'അമ്മ'യിലെ ഓണക്കിറ്റ് വിതരണം നിയമവിരുദ്ധം; ഗുരുതര ആരോപണങ്ങളുമായി ഉഷ ഹസീന

താരസംഘടനയിൽ തുടരുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ശ്വേതാ മേനോന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യാൻ നീക്കങ്ങൾ നടത്തുന്നുവെന്ന് നടി ഉഷ ഹസീന. നടി നീനാ കുറുപ്പാണ് ഇതിനായി പലരെയും വിളിച്ച് സംസാരിക്കുന്നതെന്നും, എന്നാൽ ഭൂരിഭാഗം അംഗങ്ങളും ഈ കിറ്റ് നിരസിക്കുകയാണെന്നും ഉഷ പറഞ്ഞു.


വിവരങ്ങളറിയാത്ത ചിലരോ മറ്റു നിവൃത്തിയില്ലാത്ത ചിലരോ മാത്രമായിരിക്കാം ഇത് കൈപ്പറ്റിയതെന്നും ഉഷ പറഞ്ഞു. സംഘടനയുടെ ഓഫിസും പേരും ദുരുപയോഗം ചെയ്യുന്നതിനെതിരെയും അതിന് പിന്നിലെ സാമ്പത്തിക താല്പര്യങ്ങളെക്കുറിച്ചും ഉഷ ഹസീന തുറന്നടിച്ചു. 



ജനറൽ ബോഡി യോഗത്തിൽ പരസ്യമായി രാജിവച്ചു പുറത്തുപോയവർക്ക് 'അമ്മ'യുടെ ഓഫിസിൽ കയറിയിരിക്കാനോ സംഘടനയുടെ ഔദ്യോഗിക ലേേബലിൽ സ്പോൺസർമാരെ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യാനോ യാതൊരു വിധ യോഗ്യതയോ നിയമപരമായ അവകാശമോ ഇല്ല. മുൻസിഫ് കോടതി നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് അനുസരിച്ച് അഡ്ഹോക്ക് കമ്മിറ്റിയിൽ രമേഷ് പിഷാരടിക്ക് തുടരാൻ സാധിക്കില്ല എന്നു മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്.



എന്നാൽ ശ്വേതാ മേനോന് കമ്മിറ്റിയിൽ തുടരാൻ അനുമതിയുണ്ടെന്ന് കോടതി ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച്, തങ്ങൾക്ക് തുടരാൻ അനുവാദമുണ്ടെന്ന് സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ഓഫിസിൽ കയറിയിരിക്കുന്നത് എന്ന് ഉഷ ഹസീന ആരോപിച്ചു. ഈ മാസം 11ന് കേസ് കോടതിയുടെ വാദത്തിന് വരാനിരിക്കെ, ഇത്തരത്തിൽ സംഘടനയുടെ പേരിൽ സ്വയം പ്രഖ്യാപിത പ്രവർത്തനങ്ങൾ നടത്തുന്നത് കോടതിയോടുള്ള വെല്ലുവിളിയും നിയമവിരുദ്ധവുമായ പ്രവർത്തിയാണെന്നും ഉഷ ഹസീന ചൂണ്ടിക്കാട്ടി.



ഉഷ ഹസീനയുടെ വാക്കുകൾ:

"അമ്മയുടെ പ്രസിഡന്റ് ആയിരുന്ന ശ്വേതാ മേനോനും സംഘവും അംഗങ്ങൾക്കായുള്ള ഓണക്കിറ്റുമായിട്ട് ഇറങ്ങിയിട്ടുണ്ട്. അമ്മയുടെ ഓഫിസിൽ ഇവർക്ക് ഇരിക്കാൻ പോലും അർഹതയില്ലാതെയാണ് അവിടെ കയറി ഇരിക്കുന്നത്. അവിടെയിരുന്നാണ് ഓണക്കിറ്റിനുള്ള സ്പോസർഷിപ്പ് സംഘടിപ്പിച്ച് അംഗങ്ങൾക്കായി വിതരണം ചെയ്യാൻ തുടങ്ങുന്നത്. അമ്മയുടെ പേരിൽ സ്പോൺസറെ കണ്ടുപിടിക്കാൻ ഇപ്പോൾ ഇവർക്ക് അധികാരമില്ല. കോടതിയിൽ കേസ് പതിനൊന്നാം തിയതി വാദത്തിന് വച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് കിട്ടിയിരിക്കുന്ന ഓർഡർ പറയുന്നത് അഡ്ഹോക്ക് കമ്മിറ്റിയിൽ രമേഷ് പിഷാരടിക്ക് തുടരാൻ സാധിക്കില്ല എന്നുള്ളതാണ്. എന്നാൽ, ശ്വേതാ മേനോന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്ന് ആ ഓർഡറിൽ എവിടെയും പറഞ്ഞിട്ടില്ല. ഇവർ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് ഇവർക്ക് തുടരാൻ അനുവാദം കൊടുത്തു എന്നാണ്. പക്ഷേ, ആ ഓർഡറിൽ അങ്ങനെ ഇവർക്ക് അനുവാദം കൊടുത്തിട്ടില്ല. ഇവർ ജനറൽ ബോഡിയിൽ രാജിവച്ച് പോയവരാണ്. രമേഷ് പിഷാരടിക്കെതിരെയാണ് മുൻസിഫ് കോടതിയിൽ ഒരു പരാതി നൽകിയത്. ആ പരാതിയിന്മേൽ ആണ് പിഷാരടിക്ക് തുടരാൻ കഴിയില്ല എന്നൊരു ഓർഡർ കോടതി ഇട്ടത്.

