പ്രതിസന്ധികളെ മറികടക്കാൻ എയർ ഇന്ത്യ: പുതിയ അമരക്കാരനായി ടെവോൾഡെ ജെബ്രെമറിയം

ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാന കമ്പനിയായ എയർ ഇന്ത്യയുടെ പുതിയ മേധാവിയെ ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. കാംബെൽ വിൽസൺ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ടെവോൾഡെ ജെബ്രെമറിയത്തെയാണ് എയർ ഇന്ത്യയുടെ സി.ഇ. ഒ.യും മാനേജിങ് ഡയറക്ടറുമായി ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.


അഹമ്മദാബാദിലെ വിമാനാപകടവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് വ്യോമപാതകളിലെ തടസ്സവും ഉയർന്ന ഇന്ധനവിലയും സൃഷ്ടിച്ച ആഘാതത്തിൽ നട്ടംതിരിയുന്നതിനിടെയാണ് കമ്പനിയെ നയിക്കാൻ ടെവോൾഡെ എത്തുന്നത്. എന്നാൽ ആളത്ര ചില്ലറക്കാരനല്ല ടെവോൾഡെ.
ആഫ്രിക്കൻ വ്യോമയാന രംഗത്ത് വിജയഗാഥ തീർത്താണ് എയർഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. എത്യോപ്യൻ എയർലൈൻസിൽനിന്നാണ് അദ്ദേഹം ടാറ്റയിലേക്ക് എത്തുന്നത്. എതോപ്യൻ എയർലൈൻസിൽ 35-ലധികം വർഷത്തെ സേവന പാരമ്പര്യമുള്ള അദ്ദേഹം, കമ്പനിയെ ആഫ്രിക്കയിലെ ഏറ്റവും വലിയതും ലാഭകരവുമായ എയർലൈനായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 


2022-ലാണ് എത്യോപ്യൻ എയർലൈൻസിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (CEO) സ്ഥാനത്തുനിന്ന് ടെവോൾഡെ ജെബ്രെമറിയം വിരമിച്ചത്. 1985-ൽ എത്യോപ്യൻ എയർലൈൻസിൽ ചേർന്ന അദ്ദേഹം കാർഗോ ട്രാഫിക് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, മുംബൈ ആസ്ഥാനമായി ഇന്ത്യയ്ക്കും തെക്കുകിഴക്കൻ ഏഷ്യയ്ക്കുമുള്ള റീജണൽ ഡയറക്ടറായടക്കം പ്രവർത്തിച്ചു. എത്യോപ്യൻ എയർലൈൻസിന്റെ സിഇഒയായി ചുമതലയേറ്റെടുത്ത ശേഷം എയർലൈൻസിന്റെ സർവീസുകൾ 64-ൽ നിന്ന് 128 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. വാർഷിക വരുമാനം 100 കോടി ഡോളറിൽ നിന്ന് 500 കോടി ഡോളറായും, യാത്രക്കാരുടെ എണ്ണം 3 ദശലക്ഷത്തിൽ നിന്ന് 12 ദശലക്ഷമായും ഉയർന്നു. 2006-ൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും 2011ൽ സി.ഇ.ഒ ആയും ടെവോൾഡെ ജെബ്രെമറിയത്തെ കമ്പനി ഉയർത്തി. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) ബോർഡ് ഓഫ് ഗവേണേഴ്‌സ് അംഗമായും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര ഗതാഗതത്തിനായുള്ള ഉപദേശക സമിതിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 



എയർ ഇന്ത്യ സിഇഒ ആയി പ്രഖ്യാപിക്കുന്നതിന് മുമ്പായി ടെവോൾഡെ ജെബ്രെമറിയത്തെ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) നോട്ടമിട്ടിരുന്നു. ടെവോൾഡെ ജെബ്രെമറിയത്തെ സി.ഇ.ഒ ആയി പിഐഎ തിരഞ്ഞെടുത്തിരുന്നെങ്കിലും, പാക് സർക്കാരിന്റെ ആവശ്യമായ സുരക്ഷാ ക്ലിയറൻസുകൾ ലഭിക്കാത്തതിനെ തുടർന്ന് ആ നിയമനം വൈകിയെന്നാണ് വിവരം. സുപ്രധാന നാഴികക്കല്ലെന്ന് ടാറ്റ ഗ്രൂപ്പ് കടുത്ത മത്സരങ്ങളും സാമ്പത്തിക വെല്ലുവിളികളും നേരിടുന്ന, എയർ ഇന്ത്യയെ നവീകരിക്കുകയും അതിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുമാണ് ടെവോൾഡെ ജെബ്രെമറിയത്തിന്റെ പുതിയ ലക്ഷ്യം. എയർ ഇന്ത്യയെ ലോകോത്തര ആഗോള വിമാനക്കമ്പനിയാക്കി മാറ്റാനുള്ള വഴിത്തിരിവുകളിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ടാറ്റ ഗ്രൂപ്പ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ അറിയിച്ചു. 


