബിജെപി നേതൃത്വം അവകാശപ്പെടുന്നു.രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് സിപിഐ
സംഭവത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സിപിഐ നിലപാട്. കോർപറേഷൻ അങ്കണത്തിൽ ദേശീയഗാനാലാപനം തടസപ്പെടുത്താൻ ശ്രമിച്ച ബിജെപി അംഗങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സിപിഐ ജില്ല പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
ഭരണഘടന വ്യവസ്ഥകളെയും ജനാധിപത്യ മൂല്യങ്ങളെയും അവഹേളിക്കുന്ന നടപടിയാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യോഗം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കോൺഗ്രസ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളും കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. ദേശീയഗാനത്തെ അപമാനിച്ചുവെന്നാണ് ഇവരുടെ ആരോപണം.
നിയമപരമായി നേരിടുമെന്ന് മേയർ
അതേസമയം, വന്ദേമാതരം ചൊല്ലുന്ന കാര്യം ബിജെപി കൗൺസിലർമാർ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് മേയർ ഒ. സദാശിവൻ ആവർത്തിച്ചു വ്യക്തമാക്കി. വന്ദേമാതരം ആലപിക്കുന്നത് തടഞ്ഞിട്ടില്ലെന്നും എന്നാൽ സാധാരണയായി പതാക ഉയർത്തിയ ഉടൻ ദേശീയഗാനമാണ് പാടാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിനിടയിൽ മറ്റൊരു ഗീതം ഒരുമിച്ച് ചൊല്ലിയത് ഉചിതമായോ എന്ന് ബിജെപി ചിന്തിക്കണം.
ചട്ടങ്ങൾ ലംഘിച്ച് ചടങ്ങിന് അഭംഗിയുണ്ടാക്കിയത് ബിജെപിയാണെന്നും എന്നാൽ കേസ് വന്നാൽ അതിനെ നിയമപരമായിത്തന്നെ നേരിടുമെന്നും മേയർ കൂട്ടിച്ചേർത്തു. കോർപറേഷനിൽ കാലാകാലങ്ങളായി പതാക ഉയർത്തിയ ശേഷം ജനഗണമനയാണ് പാടാറുള്ളതെന്നും, അതിനുശേഷം വന്ദേമാതരം പാടാമായിരുന്നെന്നും ഡെപ്യൂട്ടി മേയർ എസ്. ജയശ്രീയും പ്രതികരിച്ചു. ഹർ ഘർ തിരംഗ കാമ്പയിൻ്റെയും വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തിൻ്റെയും പശ്ചാത്തലത്തിലാണ് ഈ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.