എറണാകുളം: സ്കൂൾ ക്വിസ് മത്സരത്തിൽ വി ഡി സവർക്കറെ അനുകൂലിച്ച് ചോദ്യം ഉൾപ്പെടുത്തിയതിന് അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.
ചോദ്യം തെറ്റാണെങ്കിൽ തന്നെ സസ്പെൻഷൻ നടപടി സ്വീകരിക്കാനാകുമോയെന്നും ഇത് ശിക്ഷാ നടപടിയായിട്ടാണോയെന്നും കോടതി ചോദിച്ചു. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് പള്ളത്തടുക്ക എ യു പി എസ് അധ്യാപകൻ ഗുരുപ്രസാദ് റായ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിൻ്റെ ഇടപെടൽ.ഹൈക്കോടതിയുടെ ചോദ്യങ്ങൾ
ഹർജി പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാമിൻ്റെ സിംഗിൾ ബെഞ്ചാണ് സർക്കാരിനോട് വാക്കാൽ ചോദ്യങ്ങൾ ഉന്നയിച്ചത്. അധ്യാപകനെതിരെ അച്ചടക്ക നടപടിയെടുക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും, ഒരു ചോദ്യത്തിൻ്റെ പേരിൽ സസ്പെൻഡ് ചെയ്യാൻ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. കേരള വിദ്യാഭ്യാസ നിയമത്തിലെ 12 എ വകുപ്പ് പ്രകാരമുള്ള സസ്പെൻഷനും അച്ചടക്ക നടപടിയും തികച്ചും നിയമവിരുദ്ധമാണെന്നാണ് അധ്യാപകൻ്റെ വാദം. ചോദ്യം ചരിത്രപരമായി തെറ്റാണെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. താൻ ചോദ്യമോ ഉത്തരസൂചികയോ തയാറാക്കിയിട്ടില്ലെന്നും, മറ്റൊരു അധ്യാപക സംഘടന തയാറാക്കിയ വിവരങ്ങൾ കൈമാറുകയാണ് ചെയ്തതെന്നുമാണ് അധ്യാപകൻ്റെ വിശദീകരണം. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
വിവാദമായ ക്വിസ് മത്സരം
പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്ങിൻ്റെ നിർദേശപ്രകാരമാണ് കുമ്പള ഉപജില്ലയിലെ പള്ളത്തടുക്ക സ്കൂളിലെ അധ്യാപകനായ ഗുരുപ്രസാദിനെതിരെ അന്വേഷണവിധേയമായി നടപടിയെടുത്തത്. ഓഗസ്റ്റ് ആറിന് കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എൽപി, യുപി വിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് 2026 സംഘടിപ്പിച്ചിരുന്നു. ഇതിൽ എൽപി വിഭാഗത്തിലെ ടൈ ബ്രേക്കർ ചോദ്യമായി ഉൾപ്പെടുത്തിയത് ബ്രിട്ടീഷുകാരുടെ കൈയിൽ നിന്നും ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര് എന്നതായിരുന്നു. ഉത്തരസൂചികയിൽ നൽകിയിരുന്ന മറുപടി വി ഡി സവർക്കർ എന്നായിരുന്നു. 15 ചോദ്യങ്ങൾക്കു പുറമേ നൽകിയ അഞ്ച് ടൈ ബ്രേക്കർ ചോദ്യങ്ങളിൽ അവസാനത്തേതായിരുന്നു ഇത്. ഇതാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും നടപടിക്കും ആധാരമായത്.
സർക്കാർ നിലപാടും പ്രതിഷേധവും
സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ നേതാവാണ് ചോദ്യം തയാറാക്കിയതെന്നായിരുന്നു പ്രധാന പരാതി. എന്നാൽ, ചരിത്രത്തിൻ്റെ പിൻബലമില്ലാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യമാണ് ഉൾപ്പെടുത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ ഓഫിസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക കലണ്ടറിൻ്റെ ഭാഗമായല്ല ഈ മത്സരം സംഘടിപ്പിച്ചതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇത്തരം ചോദ്യപ്പേപ്പർ തയാറാക്കിയത് ഗൗരവമുള്ള വിഷയമാണെന്ന കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെടുത്തതെന്നും വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.അതിനിടെ, അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിക്ക് പുറത്ത് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളികളുമായി മുസ്‌ലിം ലീഗ്, എംഎസ്എഫ് പ്രവർത്തകരും എത്തിയതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായി. ഇരു കൂട്ടരുടെയും പ്രതിഷേധം അക്രമാസക്തമാകുന്ന നിലയിലേക്ക് നീങ്ങിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.