എയർ ഇന്ത്യയുടെ അടുത്ത മേധാവിയെ കണ്ടെത്താനായി ഡയറക്ടർ ബോർഡ് ഒരു പ്രത്യേക കമ്മിറ്റിരൂപീകരിച്ചിരുന്നു. ഇന്ത്യയ്ക്കകത്തുനിന്നും വിദേശത്തുനിന്നുമുള്ള പ്രഗത്ഭരായ നിരവധി പേരെ കമ്മിറ്റി വിലയിരുത്തി. പുനരുദ്ധാരണം,മികച്ച സേവന നിലവാരം, സുരക്ഷ, ലാഭകരമായ വളർച്ച തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിവുള്ള ഒരു തലവനെയാണ് ലക്ഷ്യമിട്ടതെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു തിരച്ചിലിനൊടുവിലാണ് ടെവോൾഡെ ജെബ്രെമറിയത്തിലേക്ക് കമ്പനി എത്തിയത്. 'വ്യോമയാന മേഖലയിലെ ഏറ്റവും വിജയകരമായ സി.ഇ.ഒമാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട വ്യക്തിയാണ് ടെവോൾഡെ ജെബ്രെമറിയം. എത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പിന്റെ സി.ഇ.ഒ ആയിരുന്ന 10-ലധികം വർഷത്തെ സേവനകാലയളവിൽ, ഒരു പ്രാദേശിക എയർലൈനായിരുന്ന കമ്പനിയെ ആഫ്രിക്കയിലെ ഏറ്റവും വലിയതും ലാഭകരവുമായ വിമാനക്കമ്പനിയാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. കമ്പനിയുടെ വരുമാനം നാലിരട്ടിയോളവും വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയോളവും വർധിപ്പിക്കാൻ അദ്ദേഹത്തിനായി. എയർ ഇന്ത്യ നിലവിലെ അവസ്ഥയിൽ നിന്നും അതിവേഗ വളർച്ചയുടെയും ലാഭകരമായ വികസനത്തിന്റെയും ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ടെവോൾഡെ ജെബ്രെമറിയം നൽകുന്ന സംഭാവനകൾ നിർണായകമായിരിക്കും. അന്താരാഷ്ട്ര റൂട്ടുകൾ വിപുലീകരിക്കുന്നതിലും, ലോകോത്തര ഹബ്ബുകൾ സ്ഥാപിക്കുന്നതിലും, സുരക്ഷാ മാനദണ്ഡങ്ങളിലും പ്രവർത്തനക്ഷമതയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലർത്തുന്നതിലും അദ്ദേഹത്തിന് വലിയ പരിചയസമ്പത്തുണ്ട്' ടാറ്റ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ഒരു ചരിത്രപ്രധാനമായ ഘട്ടത്തിൽ എയർ ഇന്ത്യയെ നയിക്കാനുള്ള ചുമതല ലഭിച്ചത് വലിയൊരു ബഹുമതിയായി താൻ കാണുന്നുവെന്ന് ടെവോൾഡെ ജെബ്രെമറിയം അറിയിച്ചു. 'എയർ ഇന്ത്യയ്ക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്. ഇന്ത്യയുടെ സാമ്പത്തിക ശേഷിയെ പ്രതിഫലിപ്പിക്കുന്ന ഒരു ലോകോത്തര ആഗോള വിമാനക്കമ്പനി കെട്ടിപ്പടുക്കുക എന്നത് ഏറെ ആവേശകരമായ ഒന്നാണ്. ചെയർമാൻ ചന്ദ്രശേഖരൻ, ബോർഡ് അംഗങ്ങൾ, ജീവനക്കാർ, മറ്റ് പങ്കാളികൾ എന്നിവർക്കൊപ്പം ചേർന്ന് കൃത്യതയുള്ള സേവനങ്ങളും, മികച്ച ഇന്ത്യൻ ആതിഥ്യമര്യാദയും, ദീർഘകാല വളർച്ചയും നൽകാൻ ഞാൻ കാത്തിരിക്കുന്നു' അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !