ദുബായ്: മാതൃത്വത്തിന്റെ നോവും പേറി ഒരു മലയാളി അമ്മ യുഎഇയുടെ മണ്ണിൽ കണ്ണീരൊഴുക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
രണ്ടു വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ തന്റെ മകൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമെന്ന ഒറ്റ പ്രതീക്ഷയിലാണ് ഈ അൻപതുകാരി ദുരിതങ്ങളുടെ കയ്പുനീർ കുടിച്ച് കഴിഞ്ഞ ഒരു വർഷമായി ദുബായിൽ കഴിയുന്നത്. വയനാട് വൈത്തിരി പൊഴുതന ആറാം മൈൽ സ്വദേശിനിയായ ജാസ്മിൻ എന്ന ഈ അമ്മയുടെ കഥ കേൾക്കുന്ന ഏവരുടെയും കണ്ണുനിറയ്ക്കും.ദുബായ് അൽ നഹ്ദയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്താണ് ഇവർ ഇപ്പോൾ ജീവിക്കുന്നത്. കഠിനമായ അധ്വാനത്തിനിടയിലും അവരുടെ മനസ്സ് നിറയെ രണ്ടാമത്തെ മകൻ അഫ്സലിനെക്കുറിച്ചുള്ള ഓർമകളാണ്. ഇരുപത്തിയെട്ടുകാരനായ അഫ്സലിനെ 2024 മാർച്ച് അഞ്ചിനാണ് കാണാതാകുന്നത്. ദുബായ് വർഖയിലെ ജോലിസ്ഥലത്തുനിന്ന് ഷാർജയിലുള്ള ഒരു സുഹൃത്തിനെ കാണാൻ പോയതായിരുന്നു അഫ്സൽ. എന്നാൽ അവിടെനിന്നും മകൻ മടങ്ങിവന്നില്ല. അതോടെ ആ അമ്മയുടെ ജീവിതത്തിലെ സമാധാനവും ഇല്ലാതായി.
ക്രൂരമായ വഞ്ചനകൾക്കിടയിലും തളരാത്ത അലച്ചിൽ പിന്നീട് അഫ്സലിനെക്കുറിച്ച് വിവരമൊന്നുമില്ലാതിരുന്ന സാഹചര്യത്തിലാണ്, ദുബായിൽ കണ്ടെത്തിയ ഒരു അജ്ഞാത മൃതദേഹം അഫ്സലിന്റേതാണോ എന്ന് തിരിച്ചറിയാൻ പൊലീസ് ആവശ്യപ്പെടുന്നത്. ആ വിളി വന്നതോടെ നെഞ്ചുരുകി, വലിയ ഭയത്തോടെയാണ് കഴിഞ്ഞവർഷം ജാസ്മിൻ യുഎഇയിൽ എത്തിയത്.
എന്നാൽ ഭാഗ്യമെന്നു പറയട്ടെ, അത് അഫ്സലല്ലെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. പിന്നീട് മറ്റൊരു മൃതദേഹവും ഇതുപോലെ പരിശോധിച്ചു അല്ലെന്ന് തിരിച്ചറിഞ്ഞു. മകൻ എവിടെയോ സുരക്ഷിതനായി ഇരിപ്പുണ്ടെന്ന ഉറച്ച വിശ്വാസം അതോടെ ആ അമ്മയുടെ മനസ്സിൽ വളർന്നു. മകനെ കണ്ടെത്താതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് ഉറപ്പിച്ച്, ഒരു തൊഴിൽ വീസ സംഘടിപ്പിച്ച് അവർ ഇവിടെത്തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, മകനെ നഷ്ടപ്പെട്ട ആ അമ്മയുടെ സങ്കടത്തെപ്പോലും ചൂഷണം ചെയ്യാൻ ചില ക്രൂരമനസ്സുകൾ തുനിഞ്ഞു എന്നതാണ് ഏറെ സങ്കടകരമായ വസ്‌തുത. തന്നെ സഹായിക്കാമെന്ന് പറഞ്ഞ് സാമൂഹികപ്രവർത്തകരാണെന്ന വ്യാജേന എത്തിയ ചിലർ പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും തന്നോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും ചെയ്തതായി ജാസ്മിൻ വേദനയോടെ തുറന്നുപറഞ്ഞു.
അപരിചിതമായ ഈ വലിയ നഗരത്തിൽ ഒന്നിനുപുറകെ ഒന്നായി പ്രതിസന്ധികളും ചതിക്കുഴികളും നേരിടുമ്പോഴും തന്റെ മകൻ ഒരുനാൾ അരികിലേക്ക് ഓടിയെത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഈ അമ്മയെ മുന്നോട്ട് നയിക്കുന്നത്. മകനെക്കുറിച്ചുള്ള എന്തെങ്കിലും ഒരു ചെറിയ വിവരം എവിടെനിന്നെങ്കിലും ലഭിക്കുമെന്ന കാത്തിരിപ്പിലാണ് ജാസ്മിൻ ഇന്നും ഓരോ ദിവസവും തള്ളിനീക്കുന്നത്.
ഷാർജയിൽ സുഹൃത്തിനെ കാണാൻ ചെന്നു, പിന്നീട് സംഭവിച്ചത്... കൂലിപ്പണിക്കാരനായ യാഖൂബിന്റെ ഭാര്യയാണ് ജാസ്മിൻ. മൂന്ന് മക്കളെ വളരെ കഷ്ടപ്പെട്ടാണ് വളർത്തി വലുതാക്കിയത്. മൂത്തമകൻ മുഹമ്മദ് ജാസിർ(30) സൗദി അറേബ്യയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു. രണ്ടാമത്തേതാണ് അഫ്സൽ. മൊബൈൽ റിപ്പയറിങ്ങും ഫൊട്ടോഗ്രഫിയും പഠിച്ചിട്ടുള്ള അഫ്സൽ പക്ഷേ, ദുബായിൽ ചെയ്തത് വർഖയിലെ ഒരു സലൂൺ-ജെന്റ്സ് ബ്യൂട്ടി പാർലറിൽ ഹെയർ ഡ്രസിങ് ജോലിയായിരുന്നു. ഇളയ മകൾ അഫ്ന വിവാഹിതയാണ്.
2022ൽ തന്റെ 24-ാം വയസിലാണ് ജോലി തേടി യുഎഇയിലെത്തിയത്. കുടുംബത്തിന് അത്താണിയാകുകയും തനിക്ക് നല്ലൊരു ഭാവി ജീവിതം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. രണ്ട് വർഷം സലൂണിൽ ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് മടങ്ങി. കുറച്ച് കാലം നാട്ടിൽ നിന്ന് പുതിയ ജോലിയിൽ പ്രവേശിക്കാൻ വേണ്ടി 2024 ഫെബ്രുവലിയിൽ വീണ്ടും സന്ദർശക വീസയിൽ യുഎഇയിലെത്തി.
എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജ്സ്മിനെ അഫ്സൽ ഫോൺ വിളിക്കുമായിരുന്നു. കാണാതാകുന്നതിന് തലേന്നും ഉമ്മയുമായി യുവാവ് ഫോണിലൂടെ സംസാരിച്ചിരുന്നു. താൻ ഷാർജയിൽ സുഹൃത്ത് സുഹൈലിനടുത്തേയ്ക്ക് പോവുകയാണെന്നാണ് അറിയിച്ചത്. ഇതിന് ശേഷം ഇന്നലെ(ഞായർ) വരെ മകനെ ഫോണിൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജാസ്മിൻ പറയുന്നു.അഫ്സലിന്റെ മൊബൈൽ അതിൽപ്പിന്നെ സ്വിച്ച് ഓഫാണ്.
