തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിൻ്റെ പ്രഥമ 100 ദിന കർമപദ്ധതി 50 ദിവസങ്ങൾ പിന്നിട്ടപ്പോൾ ലക്ഷ്യമിട്ട പദ്ധതികളിൽ പൂർത്തിയായത് നാമമാത്രം.
50 സർക്കാർ വകുപ്പുകളിലായി ആകെ 602 പദ്ധതികളാണ് 100 ദിവസത്തിനകം പൂർത്തിയാക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിൽ 2.6 ശതമാനം മാത്രമാണ് ഇതുവരെ യാഥാർഥ്യമായത്. പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്ക് വിലയിരുത്താൻ ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കാൻ തീരുമാനിച്ചു.കഴിഞ്ഞ ജൂലൈ ഒന്നിന് ആരംഭിച്ച കർമപദ്ധതി ഒക്ടോബർ ഒൻപതിനാണ് അവസാനിക്കുന്നത്. പ്രഥമ പരിഗണന നൽകി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ ഒരു നടപടിയും സ്വീകരിക്കാത്ത 12 വകുപ്പുകളുണ്ട്. 13 വകുപ്പുകളിലായി 44 പദ്ധതികൾ 100 ശതമാനം ഭൗതിക പുരോഗതി കൈവരിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇവയെ പൂർണമായി പൂർത്തിയായ പദ്ധതികളുടെ അന്തിമ പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
തൊഴിൽ, വരുമാനം എന്നിവ ഉൾപ്പെടുന്ന 479 ഉപജീവനമാർഗ പദ്ധതികളിൽ 16 എണ്ണം മാത്രമാണ് പൂർത്തിയായത്. അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉൾപ്പെടുന്ന 123 പശ്ചാത്തല വികസന പദ്ധതികളിൽ യാതൊന്നും പകുതി പോലും പൂർത്തിയായിട്ടില്ല.കൃഷി അനുബന്ധം, ഊർജ മേഖല, ശാസ്ത്ര സാങ്കേതിക ഗവേഷണമേഖല, പൊതുസേവനമേഖല, തദ്ദേശ സ്വയംഭരണം, സാമൂഹിക സേവനമേഖല, സാമ്പത്തിക സേവനമേഖല, വ്യവസായ സംരംഭകമേഖല, സഹകരണമേഖല, ജലവിഭവ ജലസേചനമേഖല, ഗതാഗത പൊതുമേഖല എന്നിങ്ങനെ 11 മേഖലകളായി തിരിച്ചാണ് കർമപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. വനം വകുപ്പ് 21 ശതമാനവും ക്ഷീര വികസനം 25 ശതമാനവും പരിസ്ഥിതി 17 ശതമാനവും സഹകരണ വകുപ്പ് 13 ശതമാനവും ആയുഷ് അഞ്ച് ശതമാനവും തദ്ദേശ സ്വയംഭരണം 18 ശതമാനവും മാത്രമാണ് പദ്ധതി നടത്തിപ്പിൽ പുരോഗതി കൈവരിച്ചത്.
മുന്നേറ്റം നടത്തി ഗതാഗത വകുപ്പ്
പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നതിൽ ഏറ്റവും കൂടുതൽ മുന്നേറ്റം നടത്തിയത് ഗതാഗത, പൊതുമരാമത്ത് വകുപ്പുകളാണ്. പ്രഖ്യാപിച്ചതിൽ 10 പദ്ധതികൾ ഗതാഗത വകുപ്പ് വിജയകരമായി നടപ്പിലാക്കി. പ്രഖ്യാപിച്ച 30 പദ്ധതികളിലും 100 ശതമാനം ഭൗതിക പുരോഗതി കൈവരിച്ചാണ് പൊതുമരാമത്ത് വകുപ്പും മുന്നിലുള്ളത്. പ്രധാനപ്പെട്ട 10 പദ്ധതികളാണ് കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ഗതാഗത വകുപ്പ് പൂർത്തിയാക്കിയത്. സ്ത്രീകൾക്കായുള്ള രാത്രികാല പിങ്ക് ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു.
വായു മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 20 ലക്ഷം രൂപ വരെ വിലയുള്ള ഇവികളുടെ നികുതി കുറച്ചു. മുഴുവൻസമയ കോൾ സെൻ്ററും ഫീഡ്ബാക്ക് സേവനവും യാഥാർഥ്യമാക്കി. മികച്ച പ്രതിമാസ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സംസ്ഥാനതലത്തിൽ അംഗീകാരം ഏർപ്പെടുത്തി.
കെഎസ്ആർടിസി ബസ് അപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായം നൽകുന്നതിനുള്ള മാർഗനിർദേശം തയ്യാറാക്കി ഉത്തരവിറക്കി. വേഗപരിധി കാര്യക്ഷമമായി നടപ്പാക്കാൻ 600 കിലോമീറ്റർ ദൂരത്തെ വിവിധ മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കി. അപകടത്തിന് ശേഷം സമഗ്ര അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാതല അന്വേഷണ ടീമുകൾ രൂപീകരിച്ചു. മോട്ടോർ വാഹന വകുപ്പിൽ അത്യാധുനിക ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ സ്റ്റേജ് കാരിയറുകളുടെ ത്രൈമാസ നികുതി പകുതിയായി കുറച്ചു. ഓൾ ഇന്ത്യ പെർമിറ്റ് ടൂറിസ്റ്റ് ബസുകളുടെ നികുതിയിലും ഇളവ് പ്രഖ്യാപിച്ചു.
മറ്റു വകുപ്പുകളിലെ നേട്ടങ്ങൾ
ഗതാഗത വകുപ്പിന് പുറമെ റവന്യൂ, കൃഷി, സഹകരണം, പിന്നാക്ക ക്ഷേമ വകുപ്പുകളിലാണ് മറ്റു പ്രധാന പദ്ധതികൾ പൂർത്തിയായത്. റവന്യൂ വകുപ്പിൽ ഭൂമി തരംമാറ്റത്തിനായുള്ള 25,000 അപേക്ഷകൾ അതിവേഗം തീർപ്പാക്കി. എല്ലാ റവന്യൂ പോർട്ടലുകളെയും ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിച്ച് സിംഗിൾ സൈൻ ഓൺ സംവിധാനം നടപ്പിലാക്കി. കൃഷി വകുപ്പിൽ എസ്എംഎഎം പദ്ധതിയിലൂടെ 100 കർഷകർക്ക് കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിതരണം ചെയ്തു.
എഐഎഫ് വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക സംരംഭകർക്കായി സംസ്ഥാനതല ശിൽപശാല സംഘടിപ്പിച്ചു. സഹകരണ വകുപ്പിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് സംസ്ഥാനതല അവാർഡുകൾ വിതരണം ചെയ്തു. പിന്നാക്ക വിഭാഗ വികസന വകുപ്പിൽ മലപ്പുറം നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ അരുവാക്കോട് കുശവ കോളനി നവീകരണത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയാക്കുകയും രണ്ടാം ഘട്ട നിർമാണം ആരംഭിക്കുകയും ചെയ്തു. പാലക്കാട് ആറുപുഴ കുശവ കോളനിയുടെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.