റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെ 5 രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്താനുള്ള ബിൽ പാസാക്കി യുഎസ് സെനറ്റ്. സ്ലൊവാക്കിയ, ഹംഗറി, അസർബൈജാൻ എന്നിവയാണ് മറ്റ് 3 രാജ്യങ്ങൾ. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് അംഗങ്ങൾ ഒരുമിച്ച് കൊണ്ടുവന്ന ബിൽ 11ന് എതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് ‘പരീക്ഷ’ പാസായത്.
റഷ്യയുടെ കടുത്ത വിമർശകനും യുക്രെയ്നെ വലിയതോതിൽ പിന്തുണച്ചയാളുമായ, അടുത്തിടെ അന്തരിച്ച സെനറ്റർ ലിൻഡ്സെ ഗ്രമാഹിന്റെ പേരിലാണ് ബിൽ. ഇന്ത്യയ്ക്കും ചൈനയ്ക്കും 500% തീരുവ ചുമത്തണമെന്നായിരുന്നു ഗ്രഹാം വാദിച്ചിരുന്നത്. ‘ലിൻഡ്സെ ഒ. ഗ്രഹാം സാൻക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2006’ എന്നാണ് ബില്ലിന്റെ പേര്.
ആർക്കൊക്കെ തീരുവ?
പേര് സൂചിപ്പിക്കുംപോലെ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ മാത്രമല്ല, പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്നതുപോലെ ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കുമേലും കനത്ത തീരുവ ചുമത്തും. നിലവിൽ ബിൽ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത് റഷ്യയിൽ നിന്ന് എണ്ണ (ക്രൂഡോയിൽ), പ്രകൃതിവാതകം എന്നിവ ഏറ്റവുമധികം വാങ്ങുന്ന 5 രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്തണമെന്ന ആവശ്യമാണ്. മൊത്തം ഉപഭോഗത്തിന്റെ 15 ശതമാനത്തിൽ താഴെ മാത്രം പ്രകൃതിവാതകം റഷ്യയിൽ നിന്ന് വാങ്ങുന്ന രാജ്യങ്ങളെ ഈ അധികത്തീരുവയിൽ നിന്ന് ഒഴിവാക്കും.
റഷ്യൻ പ്രസിഡന്റ് പുട്ടിൻ, റഷ്യൻ സർക്കാരിലെ മുതിർന്ന നേതാക്കൾ, ഉന്നത സൈനിക ഉദ്യോഗസ്ഥർ, റഷ്യയുടെ ധനകാര്യ സ്ഥാപനങ്ങൾ, റഷ്യൻ ഊർജ കമ്പനികൾ, റഷ്യയുടെ എണ്ണ ടാങ്കറുകൾ (എണ്ണക്കപ്പൽ) എന്നിവർക്കുമേലും ബിൽ പ്രകാരം ഉപരോധം ബാധകമാകും. ഇറാന്റെ ഊർജ പദ്ധതികളിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്കും ഉപരോധം വരും.
ബില്ലിന്റെ അടുത്ത ഘട്ടം എന്ത്?
സെനറ്റിൽ പാസായ ബിൽ ഇനി യുഎസിന്റെ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിന് മുന്നിലെത്തും. ഹൗസിലും ബിൽ പാസാകാനാണ് സാധ്യത. കാരണം, ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് കൊണ്ടുവന്ന ബില്ലാണിത്. ഹൗസിലും പാസായാൽ ബിൽ നേരെ ട്രംപിന്റെ മേശപ്പുറത്തെത്തും. ട്രംപ് ഒപ്പുവച്ചാൽ ബിൽ യാഥാർഥ്യമാകും. എന്നാൽ, ട്രംപ് ഒപ്പുവയ്ക്കാനുള്ള സാധ്യത വിരളമാണെന്നാണ് പൊതുവിലയിരുത്തൽ. അതേസമയം, ബില്ലിനെ പിന്തുണച്ച് കഴിഞ്ഞദിവസങ്ങളിൽ ട്രംപ് തന്നെ നേരിട്ടെത്തിയിരുന്നു. പക്ഷേ, 100% തീരുവ ചുമത്തേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ബില്ലിനെ സമ്മർദതന്ത്രമായി ട്രംപ് ഉപയോഗിച്ചേക്കാം.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
യുഎസിന്റെ ബില്ലിനെ ഇന്ത്യ കരുതലോടെയാണ് നോക്കുന്നത്. ഇതിന് ചില കാരണങ്ങളുമുണ്ട്. ഒന്ന്, 100% അധികത്തീരുവ ചുമത്തിയാൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ അത് അതീവ ഗുരുതരമായി ബാധിക്കും. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. കയറ്റുമതിയിൽ ഇന്ത്യൻ കമ്പനികൾക്ക് മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കുമേലുള്ള മേൽക്കൈ പോകും. ഇന്ത്യൻ കമ്പനികളുടെ വരുമാനം കൂപ്പുകുത്തും. കേരളത്തിൽ നിന്നുള്ള സമുദ്രോൽപന്നം, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രം തുടങ്ങിയവയുടെ കയറ്റുമതിയെ ബാധിക്കും.