വാട്സാപ്പിലും ബന്ധപ്പെടാൻ കഴിയുന്നില്ല. എന്നാൽ പിന്നീട് മാർച്ച് 11ന് മൊബൈൽ ഫോൺ ഓണാവുകയും വാട്സാപ്പ് മെസേജുകളെല്ലാം റീഡാവുകയും ചെയ്തിരുന്നു. ഇതുകണ്ട് ജാസ്മിൻ ഉടൻ മെസേജുകളയച്ചെങ്കിലും അപ്പോൾ തന്നെ മകന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. സുഹൈലുമായി ജാസ്മിൻ ബന്ധപ്പെട്ടപ്പോൾ, അഫ്സലിന്റെ കാര്യത്തിന് ഇനി തന്നെ വിളിക്കരുതെന്നായിരുന്നു മറുപടി.
ഇതോടെ നിരാശയും ദുഃഖവും ആശങ്കയുമായി കഴിഞ്ഞിരിക്കവെയാണ് സൗദിയിലുള്ള മകൻ ജാസിർ യുഎഇയിലെത്തി റാഷിദിയ്യ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നും വന്ന് തിരിച്ചറിയണമെന്നും പറഞ്ഞ് ഷാർജ പൊലീസ് അറിയിച്ചതനുസരിച്ച് സഹോദരൻ റസാഖിനോടൊപ്പമാണ് ജാസ്മിൻ യുഎഇയിലെത്തിയത്. റസാഖ് പിന്നീട് 10 ദിവസത്തിന് ശേഷം റസാഖ് നാട്ടിലേയ്ക്ക് തിരിച്ചുപോയി.
മടക്കം മകനോടൊപ്പം മാത്രം മകനെ തിരിച്ചുകിട്ടാതെ നാട്ടിലേയ്ക്ക് പോകില്ലെന്ന് തീരുമാനിച്ചായിരുന്നു ജാസ്മിൻ ദുബായിൽ നിന്നത്. ഇതിനിടെ പ്രശ്നത്തിൽ ഇടപെട്ട കന്തൂറ(അറബ് വേഷം) ധാരിയും സാമൂഹിക പ്രവർത്തകൻ എന്ന പേരിൽ നടക്കുന്നയാളുമായ മലയാളി ജാസ്മിനെ ദ്രോഹിക്കാനാണ് മുതിർന്നത്.
അഫ്സൽ ഒരു കേസിൽപ്പെട്ട് ജയിലിലാണെന്നും പുറത്തിറക്കാൻ തനിക്ക് 8 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ ജാസ്മിനെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വോയിസ് മെസേജുകൾ ജാസ്മിൻ ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട്.മകനെ കണ്ടെത്താതെ താൻ നാട്ടിലേയ്ക്ക് പോകില്ലെന്നാണ് ജാസ്മിൻ തീരുമാനിച്ചിട്ടുള്ളത്.
അഫ്സലിനെ കാണാതായതിന് പിന്നിൽ പലരെയും ഇവർക്ക് സംശയമുണ്ട്. ഇതെല്ലാം പൊലീസിൽ അറിയിച്ചിട്ടുമുണ്ട്. അതേസമയം, ജാസ്മിന് നാട്ടിൽ നിന്ന് യുഎഇയിലേയ്ക്ക് വരാനും അഫ്സലിന് വേണ്ടി അന്വേഷണം നടത്താനും സഹായം നൽകിയ കെഎംസിസി പ്രവർത്തകൻ യാസിറിന് ഇതിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തിയതായും ജാസ്മിൻ പറയുന്നു.
എന്റെ മകന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ട്. അത് കണ്ടെത്താതെ ഞാൻ മടങ്ങില്ല-ജാസ്മിൻ ഉറച്ച ശബ്ദത്തിൽ പറയുന്നു. അഫ്സലിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ +971 50 897 1367 എന്ന നമ്പരിൽ ബന്ധപ്പെടാൻ അഭ്യർഥിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.