അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ പോയ യു.എ.ഇ.യുടെ എണ്ണക്കപ്പൽ ഇറാൻ ആക്രമിച്ചു. ആളപായമില്ല. യു.എ.ഇ.യുടെ ദേശീയ എണ്ണക്കമ്പനിയായ ‘അഡ്‌നോക്കി’ന്റെ കപ്പലിനാണ് ശനിയാഴ്ച രാവിലെ മിസൈലേറ്റത്.
ആഗോളതലത്തിലെ തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുസംബന്ധിച്ച ഇറാൻ-ഒമാൻ കരാർ അന്തിമഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് സംഭവം. ഹോർമുസ് ഉടൻ തുറക്കുമെന്നും ഈയാഴ്ചയോടെ കപ്പൽനീക്കം സാധ്യമാകുമെന്നും യു.എസ്. അറിയിച്ചിരുന്നു.
യു.എൻ. രക്ഷാസമിതിപ്രമേയം 2817-ന്റെ വ്യക്തമായ ലംഘനമാണ് കപ്പലാക്രമണമെന്ന് യു.എ.ഇ. ആരോപിച്ചു. സ്വതന്ത്ര സമുദ്രഗതാഗതം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്രപാതകളിൽ വാണിജ്യക്കപ്പലുകളെ ലക്ഷ്യമിടുന്നത് എതിർക്കുന്നതുമാണ് ഈ പ്രമേയം. ഇറാന്റെ ഇസ്‍ലാമിക് റെവലൂണറി ഗാർഡ് വാണിജ്യക്കപ്പലുകളെ ആക്രമിക്കുകയും ഹോർമുസ് കടലിടുക്കിനെ സമ്മർദത്തിനും സാമ്പത്തികഭീഷണിക്കുമുള്ള ഉപാധിയായി ഉപയോഗിക്കുകയുംചെയ്യുന്നത് കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യു.എ.ഇ. പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ ഇതുവരെ തങ്ങളുടെ 15 എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടെന്ന് ‘അഡ്‌നോക് ’ അറിയിച്ചു. ഈയാഴ്ചമാത്രം മൂന്നെണ്ണം ആക്രമണത്തിനിരയായി.
ഫെബ്രുവരി 28-നാരംഭിച്ച പശ്ചിമേഷ്യായുദ്ധം പിന്നീട് ഹോർമുസ് കടലിടുക്കിന്റെ അവകാശം സംബന്ധിച്ച സംഘർഷമായി പരിണമിച്ചിരുന്നു. ജൂൺ 17-ന് നിലവിൽവന്ന യു.എസ്.-ഇറാൻ ഇടക്കാല വെടിനിർത്തൽക്കരാർ ശാശ്വതമാക്കുന്നതിനുള്ള ശ്രമങ്ങൾ ഹോർമുസിലെ കപ്പലാക്രമണവുമായി ബന്ധപ്പെട്ടാണ് തുലാസിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.