ഇവർ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ഓഫിസിൽ കയറിയിരുന്ന് 'അമ്മയുടെ ഔദ്യോഗിക ഗ്രൂപ്പ്' എന്ന് പറഞ്ഞു ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എന്നിട്ട് അതിനകത്ത് 97 പേരെ ആഡ് ചെയ്തു, ബാക്കി ഉള്ളവരെ ആരെയും ആഡ് ചെയ്തിട്ടില്ല. ഗ്രൂപ്പ് ‘അഡ്മിൻ ഓൺലി’ ആണ്. അവർക്ക് അനുകൂലമായ വാർത്തകൾ ഇടാനും അവരുടെ ഭാഗം മാത്രം പറയാനും ആണ് ആ ഗ്രൂപ്പ്. ഇന്നലെ മുതൽ പല അംഗങ്ങളെയും വിളിക്കുന്നതായിട്ടാണ് അറിയുന്നത്. പലരും പറഞ്ഞു, ‘ഞങ്ങൾക്ക് കിറ്റ് വേണ്ട, നിങ്ങൾക്ക് സ്പോൺസറെ കണ്ടുപിടിക്കാനോ ഇങ്ങനെ ഒരു കിറ്റ് കൊടുക്കാനോ അനുവാദമില്ല, നിയമവിരുദ്ധമാണ്’ എന്ന്. വിളിച്ചവരെല്ലാം ‘വേണ്ട, ഓണക്കിറ്റ് വാങ്ങിക്കാൻ താല്പര്യമില്ല’ എന്നു പറഞ്ഞ് നിരസിച്ചുകൊണ്ടിരിക്കുകയാണ്. ‘അമ്മയുടെ പെൺമക്കൾ’ ഗ്രൂപ്പിൽ തന്നെ ഇന്നലെ ഇതിനെക്കുറിച്ച് ചർച്ചയുണ്ടായിരുന്നു. കിറ്റ് വേണ്ട എന്നു പറഞ്ഞിട്ടുണ്ട് എന്നാണ് പലരും പറഞ്ഞത്. അവർ പലരെയും വിളിച്ചു ചോദിക്കുന്നത് ‘എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളെ എതിർക്കുന്നത്? ഞങ്ങൾ എന്ത് ദ്രോഹം ചെയ്തു’ എന്നാണ്.

നീനാ കുറുപ്പാണ് പലരെയും വിളിച്ചിരിക്കുന്നത്. നീനാ കുറുപ്പ് വിളിച്ചിട്ടാണ് ഇതെല്ലാം ചോദിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ, അവർക്ക് വേണ്ടിയാണ് ഈ പ്രശ്നങ്ങൾ മുഴുവൻ തുടങ്ങിയത്. നീനാ കുറുപ്പ് ഇപ്പോൾ പറയുന്നത് ‘എനിക്ക് പ്രശ്നമൊന്നുമില്ല, ലക്ഷ്മിപ്രിയ അമ്മയിൽ നിന്ന് പോയി, എനിക്ക് ഇനി പ്രശ്നമൊന്നുമില്ല’ എന്ന്. ഇവർക്ക് എന്ത് നിലപാടാണ് ഉള്ളത്? 

പലരും കിറ്റ് നിരസിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഞങ്ങൾ അറിഞ്ഞത് വത്സലാ മേനോനും നടൻ കുഞ്ചനും കിറ്റ് കൊണ്ടുപോയി കൊടുത്തു എന്നാണ്. വത്സലാ മേനോൻ ചേച്ചി സുഖമില്ലാതെ ഇരിക്കുകയാണ് അവർക്ക് ഇവിടുത്തെ കാര്യങ്ങൾ ഒന്നും അറിയില്ല. കൊണ്ടുകൊടുക്കുന്നത് സന്തോഷത്തോടെ വാങ്ങും. ചിലപ്പോൾ തീരെ നിവർത്തിയില്ലാത്തവരും കാര്യങ്ങൾ ശരിക്ക് അറിയാത്തവരും വാങ്ങുമായിരിക്കും. അവരുടെ ഫോട്ടോ ഒക്കെ എടുത്ത് ഞങ്ങൾ പ്രവർത്തനം നടത്തുന്നു എന്നൊക്കെ പറയുമായിരിക്കും. പക്ഷേ, ഭൂരിഭാഗം അംഗങ്ങളും ഇതിനെ എതിർക്കുകയാണ്. ഇവർ നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്യുന്നത്.     

