ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ് ഇൻസ്ട്രക്ടർ രാജേഷിനെ (37) കൂട്ടുകാർക്ക് നഷ്ടമായത് കൈയ്യെത്തും ദൂരത്തുനിന്ന്.
ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ ആളെ രക്ഷിച്ചു കൊണ്ടുവരുന്നതിനിടയിലാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്.വൈകുന്നേരം അഞ്ചോടെയാണ് തുരുത്തിൽ ഒരാൾ ഒറ്റപ്പെട്ടതായി അറിയുന്നത്. മീന്തുള്ളി വാട്ടർ ഫാൾസിലെ റെപ്പല്ലിങ് ഇൻസ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ആയ ജിതിനും ചേർന്ന് കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തി തുരുത്തിൽ എത്തി.
ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കമുള്ളവ ധരിച്ചിരുന്നു. തുരുത്തിൽ കുടുങ്ങിയ സമ്പന്നയിൽ ബെന്നിയെ രക്ഷിച്ചു കൊണ്ടുവരികയായിരുന്നു. രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു. തുടർന്ന് കയറിൽ പിടിച്ച് പുഴ കുറുകെ കടക്കുകയായിരുന്നു. കേരളത്തിന്റെ ഭാഗത്ത് എത്താറായപ്പോൾ രാജേഷിന് കയറിൽനിന്ന് പിടി വിട്ടു.
നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. റോപ്പ് ക്ലൈംബിംഗിൽ രാജേഷ് ഒട്ടേറെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അഡ്വഞ്ചർ ടൂറിസം സംരംഭകർക്ക് ക്ലാസ് എടുക്കുന്ന രാജേഷ് നീന്തലിലും വിദഗ്ദ്ധനായിരുന്നു.
വെള്ളത്തിൽ ശരീരം കോച്ചിപ്പിടിച്ചതാവാം നീന്താനാവാതെ പോയതെന്നു കരുതുന്നു. രാജേഷിനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും രാവിലെ മുതൽ കാര്യങ്കോട് പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.