രണ്ട്, നേരത്തേ 50% തീരുവ ചുമത്തിയപ്പോൾതന്നെ ഇന്ത്യയും യുഎസും തമ്മിലെ ബന്ധം ഉലഞ്ഞിരുന്നു. മോദിയും ട്രംപും തമ്മിലെ സൗഹൃദവും പാളി. 100% തീരുവ ഏർപ്പെടുത്തിയാൽ ബന്ധം കൂടുതൽ മോശമാകും. മൂന്ന്, ഇന്ത്യയും യുഎസും തമ്മിലെ ഉഭയകക്ഷി വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനിടെ, ഇടിത്തീപോലെ തീരുവ വരുന്നത് കരാറിനുള്ള സാധ്യതതന്നെ മങ്ങാനിടയാക്കും.
നാല്, കഴിഞ്ഞമാസം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ ഏതാണ്ട് 55 ശതമാനവും എത്തിയത് റഷ്യയിൽ നിന്നാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കൂട്ടിയത്. ഇതിനിടെ അധികത്തീരുവയും ഉപരോധഭീഷണിയും ഉയരുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിച്ചേക്കാം. ഇത് രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് വഴിവയ്ക്കാം. നിലവിൽ യുഎസ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ചുമത്തുന്ന തീരുവ 10 ശതമാനമാണ്.
യുഎസിന്റെ എൽപിജി ആയുധമാക്കാൻ ഇന്ത്യ?
ഇന്ത്യയുടെ മൊത്തം എൽപിജിയിൽ 67 ശതമാനവും ഇപ്പോൾ യുഎസിൽ നിന്നുള്ള ഇറക്കുമതിയാണ്. ജൂണിൽ മാത്രം 10 ലക്ഷം ടൺ യുഎസ് എൽപിജി ഇന്ത്യ വാങ്ങിയിരുന്നു. ഇതും വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും ചൂണ്ടിക്കാട്ടി അധികത്തീരുവ ഒഴിവാക്കണമെന്ന വാദം ഇന്ത്യ ഉയർത്തിയേക്കും. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ നടക്കുന്നതും ഇന്ത്യ ചൂണ്ടിക്കാട്ടിയേക്കും.
എന്താണ് 100% തീരുവ കൊണ്ടുദ്ദേശിക്കുന്നത്?
ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് 100% അധികത്തീരുവ കൂടി ബാധകമാക്കും. അതായത്, ഇന്ത്യൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർ ഇരട്ടിയിലധികം വില നൽകേണ്ട അവസ്ഥവരും. ഇതു ഫലത്തിൽ, ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങേണ്ടെന്ന നിലപാടിലേക്ക് യുഎസ് ഉപഭോക്താക്കളെ എത്തിച്ചേക്കാം. പുതിയ ഓർഡറുകൾ കിട്ടാതെ ഇന്ത്യൻ കമ്പനികൾ പ്രതിസന്ധിയിലാകും. അവസരം മുതലെടുത്ത് മറ്റ് രാജ്യങ്ങൾ യുഎസ് വിപണിയിലേക്ക് വ്യാപകമായി കടന്നുകയറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.