ഇവർ പറയുന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണവിധേയരായവർ അമ്മയുടെ തലപ്പത്ത് വരാൻ പാടില്ല എന്നൊക്കെയാണ്. അപ്പോൾ എന്റെ ചോദ്യം ഹേമാ കമ്മിറ്റിയിൽ പേരുള്ള ആൾക്കാരെ ഇവർക്ക് എങ്ങനെ അറിയാം? ഞങ്ങൾക്ക് ആർക്കും അറിയില്ല. സർക്കാരിന്റെയും കോടതിയുടെയും മാത്രം പരിധിയിൽ ഇരിക്കുന്ന ഒരു കാര്യമാണ് അത്. പിന്നെ ഇവർ എങ്ങനെയാ അറിയുന്നത്? ഇവർ അത് കണ്ടിട്ടുണ്ടോ? പുറംലോകം ആരും അറിഞ്ഞിട്ടില്ലാത്ത കാര്യം ഇവർക്ക് അറിയാമെങ്കിൽ ഇവർ അതാരാണെന്ന് പറയണ്ടേ? ഇവർ മാത്രം എങ്ങനെ ആ പേരുകൾ അറിഞ്ഞെങ്കിൽ അത് എങ്ങനെ അറിഞ്ഞു എന്ന് ഞങ്ങൾക്കും അറിയണം.

ഇവർ ഇപ്പോൾ പലരെയും പറഞ്ഞ് പേടിപ്പിച്ചു നിർത്തുകയാണ്. രമേഷ് പിഷാരടിയുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് ഓഡിയോ ലീക്ക് ചെയ്തിട്ട് ‘എന്റെ കയ്യിൽ ഇനിയും പലരുടെയും ഓഡിയോ ഉണ്ട്’ എന്നുള്ള ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു വൃത്തികെട്ട നീക്കങ്ങളാണ് കാണിക്കുന്നത്. 

കഴിഞ്ഞ ഭരണസമിതി വന്നിട്ട് ‘കുടുംബസംഗമം’ എന്ന് പറയുന്ന പരിപാടിയാണ് ഇവർ ആദ്യമായിട്ട് വലുതായി നടത്തിയത്. ആ പരിപാടിക്ക് പോലും അവർ ആദ്യത്തെ മീറ്റിങ്ങിൽ പറഞ്ഞത് എന്താണ്? ഓരോ സ്പോൺസറെ ആരൊക്കെ കണ്ടെത്തുന്നുണ്ടോ അവർക്ക് 25% അവർ കമ്മീഷൻ തരാം എന്ന്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളവർ പരസ്യം കൊണ്ടുവന്നാൽ, സ്പോൺസറെ കൊണ്ടുവന്നാൽ അവർക്ക് കമ്മീഷൻ. അതാണ് അവരുടെ എഗ്രിമെന്റ്. ഇന്നുവരെ അമ്മയുടെ ചരിത്രത്തിൽ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. പണത്തിന് വേണ്ടിയല്ല അവിടുത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇരിക്കുന്നവരെ ഭാരവാഹികളായിട്ടുള്ളത്. സേവന മനോഭാവത്തോടുകൂടിയാണ് എല്ലാവരും ഇരുന്നിട്ടുള്ളത്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വരുക എന്നുള്ളത് വലിയൊരു അഭിമാനമായി കണ്ടിട്ടാണ് ഇത്രയും കാലം നടന്നിട്ടുള്ളത്. ഇവർ വന്നതിനുശേഷമാണ് ഈ കമ്മീഷൻ വ്യവസ്ഥയിൽ സ്പോൺസറെ പിടിക്കാൻ പോവുകയും കമ്മീഷൻ കൊടുക്കാൻ വാഗ്ദാനവുമൊക്കെ! അതെന്തൊരു ഏർപ്പാടാണ്? 

നമ്മൾ എതിർക്കുന്നത് ഇതൊക്കെയാണ്. ഇപ്പോൾ ഈ ഒരു ഓണക്കിറ്റിനും അവർ ഏതോ സ്പോൺസറെ കണ്ടു വാങ്ങിയതാണ്. പല പരിപാടിക്കും പൈസ നേരത്തെ മേടിച്ചു കമ്മീഷൻ കൈപ്പറ്റി പോയിട്ടുണ്ടാവാം. അതാണ് ഇവരീ അള്ളിപ്പിടിച്ചിരിക്കുന്നത്. 15 കോടി എന്നൊക്കെ പറഞ്ഞില്ലേ? അത്ര ലാഭമുണ്ട്. അതുകൊണ്ടാണ് ഇവരെല്ലാം ഇവിടെ അള്ളിപ്പിടിച്ചിരിക്കുന്നത്. അന്തസ്സുള്ളവർ അവിടെ നിന്നു പോയി. ഈ കൊടുക്കുന്ന സ്പോൺസർമാർക്ക് ബോധമില്ലേ? ഇത്രയും പ്രശ്നങ്ങൾ കോടതിയിൽ നിൽക്കുമ്പോൾ, ആസംഘടനയ്ക്ക് സ്‌പോൺസർഷിപ്പ് കൊടുക്കാൻ!"

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !