കൊച്ചി: മലേഷ്യയിലെ ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) എന്ന യാത്രക്കാരനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പശ്ചാത്തലമടക്കം പരിശോധിക്കുന്നുവെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ക്വാലലംപുരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലായിരുന്നു സംഭവം.
രാത്രി 9.30നും 11.05നും ഇടയിൽ വിമാനം പറക്കുന്നതിനിടെയായിരുന്നു സംഭവം.
ഒഡി 231 നമ്പർ വിമാനത്തിലെ സീറ്റ് നമ്പർ 12എ–യിൽ യാത്ര ചെയ്യുകയായിരുന്നു ജംഷീർ. പെട്ടെന്ന് ഇയാൾ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും എമർജൻസി വിൻഡോ പാനൽ അടിച്ചു തകർക്കുകയുമായിരുന്നു എന്ന് നെടുമ്പാശേരി പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഇത് തടയാൻ ശ്രമിച്ച വിമാനത്തിലെ മറ്റ് യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്.
വിമാനത്തിലുണ്ടായിരുന്ന ക്യാബിൻ ക്രൂവും മറ്റു യാത്രക്കാരും ചേർന്ന് ഇയാളെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. വിമാനത്തിനുള്ളിൽ വച്ച് മറ്റൊരു യാത്രക്കാരൻ ചിത്രീകരിച്ച വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
രാത്രി 11.10ഓടെ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെ ബാട്ടിക് എയർലൈൻസ് സെക്യൂരിറ്റി ഇൻ-ചാർജ് ബിന്ദു മോഹൻ നായർ പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വിമാനത്തിനുള്ളിൽ പ്രകോപനപരമായ സാഹചര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഏതു സാഹചര്യത്തിലാണ് ജംഷീർ വാതിൽ തുറക്കാൻ ശ്രമിച്ചതെന്നുമുള്ള കാര്യം അന്വേഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ജംഷീർ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത് എന്നാണ് വിവരം. ഇയാളുടെ പശ്ചാത്തലമടക്കം പരിശോധിക്കുമെന്നും ഏതു സാഹചര്യത്തിലാണ് വിമാനത്തിനുള്ളിൽ ഇത്തരമൊരു നടപടിക്ക് മുതിർന്നത് എന്നതു സംബന്ധിച്ച് ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.